സാല്‍വഡോര്‍: ബ്രസീലില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. ബ്രസീലിലെ സാല്‍വഡോറിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കാന്‍ഡിഡോ സെയില്‍സില്‍ നടന്ന ഭീകരമായ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ഒരു ലോറി പാലത്തിലൂടെ പാഞ്ഞുകയറി ഒരു കാറില്‍ ഇടിച്ച ശേഷം പാലത്തിന്റെ അരികിലൂടെ ഇടിച്ചു കയറുന്നതിന്റെ വീഡിയോ ആരെയും ഞെട്ടിപ്പിക്കും.

ഇടിയുടെ ആഘാതത്തതില്‍ കാര്‍ പാലവും തകര്‍ത്ത് താഴേക്ക് പതിക്കുന്നുണ്ട്. ഒരു ചെറിയ കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേരാണ് കാരില്‍ യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട ലോറി അസാമാന്യമായ വേഗത്തില്‍ പാഞ്ഞു വരുന്നതായി ദൃശ്യങ്ങളില്‍ കാണാം. ചുവന്ന നിറത്തിലുള്ള ഒരു കാറിനെ ഇടിച്ച് തെറിപ്പിച്ച ശേഷവും ലോറി മുന്നോട്ട് പായുന്നതും കാര്‍ പാലത്തിന് താഴേക്ക് പറന്ന് പോകുന്നതുമായ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.

കാറിനെ ഇടിച്ചതിന് പിന്നാലെ ഒരു ട്രക്കുമായി കൂട്ടിയിടിക്കാവുന്ന സാഹചര്യം ഒഴിവാക്കി ഡ്രൈവര്‍ വാഹനത്തെ ശരിയായ ദിശയിലേക്ക് കൊണ്ട് വരുന്നതായും കാണാം. തുടര്‍ന്ന് മറ്റൊരു ട്രക്കിലേക്ക് ഇടിച്ചു കയറുന്ന ലോറിയിലെ സാധനങ്ങള്‍ ചിതറിത്തെറിക്കുകയാണ്. അപകടത്തിലെ ഏറ്റവും അവിശ്വസനീയമായ കാര്യം പാലത്തില്‍ നിന്ന് മറിഞ്ഞ കാറിലുണ്ടായിരുന്ന അഞ്ചംഗ കുടുംബം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതാണ്. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് ഗുരുതരമായി പരിക്കേറ്റത്.

മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളാണ് ഏറ്റത്. അപകടത്തിന് തൊട്ടു പിന്നാലെ തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പോലീസ് ഗതാഗതവും കുറേ സമയത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. നിറയെ തടിയും കയറ്റി വന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്.


വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായത്. അതിനിടെ അപകടത്തില്‍ പെട്ട ലോറിയിലെ തടി നാട്ടുകാര്‍ മോഷ്ടിച്ച് കൊണ്ട് പോകുകയും ചെയ്തു. രണ്ട് മണിക്കൂറോളം മേഖലയില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, വിദ്യാര്‍ത്ഥികളുമായി അതിവേഗതയില്‍ പാഞ്ഞ ഒരു ബസ് റോഡില്‍ നിന്ന് തെന്നിമാറി നദിയിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഹാംഷെയറിലെ ഈസ്റ്റ്ലീക്ക് സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിരുന്നു.