ടോക്യോ: ഒരു ആണവ ദുരന്തത്തിന്റെ ഏറ്റവും വിനാശകരമായ പ്രത്യാഘാതങ്ങള്‍ പ്രകടമാക്കുന്ന ഒരു സംഭവം ജപ്പാനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ജോലി സ്ഥലത്ത് റെക്കോര്‍ഡ് അളവിലുള്ള റേഡിയേഷന് വിധേയനായതിനെ തുടര്‍ന്നാണ് 35 കാരനായ ഹിസൗഷി ഔച്ചി മരിച്ചത്. 83 ദിവസത്തോളം നരകയാതന അനുഭവിച്ചാണ് ഇയാള്‍ മരിച്ചത്.

ഇയാളുടെ ശരീരത്തിലെ തൊലി മുഴുവന്‍ അടര്‍ന്ന് പോയിരുന്നു. കണ്‍പോളകള്‍ കൊഴിഞ്ഞ് പോയിരുന്നു. കൂടാതെ നിരന്തരമായി വയറിളക്കവും ഹിസൗഷിക്ക് അനുഭവപ്പെട്ടിരുന്നു. ഇയാളുടെ ശരീര കോശങ്ങളും പൂര്‍ണമായും നശിച്ചു പോയിരുന്നു. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ടോക്കായിമുറയിലെ ഒരു യുറേനിയം സംസ്‌ക്കരണ കേന്ദ്രത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.

ന്യൂക്ലിയര്‍ ഇന്ധനമാക്കി മാറ്റുന്ന ഇവിടെ ഇയാള്‍ക്കൊപ്പം മൂന്ന് പേരാണ് ജോലി ചെയ്തിരുന്നത്. 1990 സെപ്തംബര്‍ മുപ്പതിനാണ് സംഭവം നടന്നത്. സംസ്‌ക്കരിക്കുന്നതിനായി കൊണ്ടു വന്ന യുറേനിയത്തില്‍ നിന്ന് ഹിസൗഷിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് 16 കിലോഗ്രാം സംസ്‌ക്കരണ യൂണിറ്റിലേക്ക് നിക്ഷേപിച്ചു. എന്നാല്‍ ഈ സംസ്‌ക്കരണ യൂണിററിന് 2.4 കിലോഗ്രാം മാത്രമേ ശേഷിയുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ഇവിടെ വന്‍ തോതിലുള്ള സ്ഫോടനമാണ് നടന്നത്. യന്ത്രത്തിന്റെ സമീപത്ത് നിന്ന ഹിസൗഷിക്കാണ് ഏറ്റവുമധികം അണുപ്രസരണം ഏറ്റത്.

പരിക്കേറ്റ മൂന്ന് പേരേയും ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ആരോഗ്യവാനായി കാണപ്പെട്ട ഹിസൗഷിയുടെ നില പിന്നീട് മോശമാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ശരീരത്തിലെ കോശങ്ങള്‍ മുഴുവനും നശിച്ചു പോയതായി മനസിലാക്കുന്നത്. തുടര്‍ന്ന ഇയാളുടെ ശരീരത്തിലെ തൊലി അടര്‍ന്നു പോകാന്‍ തുടങ്ങി. തുടര്‍ന്ന് ശ്വാസകോശത്തിനുള്ളില്‍ നീര്‍ക്കെട്ട് രൂപം കൊണ്ടതിനെ തുടര്‍ന്ന് ഹിസൗഷിക്ക് കടുത്ത ശ്വാസതടസവും അനുഭവപ്പെട്ടു.




പിന്നീട് ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ കുടലിലെ കോശങ്ങള്‍ നശിച്ച് പോയതിനാല്‍ ഭക്ഷണം ദഹിക്കാത്ത അവസ്ഥയിലുമായി. തുടര്‍ന്ന് കഠിനമായ വയറുവേദനയും വയറിളക്കവും ആരംഭിച്ചു. പിന്നീട് ആന്തരിക രക്തസ്രാവവും തുടങ്ങി. തുടര്‍ന്ന് 10 പ്രാവശ്യമാണ് ഹിസൗഷിക്ക് രക്തം നല്‍കിയത്. ഒരു ഘട്ടത്തില്‍ വേദന സഹിക്കാന്‍ വയ്യാതെ തന്നെ ഇനി ചികിത്സിക്കേണ്ടതില്ലെന്നും മരിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.്

ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഹിസൗഷി ഡിസംബര്‍ 21 ന് മരിച്ചു. തുടര്‍ന്ന് രണ്ടായിരാമാണ്ട് ഏപ്രിലില്‍ ഹിസൗഷിയുടെ സഹപ്രവര്‍ത്തകനും മരിച്ചു. ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ മാത്രമാണ് ജിവിച്ചിരുന്നത്. ഈ സംഭവത്തെ തുടര്‍ന്നാണ് ജപ്പാനില്‍ ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിരവധി നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടു വന്നത്.