- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് അക്കാദമിയിലെ ആംഫി തിയേറ്റർ നിർമ്മാണവും വെഹിക്കിൾ ഷെഡ്ഡ് നവീകരണവും സർക്കാരിനെ അറിയിച്ചില്ല; നിർമ്മാണ ചെലവ് വഹിച്ചത് തുക വകമാറ്റിയും; ഗുരുതര ക്രമക്കേടും ധൂർത്തുമെന്ന് ആഭ്യന്തര വകുപ്പ്; ഡിജിപിയെ ശാസിച്ച് വകുപ്പിന്റെ കത്ത്; ചട്ടലംഘനത്തിന്റെ ഉത്തരവാദിത്വം തലപ്പത്ത് ഇരിക്കുന്നവർക്ക് എന്നും താക്കീത്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഫണ്ട് വിനിയോഗത്തിൽ ഗുരുതര ക്രമക്കേടും ധൂർത്തും. ഈ വിഷയത്തിൽ പൊലീസ് മേധാവിയെ ആഭ്യന്തര വകുപ്പ് ശാസിച്ചു. ഫണ്ട് വകമാറ്റിയതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്. പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് വിമർശനം. സർക്കാരിന്റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ വിമർശിച്ചത്. നിരന്തരമായി അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വിമർശിച്ചു. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്.
സർക്കാർ അനുമതിയില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്കായി പൊലീസ് ലക്ഷങ്ങൾ ചെലവാക്കിയതാണ് വിവാദമായിരിക്കുന്നത്. വഴിവിട്ട ധനവിനിയോഗത്തിന്റെ ഉത്തരവാദിത്വം. ഡിജിപിക്കാണെന്ന് സർക്കാർ കുറ്റപ്പെടുത്തി. സംസ്ഥാന പൊലീസ് അക്കാദമിയിലെ പച്ചക്കറിത്തോട്ടത്തിന്റെ മതിലിന്റെ ഉയരം കൂട്ടുന്നതിനായി 24 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ഈ നിർമ്മാണം പൂർത്തിയായപ്പോൾ നാല് ലക്ഷം രൂപ ബാക്കിവന്നു. ആ തുകയും നേരത്തെ മെസ്സ് ഹാൾ നവീകരണത്തിനായി അനുവദിച്ച തുകയിൽ നിന്ന് ബാക്കിയായ നാല് ലക്ഷം രൂപയും ഉപയോഗിച്ച് പൊലീസ് അക്കാദമിയിൽ ആംഫി തീയറ്റർ പണിയുന്നതിനുള്ള അനുമതി സംസ്ഥാന പൊലീസ് മേധാവി സ്വമേധയാ നൽകി. ഇത് സർക്കാരിനെ അറിയിച്ചില്ല. ഈ നിർമ്മാണത്തിന് ശേഷം ബാക്കിയായ ഒരു ലക്ഷത്തോളം രൂപ പൊലീസ് അക്കാദമിയിൽ തന്നെയുള്ള വെഹിക്കിൾ ഷെഡ്ഡിന്റെ നവീകരണത്തിനായി ഉപയോഗിക്കാനും പൊലീസ് മേധാവി അനുമതി നൽകി. ഇതും സർക്കാർ അറിയാതെയായിരുന്നു.
പിന്നീട് ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടി പൊലീസ് മേധാവി സർക്കാരിന് കത്തയച്ചു. ഇതിന് ആഭ്യന്തര വകുപ്പ് നൽകിയ മറുപടി കത്തിലാണ് പൊലീസ് മേധാവിക്കെതിരെ രൂക്ഷമായ വിമർശനമുള്ളത്. പലതവണ പൊലീസിന്റെ ഭാഗത്ത് നിന്ന് ഈ രീതിയിൽ ചട്ടലംഘനം നടന്നിട്ടുള്ളതായി കത്ത് വ്യക്തമാക്കുന്നു.
ഏത് പദ്ധതിയായാലും പ്ലാനും എസ്റ്റിമേറ്റും നൽകി അതിന് സർക്കാരിൽ നിന്ന് അനുമതി നേടിയിരിക്കണം എന്നാണ് ചട്ടം. അതിന് അനുവദിക്കുന്ന തുക ആ പദ്ധതിക്ക് വേണ്ടി മാത്രമുള്ളതാണ്. അനുവദിച്ച ഫണ്ടിൽ ബാക്കി വന്നാൽ അത് മറ്റ് പദ്ധതികൾക്ക് സർക്കാർ അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ല. അങ്ങനെ ബാക്കി തുക വന്നാൽ അത് റവന്യൂ വകുപ്പിലേക്ക് തിരിച്ചടയ്ക്കണം. ഇത് പാലിക്കാൻ പൊലീസിന് ബാധ്യതയുണ്ട്. അല്ലാത്തപക്ഷം, ചട്ടലംഘനത്തിന്റെ പൂർണ ഉത്തരവാദിത്വം പദ്ധതികൾക്ക് അനുമതി നൽകിയ പൊലീസ് മേധാവിക്കും ബന്ധപ്പെട്ടമറ്റ് ഉദ്യോഗസ്ഥർക്കുമാണെന്ന് സർക്കാർ കത്തിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ