ടൂത്ത് പേസ്റ്റില്‍ വിഷം കലര്‍ത്തി 'ഏജന്റ് സാഡ്നെസ് '; ഫലസ്തീന് കമാന്‍ഡര്‍ വാദി ഹദ്ദാദിനെ കൊലപ്പെടുത്തിയത് ഇഞ്ചിഞ്ചായി; മൊസാദിന്റെ രഹസ്യ ഓപ്പറേഷന്
- Share
- Tweet
- Telegram
- LinkedIniiiii
ടെല്‍അവീവ്: 'നിങ്ങളെ ആരെങ്കിലും കൊല്ലാന്‍ വന്നാല്‍, ചാടിയെഴുന്നേറ്റ് അവരെ ആദ്യം കൊല്ലുക': ഇസ്രയേല്‍ സൈന്യത്തിന്റെ ആപ്തവാക്യമാണിത്. ഇറാനിലെ ടെഹ്റാനില്‍ ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ വകവരുത്തിയതിലും കാണാം ഈ ആപ്തവാക്യത്തിന്റെ പ്രയോഗം.രഹസ്യകൊലപാതകങ്ങള്‍ എല്ലാം നടപ്പാക്കി വരുന്നത് ചാര സംഘടനയായ മൊസാദും.
പതിവുമട്ടുകള് വിട്ടുള്ള രഹസ്യഓപ്പറേഷനുകള്ക്കാണ് മൊസാദിന് താല്പര്യം. ഫലസ്തീന് കമാന്‍ഡര്‍ വാദി ഹദ്ദാദിനെ മൊസാദ് ഏജന്റുമാര്‍ വകവരുത്തിയത് വിഷം കലര്‍ത്തിയ ടൂത്ത് പേസ്റ്റ് കൊണ്ടാണ്.
ഫലസ്തീന് വിമോചനത്തിനായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ മേധാവിയായിരുന്നു വാദി ഹദ്ദാദ്. 1976 ല്‍ എയര്‍ ഫ്രാസ് വിമാനം ടെല്‍അവീവില്‍ നിന്ന് റാഞ്ചിയെടുത്ത് ( എന്റബേ റാഞ്ചല്‍ എന്നറിയപ്പെടുന്നു) പാരീസിലേക്കും, അവിടുന്ന് ലിബിയയിലേക്കും പിന്നീട് ഉഗാണ്ടയിലേക്കും കൊണ്ടുപോയതടക്കം നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്‍.
ഓപ്പറേഷന് തണ്ടര്‍ ബോള്‍ട്ട്
ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്‍യ്യാഹുവിന്റെ സഹോദരന് ലഫ്റ്റനന്റ് കേണല്‍ യോനാഥന്‍ നെതന്‍യ്യാഹു നയിച്ച ഓപ്പറേഷന് തണ്ടര്‍ ബോള്‍ട്ടിലൂടെയാണ് ഇസ്രേയല്‍ റാഞ്ചലിനോട് പ്രതികരിച്ചത്. ദൗത്യം വിജയിച്ചെങ്കിലും യോനാഥന്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു.
മൊസാദിന്റെ കരിമ്പട്ടികയില്‍ വാദി ഹദ്ദാദ്
എന്റബേ റാഞ്ചലിന് പ്രതികാരം ചെയ്യണമെന്ന് തന്നെയായിരുന്നു ഇസ്രയേല്‍ തീരുമാനം. സൂത്രധാരനായ വാദി ഹദ്ദാദ് തന്നെയായിരുന്നു മുഖ്യലക്ഷ്യം. മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാം നമ്പറുകാരനായി വാദി ഹദ്ദാദ്
ഏജന്റ് സാഡ്നെസ്
വാദി ഹദ്ദാദിന്റെ കൊലപാതകത്തിലൂടെ അന്താരാഷ്ട്രതലത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് വളരെ നിശ്ശബ്ദമായ ദൗത്യത്തിനാണ് മൊസാദ് പദ്ധതിയിട്ടത്. ഏജന്റ് സാഡ്നെസ് എന്നറിയപ്പെട്ട ഏജന്റിനായിരുന്നു രഹസ്യ ദൗത്യം അയാള്‍ക്ക് ഹദ്ദാദിന്റെ വീട്ടിലും ഓഫീസിലും പ്രവേശന അനുമതി ഉള്ളയാളായിരുന്നു.
കൊലപാതകം
1978 ജനുവരി 10 ന് ഏജന്റ് സാഡ്നെസ്, ഹദ്ദാദ് പതിവായി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് മാറ്റി വിഷം കലര്‍ന്ന പേസ്റ്റ് വച്ചു. ഇസ്രയേലി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ചെടുത്ത വിഷമായിരുന്നു ടൂത്ത് പേസ്റ്റില്‍. വിഷം പതിയെ ഹദ്ദാദിന്റെ ശരീരമാകെ പടര്‍ന്നു.
രോഗാതുരനായ ഹദ്ദാദ്
ജനുവരി മധ്യത്തോടെ ബാഗ്ദാദില്‍ വച്ച് ഹദ്ദാദ് തീര്‍ത്തും അവശനായി. കടുത്ത വയറുവേദനയും, വിശപ്പില്ലായ്മയും തൂക്കക്കുറവും അനുഭവപ്പെട്ടു. ഇറാക്കിലെ മികച്ച ഡോക്ടര്‍മാര്‍ ചികിത്സിച്ചിട്ടും നില മോശമായി കൊണ്ടേയിരുന്നു. ഹെപ്പറ്റൈറ്റിസും കടുത്ത പനിയും തുടങ്ങി. ശക്തമായ ആന്റിബയോട്ടിക്കുകളും ഏറ്റില്ല. മുടി കൊഴിയാന്‍ തുടങ്ങിയതോടെ, വിഷം തീണ്ടിയതായി സംശയം ഉയര്‍ന്നു.
ഫലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ നേതാവായിരുന്ന യാസര്‍ അരാഫത്ത് കിഴക്കന്‍ ജര്‍മനിയുടെ രഹസ്യസര്വീസായ സ്റ്റാസിയുടെ സഹായം തേടി. സ്റ്റാസി വാദി ഹദ്ദാദിനെ, കിഴക്കന്‍ ബര്‍ലിനിലേക്ക് കൊണ്ടുപോവുകയും അവിടെ അഹ്മദ് ദൂക്ലി എന്ന വ്യാജപേരില്‍ രഹസ്യമായി ചികിത്സിപ്പിക്കുകയും ചെയ്തു. ഡോക്ടര്‍മാര്‍ നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും രോഗകാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. എലി വിഷമോ, താലിയം വിഷമോ ആകാമെന്ന് സംശയിച്ചെങ്കിലും മതിയായ തെളിവുകള്‍ കിട്ടില്ല.
ഹദ്ദാദിന്റെ മരണം
വാദി ഹദ്ദാദിന്റെ സ്ഥിതി അനുദിനം മോശമായി കൊണ്ടിരുന്നു. തലച്ചോറില്‍ ഗുരുതര രക്തസ്രാവത്തിന് പുറമേ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുകയും ചെയ്തു. 10 ദിവസത്തോളം മയങ്ങാനുള്ള മരുന്ന് കൊടുത്ത് വേദന കുറച്ചെങ്കിലും, ജീവന് രക്ഷിക്കാനായില്ല. 1978 മാര്‍ച്ച് 29 ന് ഹദ്ദാദ് മരിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പാന്മയോലോപതി മൂലം തലച്ചോറില്‍ രക്തസ്രാവവും, ന്യൂമോണിയയും ബാധിച്ചാണ് മരണമെന്ന് പ്രൊഫസര്‍ ഓട്ടോ പ്രോകോപ്പിന്റെ ഓട്ടോപ്സി റിപ്പോര്‍ട്ടില്‍ നിഗമനത്തിലെത്തി. എന്നാല്‍, വിഷത്തിന്റെ യഥാര്‍ഥ വഴി വര്‍ഷങ്ങളോളം രഹസ്യമായിരുന്നു. ആരണ് ജെ ക്ലീന്റെ സ്ട്രൈക്കിങ് ബാക്ക് എന്ന പുസ്തകത്തില്‍ ഹദ്ദാദിന്റെ മരണം ചോക്കലേറ്റില്‍ വിഷം കലര്‍ത്തിയത് കൊണ്ടാണെന്ന് പറയുമ്പോള്‍, റോനന് ബെര്‍ഗ്മാന്റെ റൈസ് ആന്‍ഡ് കില്‍ ഫസ്റ്റില്‍ ടൂത്ത് പേസ്റ്റില്‍ വിഷം കലര്‍ത്തിയുള്ള കൊലപാതകമെന്ന് വിശദീകരിക്കുന്നു.