- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ടശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ യുവതി ആവശ്യപ്പെട്ടെന്ന് ദൃക്സാക്ഷികള്‍; റോഡിലെ ക്രൂരതയില്‍ അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റില്‍; ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റം
മൈനാഗപ്പള്ളി അപകടത്തില്‍ അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റില്‍
കൊല്ലം: കൊല്ലം മൈനാഗപ്പളളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലിന്റെയും നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് ഇന്ന് പിടികൂടിയത്. ഇന്നലെയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.
പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. ഡോ. ശ്രീക്കുട്ടിക്കെതിരേ ശാസ്താംകോട്ട പോലീസ് പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വൈകീട്ടോടെ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. രണ്ടുപേരും നിലവില്‍ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണ്. ചന്ദനക്കടത്ത്, തട്ടിപ്പുകേസുകളിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.
അതിനിടെ, അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അജ്മലും ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നു എന്ന് പരിശോധനാഫലം പുറത്തുവന്നിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ നിന്നും മദ്യപാനം കഴിഞ്ഞ് വരുന്ന സമയത്താണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്ത് പോയതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
അമിതവേഗത്തില്‍ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഫൗസിയ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് വീണ കുഞ്ഞുമോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞുമോള്‍ ഇന്നലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ''സാധനം മേടിക്കാന്‍ അപ്പുറത്തെ കടയില്‍ പോയതാ, ഞാനും ചേട്ടത്തിയും കൂടിയാ പോയത്. ചേട്ടത്തി വണ്ടിയില്‍ കയറി, ഞാന്‍ അപ്പുറോമിപ്പുറോം നോക്കി വണ്ടി വരുന്നുണ്ടോന്ന്, ഇല്ലെന്ന് ഉറപ്പാക്കീട്ടാ ഞാന്‍ വണ്ടിയെടുത്തത്. പക്ഷേ പെട്ടെന്ന് എവിടെ നിന്നാ വണ്ടി കയറി വന്നതെന്ന് എനിക്ക് ഓര്‍മ്മയില്ല. പെട്ടെന്ന് വന്ന് ഇടിച്ചിടുകയായിരുന്നു. ഞാനൊരു സൈഡിലേക്കും ചേട്ടത്തി കാറിന്റെ മുന്നിലേക്കുമാണ് വീണത്. ചേട്ടത്തി എഴുന്നേറ്റു, പക്ഷേ പിന്നേം കാര്‍ കയറിയിറങ്ങി പോയി. കാര്‍ അതിവേഗത്തിലാ വന്നത്. ബാലന്‍സില്ലാതെയാ വണ്ടി വന്നത്. ഫൌസിയ പറഞ്ഞു.
സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ടശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോട് ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് വനിതാ ഡോക്ടര്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. പരിശോധനയ്ക്കായി ഡോക്ടറുടെ രക്തസാമ്പിളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ശ്രീക്കുട്ടിയെ ജോലിചെയ്തിരുന്ന കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു അതിദാരുണമായ സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് വീണ സ്ത്രീകളിലൊരാളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോള്‍ (47) ആണ് ദാരുണമായ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 10.30-ഓടെയാണ് മരിച്ചത്. അപകടത്തില്‍ കുഞ്ഞുമോള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരി ഫൗസിയ(30)ക്കും പരിക്കേറ്റു.
കടയില്‍നിന്ന് സാധനം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് കുഞ്ഞുമോളെയും സഹോദരിയെയും അമിതവേഗതയില്‍ കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദ്യം കാറിന് മുകളിലേക്കും പിന്നാലെ റോഡിലേക്കും വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ പിന്നീട് കാര്‍ കയറ്റിയിറക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ കാര്‍ മുന്നോട്ടെടുക്കരുത് എന്ന് ഉറക്കെ പറഞ്ഞിട്ടും കാര്‍ മുന്നോട്ടെടുക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുഞ്ഞുമോളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് നൗഷാദിനൊപ്പം വീടിനടുത്ത് സ്റ്റേഷനറി കട നടത്തുകയാണ് കുഞ്ഞുമോള്‍.
കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ കരുനാഗപ്പള്ളി കോടതിമുക്കില്‍ കാര്‍ നിര്‍ത്തി ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഒളിവില്‍പോയ അജ്മലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പോലീസ് പിടികൂടി. രക്ഷപ്പെടുന്നതിനിടെ മറ്റുചില വാഹനങ്ങളിലും പ്രതി സഞ്ചരിച്ച കാര്‍ ഇടിച്ചതായാണ് വിവരം.
നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട്, റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു. മുന്നോട്ടുപോയ കാര്‍ മറ്റൊരു വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോള്‍ മതിലിലും മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പള്ളിയില്‍ വച്ച് പോസ്റ്റിലിടിച്ച് വാഹനം നിന്നതോടെ അജ്മലും ശ്രീക്കുട്ടിയും പുറത്തിറങ്ങിയോടി. അജ്മല്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. ശ്രീക്കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്തുനിന്നാണ് പിടികൂടിയത്.