- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്ക് എല്ലാം ഹെൽത്ത് കാർഡ് നൽകാം; അംഗീകാരമുള്ള ഏത് ലാബിലും പരിശോധന നടത്താം; കാർഡിന്റെ കാലാവധി ഒരു വർഷം; ടെസ്റ്റുകൾ തീരുമാനിക്കുന്നത് ഡോക്ടർ; പ്രത്യേക ഫീസ് നിശ്ചയിച്ചിട്ടില്ല; ഹോട്ടൽ ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ് എടുക്കുന്നത് ഇങ്ങനെ
പത്തനംതിട്ട: സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവ് വന്നെങ്കിലും അതെങ്ങനെ എടുക്കണം, എന്താണ് മാനദണ്ഡം, ഏതു ഡോക്ടർക്കാണ് ഹെൽത്ത് കാർഡ് നൽകാൻ കഴിയുക എന്നിങ്ങനെ നിരവധി സംശയങ്ങൾ ഹോട്ടലുടമകൾക്കും ജീവനക്കാർക്കും ഇടയിൽ ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ മറുപടി ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലൂടെ ചൂണ്ടിക്കാണിക്കുകയാണ് വിവരാവകാശ പ്രവർത്തകനായ പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ്.
മനോജിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച രേഖകൾ അനുസരിച്ച് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡാർഡ്സ് (ലൈസൻസിങ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ഫുഡ് ബിസിനസ്) റെഗുലേഷൻസ് 2011 പ്രകാരം, രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർക്ക് ഹെൽത്ത് കാർഡ് ലഭ്യമാക്കാം. അതായത് രജിസ്റ്റർ ചെയ്ത ഏത് ഡോക്ടർക്കും ഹെൽത്ത് കാർഡ് നൽകാം. കാർഡിന് ചെല്ലുന്നവരെ ഡോക്ടർ പരിശോധിച്ചിട്ട് ഏതൊക്കെ ടെസ്റ്റുകൾ വേണമെന്ന് തീരുമാനിക്കാം. ഹെൽത്ത് കാർഡ് മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി പ്രത്യേക ഫീസ് നിശ്ചയിച്ചിട്ടില്ല. പൊതുവായി മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുമ്പോൾ അസി. സർജന് നൂറു രൂപയും സിവിൽ സർജന് 150 രൂപയും നിരക്കിൽ ഫീസ് ഈടാക്കാമെന്ന് വിവരാവകാശ രേഖ പറയുന്നു.
ഹെൽത്ത് കാർഡിനുള്ള പരിശോധനകൾ ലൈസൻസുള്ള സർക്കാർ ലാബിലോ സ്വകാര്യ ലാബിലോ ചെയ്യാവുന്നതാണ്. കാർഡിന്റെ കാലാവധി ഒരു വർഷമാണ്. കാർഡ് ലഭിച്ചതിന് ശേഷം ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയായ അസുഖം ഹോട്ടൽ ജീവനക്കാർക്ക് പിടിപെട്ടാൽ ഉടമ അയാളെ ജോലി നിന്ന് മാറ്റി നിർത്തി പരിശോധന നടത്തുകയും ആ വിവരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.
ക്ലിനിക്കൽ പരിശോധന
-സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് അപേക്ഷകൻ/അപേക്ഷകയെ ഡോക്ടർ നേരിട്ട് പരിശോധിക്കേണ്ടതാണ്
-ശാരീരിക പരിശോധന (ജനറൽ എക്സാമിനേഷൻ)
-കാഴ്ച പരിശോധന
-ത്വക്, നഖങ്ങൾ എന്നിവയുടെ പരിശോധന
ലാബ് പരിശോധനകൾ
-ബ്ലഡ് റുട്ടീൻ
-ടൈഫോയ്ഡ് നിർണയിക്കുന്നതിനുള്ള വിഡാൾ ടെസ്റ്റ്, ഹെപ്പറ്റൈറ്റിസ് എ നിർണയിക്കുന്നതിനുള്ള ഐജിഎം ഹെപറ്റിറ്റാസ്-എ എന്നീ പരിശോധനകൾ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആവശ്യാനുസരണം ഡോക്ടർക്ക് നിർദ്ദേശിക്കാം.
-ക്ഷയരോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കഫ പരിശോധന
-പരിശോധനാ വേളയിൽ ഡോക്ടർക്ക് ആവശ്യമെന്ന് തോന്നുന്ന മറ്റ് പരിശോധനകൾ നൽകാൻ നിർദ്ദേശിക്കേണ്ടതാണ്
-പരിശോധനാ ഫലങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രം സർട്ടിഫിക്കറ്റ് നൽകണം.
രോഗപ്രതിരോധ നടപടികൾ
-ടൈഫോയ്ഡ് രോഗത്തിനെതിരേയുള്ള വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തീകരിക്കണം.
-വിര ശല്യത്തിന് എതിരേയുള്ള മരുന്ന് നൽകണം.
നിലവിൽ ഹോട്ടൽ ജീവനക്കാർക്ക് അല്ലാതെ മറ്റു കടകൾ നടത്തുന്നവരോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പി.എച്ച്.സികളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഹെൽത്ത് കാർഡ് എടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇങ്ങനെ ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളതായി അറിയില്ലെന്നും മനോജ് പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്