ലണ്ടന്‍: ബ്രിട്ടനില്‍ വീടില്ലാത്തവര്‍ അനേക ലക്ഷങ്ങളാണ്. ഇപ്പോള്‍ തെരുവുകളില്‍ അന്തി ഉറങ്ങുന്നവരെ കുറിച്ചാണ് സര്‍ക്കാര്‍ ഏറെയും പ്രയാസപ്പെടുന്നതും. വിപണിയില്‍ വീടുകളുടെ ലഭ്യത കുറഞ്ഞതോടെ സാധാരണക്കാര്‍ക്ക് വീടുകള്‍ വാങ്ങാനാകുന്നില്ല എന്ന പരാതിയും ഏറെ ശക്തമാകുകയാണ്. വീടുകള്‍ അധികമായി വിപണിയില്‍ എത്താത്തതിന് സര്‍ക്കാരിന്റെ നയങ്ങള്‍ അടക്കം വിമര്‍ശനവും നേരിടുന്ന കാലമാണ്. ഇതൊക്കെ നയപരമായി കൈകാര്യം ചെയ്യാന്‍ മുതിര്‍ന്ന നയവിദഗ്ധര്‍ തന്നെ രംഗത്തുണ്ടെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ വിരളമാണ്. എന്നാല്‍ മധ്യവയസിലേക്ക് നീങ്ങുമ്പോഴും ചുറുചുറുക്കുള്ള കൗമാരക്കാരിയെ പോലെ നിരന്തരം യൂണിവേഴ്‌സിറ്റികളില്‍ നിന്നും കോഴ്‌സുകള്‍ പാസാകാന്‍ സമയം കണ്ടെത്തുന്ന മോട്ടിവേറ്ററും പരിശീലകയും ആയ ക്രോയ്ഡോന്‍ മലയാളി ഹണി പ്രേംലാല്‍ ഈ രംഗത്ത് അത്ഭുതങ്ങള്‍ കാട്ടാന്‍ ഒരുങ്ങുകയാണ്. പ്രായമേറെ ചെന്നിട്ടും നിരന്തരം പഠിക്കാന്‍ തയാറായ 'അമ്മ തന്നെയാണ് എന്നും ഹണിയുടെ റോള്‍ മോഡല്‍. ഹണി ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ ആദ്യ ബിരുദധാരി ആയിരുന്നതും 'അമ്മ തന്നെയാണ് എന്നത് മകള്‍ എന്ന നിലയില്‍ എന്നും അഭിമാനമാണെന്ന് ഇപ്പോള്‍ ബ്രിട്ടീഷുകാര്‍ തങ്ങള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നത്തിന് പരിഹാരം തേടുമ്പോള്‍ പ്രതീക്ഷയോടെ നോക്കുന്ന ഈ വര്‍ക്കലക്കാരി പറയുന്നു.

ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൗസിങ് എന്ന പ്രൊഫഷണല്‍ കൂട്ടായ്മയുടെ വൈസ് പ്രെസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ മത്സരത്തില്‍ പങ്കെടുത്ത ഏക ഏഷ്യന്‍ വംശജ കൂടിയാണ് ഹണി പ്രേംലാല്‍. ആകെ മൂന്നു പേരുള്ള മത്സരത്തില്‍ വാശിയേറിയ പോളിങ് ഇന്നലെയാണ് അവസാനിച്ചത്. വൈസ് പ്രെസിഡന്റ് ആയി ഒരു വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്വാഭാവികമായും തുടര്‍ന്നുള്ള വര്‍ഷം പ്രസിഡന്റ് ആയി നിയമിക്കപെടും. ഇന്ന് ഫലപ്രഖ്യാപനം വരുമ്പോള്‍ ഹണി ജയിച്ചു കയറിയാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യം ഈ പദവിയില്‍ എത്തുന്ന ഏഷ്യന്‍ വംശജയും ഈ മലയാളി തന്നെയാകും. ഒരു മാസം നീണ്ടു നിന്ന വോട്ടെടുപ്പിലൂടെയാണ് സി ഐ എച്ചിലേക്കുള്ള വൈസ് പ്രെസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. വൈസ് പ്രെസിഡന്റ്് ആയി ചുമതലകള്‍ മനസിലാക്കിയ ശേഷമാണ് ഒരു വര്‍ഷം കഴിയുമ്പോള്‍ സ്വാഭാവികമായി പ്രസിഡന്റ് ആയി മാറുക.

എന്താണ് സിഐഎച്? കവന്‍ട്രി കേന്ദ്രമായി മാറിയതെങ്ങനെ?

ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൗസിങ് എന്നത് ഭവന നിര്‍മാണ, നയ രൂപീകരണ രംഗത്തെ 17000 പ്രൊഫഷണലുകള്‍ക്ക് അംഗത്വം ഉള്ള സംഘടനയാണ്. കഴിഞ്ഞ നാല്പത് വര്‍ഷമായി രാജകീയ പ്രൗഢിയുടെ കൂടി ഭാഗമാണ് സി ഐ എച്. വിദേശത്തു നിന്നുള്ള പ്രൊഫഷണലുകളും ഈ സംഘടനയുടെ ഭാഗമാണ്. യുകെയില്‍ ജനങ്ങള്‍ വീടുകള്‍ സ്വന്തമാകാനാകാതെ വിഷമിച്ചു വാടകക്ക് പോലും പ്രയാസപ്പെട്ട നാളുകളില്‍ രൂപം കൊണ്ട ചാരിറ്റി പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സിഐഎച്ചിന്റെ പ്രാഗ് രൂപം. ആദ്യ കാലങ്ങളില്‍ തൊഴിലാളികളും സാധാരണക്കാരും ആയിരുന്നു സി ഐ എച്ചിന്റെ സഹായം തേടി എത്തിയിരുന്നത് എന്നതിനാല്‍ സംഘടനാപരമായ കാര്യങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ആളെ കിട്ടിയിരുന്നത് കവന്‍ട്രിയില്‍ ആയതിനാല്‍ ഇന്നും ഈ സംഘടനയുടെ കേന്ദ്ര ആസ്ഥാനം കവന്‍ട്രി തന്നെയാണ്. ഒട്ടേറെ സര്‍ക്കാര്‍, പ്രാദേശിക കൗണ്‍സിലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ സിഐ എച്ചിന് നിയമപരമായ എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്യാനാകും. ലണ്ടന്‍ , കാര്‍ഡിഫ് , ബെല്‍ഫാസ്റ്റ് , എഡിന്‍ബറ എന്നി ഓഫിസുകള്‍ കൂടാതെ ഹോങ്കോങ് , ടൊറന്റോ എന്നിവടങ്ങളിലേക്ക് കൂടി വ്യാപിച്ചു കിടക്കുന്നതാണ് സി ഐ എച്.

കെമിസ്ട്രിയില്‍ ബിരുദം, മാസ്റ്റേഴ്സ് ബയോ കെമിസ്ട്രിയില്‍, ലീഡര്‍ഷിപില്‍ എംബിഎ, ഹാര്‍വാര്‍ഡില്‍ നിന്നും പരിശീലന യോഗ്യതയും, മലയാളി സ്ഥാപനങ്ങള്‍ക്കും ഹണിയുടെ സേവനം തേടാം

കെമിസ്ട്രിയില്‍ ബിരുദം നേടി ഒരു ടെക്നിക്കല്‍ ജോലി കൊണ്ട് തൃപ്തയാകേണ്ട വനിതയാണ് ഇന്ന് ബ്രിട്ടീഷുകാര്‍ക്കും ലോകമെങ്ങും ഉള്ള പ്രൊഫഷണലുകള്‍ക്കും നടുവില്‍ തലയെടുപ്പോടെ നിവര്‍ന്നു നില്‍ക്കുന്നത്. വ്യക്തിവികസന കോഴ്‌സുകളിലും നേതൃത്വ പരിശീലന പദ്ധതികളിലും ഭാഗമായി എംബിഎ പഠനവും അനവധി യോഗ്യത പരിശീലനവും നേടിയാണ് ഹണി ഭവന രംഗത്തെ സാധ്യതകളില്‍ ചുവടുറപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും യോഗ്യത നേടിയ ഈ വനിതാ ഇപ്പോഴും തുടര്‍ പഠനം നടത്തുകയാണ്. ഹൗസിങ് നിയമവും പോളിസിയും എന്ന പഠന പദ്ധതിയില്‍ ചേര്‍ന്നിരികുന്ന ഹണി ലൈഫ് കോച്ചിങ്, കോര്‍പറേറ്റ് ആന്‍ഡ് എക്സികുട്ടീവ് കോച്ചിങ് പ്രോഗ്രാമും കരിയറിന്റെ ഭാഗമായി ചെയുന്നുണ്ട്. ഇത്തരം യോഗ്യതകള്‍ ഉള്ളവര്‍ വിരളം ആണെന്നതിനാല്‍ ബിസിനസ് രംഗത്ത് ജീവനക്കാരെ മോട്ടിവേറ്റ് ചെയ്യാനും പരിശീലനം നല്‍കാനും ഒക്കെ ഹണിയുടെ സേവനം തേടണം എന്നാഗ്രഹിക്കുന്ന മലയാളി സ്ഥാപനങ്ങള്‍ക്കും വളര്‍ച്ചിലേക്കുള്ള വഴിയില്‍ ഈ പ്രൊഫഷണല്‍ തണലൊരുക്കുക തന്നെ ചെയ്യും. ഇന്റര്‍നാഷണല്‍ കോച്ചിങ് ഫെഡറേഷന്റെ ക്വാളിഫൈ ചെയ്ത പരിശീലകയുമാണ് ഹണി പ്രേംലാല്‍.

ഭവന രംഗത്തെ മൂന്നു പതിറ്റാണ്ട് നിറഞ്ഞ സേവന മഹിമ, ടോറികളുടെ കണ്ണിലും ഹണി ഉടക്കിയത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍

ഒരൊറ്റ ദിവസം കൊണ്ട് സംഭവിച്ച മാജിക്കല്ല ഇന്ന് കാണുന്ന ഹണിയുടെ കരിയര്‍ പ്രൊഫൈല്‍. മൂന്നു പതിറ്റാണ്ട് ഭവന മേഖലയുമായി ബന്ധപ്പെട്ടു എക്സിക്യൂട്ടീവ് ജോലികള്‍ മുതല്‍ മാനേജിങ് ഡയറക്ടര്‍ പോസ്റ്റില്‍ വരെ ജോലി ചെയ്ത അനുഭവ പരിചയമാണ് ഹണിയെ സിഐഎച് വൈസ് പ്രസിഡന്റ് സ്ഥാനത്തു വരെ എത്തിച്ചത്. ഇക്കഴിഞ്ഞ ബ്രിട്ടീഷ് പൊതു തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരിഗണിച്ച പേരുകളില്‍ ഒന്ന് ഹണിയുടേത് ആയിരുന്നെങ്കിലും ലേബര്‍ പാര്‍ട്ടി തൂത്തു വരുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടു താല്പര്യമില്ലാതെ പിന്‍വാങ്ങുക ആയിരുന്നു. ഹണിയുടെ പേര് വെളിപ്പെടുത്താതെ ഒരു മലയാളി കൂടി മത്സര രംഗത്തുണ്ടാകാന്‍ സാധ്യത ഉണ്ടെന്നു ടോറികളില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്.

ഹണി പ്രേംലാല്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ സ്വന്തമായൊരു സ്ഥാപനവും ഈ വനിതയ്ക്കുണ്ട്. പ്രധാനമായും പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്. എല്‍ഡണ്‍ ഹൗസിങ് അസോസിയേഷന്‍ ചെയര്‍, വുമണ്‍ ഇന്‍ സോഷ്യല്‍ ഹൗസിങ് ലണ്ടന്‍ ചെയര്‍ ,സോമര്‍സെറ്റ് കോ ഓപ്പറേറ്റീവ് കമ്മ്യുണിറ്റി ലാന്‍ഡ് ട്രസ്റ് ബോര്‍ഡ് മെമ്പര്‍ , ട്രിനിറ്റി ഹൗസിങ് അസോസിയേഷന്‍ ബോര്‍ഡ് അംഗം, സി ഐ എച് റീജിയന്‍ ഗ്രൂപ്പ് അംഗം തുടങ്ങി നിരവധി രംഗങ്ങളില്‍ ഒരേ സമയം സാന്നിധ്യമാണ് ഹണി.

പ്രതീക്ഷകളോടെ ബ്രിട്ടനില്‍, മലയാളം മീഡിയത്തില്‍ പഠിച്ച ഇംഗ്ലീഷറിയാത്ത രണ്ടു പോസ്റ്റ് ഗ്രഡേഷന്‍ ഉടമക്ക് ജോലിയില്ല; ഒടുവില്‍ സായിപ്പിനെ പരിശീലിപ്പിച്ചെടുക്കുന്ന പദവിയില്‍

മുപ്പതു വര്‍ഷം മുന്‍പ് വിവാഹത്തോടെ യുകെയില്‍ എത്തിയ ഹണി ഒട്ടേറെ പ്രതീക്ഷകളോടെയാണ് വിമാനമിറങ്ങിയത്. ഗോവയില്‍ അടക്കം പഠിച്ച തനിക്ക് മികച്ച ജോലി കിട്ടും എന്നായിരുന്നു ആ പ്രതീക്ഷ. എന്നാല്‍ മികച്ചത് പോയിട്ട് ഒരു സാദാ അഡ്മിന്‍ ജോലി പോലും ലഭിച്ചില്ല, കാരണം ഇംഗ്ലീഷ് വടിവൊത്ത നിലയില്‍ സംസാരിക്കില്ല.ഇതിനിടയില്‍ ആദ്യ മകള്‍ പ്രിയയുടെ ജനനം. അനേകം വാതിലുകള്‍ തട്ടിനോക്കി, ഒടുവില്‍ ജോബ് സെന്റര്‍ മുഖേനെ രണ്ടാഴ്ചത്തേക്ക് ഒരു ജോലി ലഭിച്ചു. അതൊരു ഹൗസിങ് സൊസൈറ്റി ആയിരുന്നു. അവിടെ നിന്നുള്ള തുടക്കമാണ് ഇന്നത്തെ ഹണിയെ പരുവപ്പെടുത്തിയത്. പൊതു മേഖല സ്ഥാപനം എന്ന നിലയില്‍ മറ്റൊരു ജോലിയിലും അധികം വൈകാതെ എത്തി. അപ്പോഴേക്കും രണ്ടാമത്തെ മകള്‍ മനീഷയും പിറന്നു.

എന്നാല്‍ രണ്ടു മക്കളെ നോക്കി കിട്ടിയ ജോലിയുമായി പരുവപെപ്പടുക ആയിരുന്നില്ല ഹണി, വെസ്റ്റ് മിനിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഈവനിംഗ് കോഴ്‌സിന് ചേര്‍ന്ന് ഹൗസിംഗില്‍ എംഎ ലോ ആന്‍ഡ് പോളിസി പൂര്‍ത്തിയാക്കി. ഈ ഘട്ടത്തില്‍ ഒക്കെ റയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് പ്രേംലാല്‍ ആണ് തുണയായി കട്ടയ്ക്ക് കൂടെനിന്നത്. അതിനു ശേഷം തൊഴില്‍ രംഗത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല. 2003ല്‍ തന്നെ മാനേജര്‍ പദവിയിലെത്തി .തുടര്‍ന്ന് വകുപ്പ് മേധാവി, അസിസ്റ്റന്റ് ഡയറക്ടര്‍, ഡയറക്ടര്‍ തുടങ്ങി ബ്രിട്ടീഷുകാര്‍ കുത്തകയാക്കി വച്ചിരുന്ന ഓരോ പദവികളും ഹണിയെ കാത്തിരിക്കുക ആയിരുന്നു.

പഠനത്തിന് അവധി കൊടുക്കാന്‍ തയ്യാറാകാതിരുന്ന ഹണി 2012 വെസ്റ്റ് മിനിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തന്നെ എംബിഎ പൂര്‍ത്തിയാക്കി . ആദ്യം ജോലി ചെയ്ത സ്ഥലം മുതല്‍ സിഇഓ ആയ വനിതാ ഉദ്യോഗസ്ഥയുടെ അടക്കമുള്ളവരുടെ സഹായവും പ്രോത്സാഹനവും ചെറുതായിരുന്നില്ല. പിന്നീട് ഈ സ്ഥാപനത്തെ നിയത്രിക്കുന്ന ബോര്‍ഡില്‍ പഴയ സി ഇ ഓ അതേ കസേരയില്‍ ഇരിക്കുമ്പോള്‍ ഹണി അവര്‍ക്ക് മുകളില്‍ ബോര്‍ഡിലെത്തി. തുടര്‍ന്ന് ചെയര്‍ വിരമിച്ചപ്പോള്‍ ആ പദവിയും കയ്യിലെത്തി .ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ഏറ്റവും താഴെ തട്ടില്‍ ജോലി ആരംഭിച്ചു ഒടുവില്‍ ആ സ്ഥാപനത്തെ നയിക്കുന്ന പദവിയില്‍ എത്തുക എന്ന തികച്ചും അവിചാരിതമായ കാര്യം സാധിച്ചെടുത്ത ഏക യുകെ മലയാളി വനിതയും ഹണി തന്നെയായിരിക്കാന്‍ സാധ്യത ഏറെയാണ്. ഇത്തരത്തില്‍ അസാധാരണമായ കാഴ്ചകളാണ് ഹണി കടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കാണാനാകുക. ഇപോള്‍ കഴിഞ്ഞ പത്തു വര്‍ഷമായി വിവിധ ഹൗസിങ് ബോര്‍ഡുകളില്‍ അംഗത്വം ഹണിക്ക് സ്വന്തമാണ്.

ഇന്ന് രണ്ടു മക്കളും വിദ്യാഭ്യസം പൂര്‍ത്തിയാക്കി ജോലിയില്‍ എത്തിയിരിക്കുന്നു. സിവില്‍ എന്‍ജിനിയറിങ് പാസായ മൂത്ത മകള്‍ കണ്‍സള്‍ട്ടന്‍സി രംഗത് ജോലി ചെയുമ്പോള്‍ ഇളയമകള്‍ അടുത്ത ആഴ്ച ജൂനിയര്‍ ഡോക്ടറായി വെയ്ല്‍സില്‍ സേവനം ആരംഭിക്കും. രണ്ടു മക്കളെ വളര്‍ത്തി എന്നതില്‍ ഉപരി അവരെ നല്ല മനുഷ്യരാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഹണിയെ ഇപ്പോള്‍ കൂടുതല്‍ സന്തോഷവതിയാകുന്നത് .