ലണ്ടന്‍: അതീതീവ്ര കാലാവസ്ഥ യൂറോപ്പിന്റെ ഉറക്കം കെടുത്തുമ്പോള്‍ യു കെയിലെ താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നേക്കാം എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. ഡബ്ല്യു എക്സ് ചാര്‍ട്ട്‌സിന്റെ കാലാവസ്ഥാ ഭൂപടം കാണിക്കുന്നത് ഈയാഴ്ച ആദ്യം ഇംഗ്ലണ്ടിന്റെ മിക്ക പ്രദേശങ്ങളിലും താപനില 20 ന് മേല്‍ പോകും എന്നാണ്. ലണ്ടന്‍, ബിര്‍മ്മിംഗ്ഹാം പോലുള്ള പ്രധാന നഗരങ്ങളില്‍ താപനില 28 നും 29 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായി തുടരും. അതേസമയം വെയ്ല്‍സില്‍ ചൂട് താരതമ്യേന കുറവായിരിക്കും.

അതിനിടെ സ്പെയിനും പോര്‍ച്ചുഗലും ചൂടില്‍ വെന്തുരുകുകയാണ്. ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ കെട്ടിടങ്ങള്‍ തകരുന്ന സാഹചര്യം പോലും സ്പെയിനിലുണ്ടായി. പോര്‍ച്ചുഗലിലാണെങ്കില്‍ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ ആളിപ്പടരുകയാണ്. ബ്രിട്ടനില്‍, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌ഗോ, അബെര്‍ഡീന്‍ തുടങ്ങിയ നഗരങ്ങളിലും താപനില 20 ഡിഗ്രിക്ക് മേല്‍ ഉയരും. ബ്രിട്ടന് മുകളില്‍ ഉരുണ്ടുകൂടിയ ഉന്നതമര്‍ദ്ധമാണ് ഇതിന് കാരണം. ഈ സ്ഥിതി ആഗസ്റ്റ് 22 മുതല്‍ 31 വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

അതിനിടെ, എറിന്‍ കൊടുങ്കാറ്റ് യു കെയില്‍ വ്യാപകമായി മഴയ്ക്ക് കാരണമായേക്കാം എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍, നോര്‍ത്ത് കരോലിനയുടെ പല ഭാഗങ്ങളിലും എറിന്‍ കൊടുങ്കാറ്റിനെതിരെ മുന്‍കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ട്. ഔട്ടര്‍ ബാങ്കിലെ തീരപ്രദേശങ്ങളില്‍ 20 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉണ്ടായേക്കാം എന്നാണ് മുന്നറിയിപ്പുള്ളത്. ഇന്നലെ 38,000 പ്രദേശവാസികളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. നാലാം കാറ്റഗറിയിലേക്ക് കടന്ന എറിന്‍ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലും കനത്ത നാശം വിതച്ചേക്കാം എന്ന ആശങ്കയുമുണ്ട്.

കൊടുങ്കാറ്റ് കാരണം ഉണ്ടായ മഴ ഇതിനോടകം തന്നെ തെക്ക് കിഴക്കന്‍ ബഹാമാസ്, ടര്‍ക്ക്‌സ്, കൈക്കോസ് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. എറിന്റെ ബാക്കിപത്രം ഈ വാരാന്ത്യത്തോടെ യു കെയില്‍ എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. ഇപ്പോഴും ബ്രിട്ടനില്‍ നിന്നും 3000 മൈല്‍ അകലെയുള്ള എറിന്‍, അറ്റ്‌ലാന്റിക് സമുദ്രം കടന്ന് ശക്തമായ കാറ്റോടെ എത്താനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പറയുന്നത്. യു കെയുടെ തെക്കന്‍ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമായിരിക്കും ഇതിന്റെ ഭീകരത കൂടുതല്‍ ദൃശ്യമാവുക.

വടക്ക് കിഴക്കന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ പേമാരിക്കെതിരെ മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് മണിക്കൂര്‍ കാലയളവില്‍ 70 മി. മീ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മുന്നറിയിപ്പ് നിലനില്‍ക്കും ഇവിടെ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. സ്‌കോട്ട്‌ലാന്‍ഡില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നിലവിലുണ്ട്. ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടേക്കാം എന്ന മുന്നറിയിപ്പും മെറ്റ് ഓഫീസ് നല്‍കിയിട്ടുണ്ട്. ലണ്ടനിലും കെന്റിലും നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.