ഹൈദരാബാദ്: ഫുട്‌ബോളിലെ മിശിഹ ലയണല്‍ മെസി കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ സൗഹൃദ മത്സരം കളിക്കുമെന്ന് കൊതിച്ചിരുന്ന ആരാധാകര്‍ക്ക് ആശ്വാസ വാര്‍ത്ത. കൊച്ചിയിലെ മത്സരം റദ്ദാക്കിയെങ്കിലും ദക്ഷിണമേഖലയിലെ ആരാധകര്‍ക്ക് കളി കാണാന്‍ അവസരത്തിനായി

GOAT ടൂര്‍ 2025 ല്‍ ഹൈദരാബാദ് കൂടി ഉള്‍പ്പെടുത്തി.

കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നവംബര്‍ 17-ന് പ്രഖ്യാപിച്ചിരുന്ന അര്‍ജന്റീനയുടെ സൗഹൃദ മത്സരം റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഹൈദരാബാദ് കൂട്ടിച്ചേര്‍ത്തത്.'ഇപ്പോള്‍ ഞങ്ങള്‍ തെക്കന്‍ മേഖലയും ഉള്‍പ്പെടുത്തുന്നു. ഇത് ദക്ഷിണേന്ത്യയിലെ ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്കുള്ള ആദരവായിരിക്കും,' 'GOAT ടൂര്‍ ടു ഇന്ത്യ 2025'ന്റെ ഏക സംഘാടകനായ സതാദ്രു ദത്ത പറഞ്ഞു.

ഈ മാറ്റത്തോടെ ടൂര്‍ നാല് മേഖലകളിലും എത്തും:

കിഴക്ക്: കൊല്‍ക്കത്ത

തെക്ക്: ഹൈദരാബാദ് (പുതുതായി ചേര്‍ത്തത്)

പടിഞ്ഞാറ്: മുംബൈ

വടക്ക്: ന്യൂഡല്‍ഹി

ഹൈദരാബാദ് പരിപാടി:

തീയതി: ഡിസംബര്‍ 13 (അന്ന് വൈകുന്നേരം).

വേദി (നിര്‍ദ്ദേശിച്ചത്): ഗച്ചിബൗളി സ്റ്റേഡിയം അല്ലെങ്കില്‍ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം.

മെസിക്ക് ചെന്നൈയിലും കേരളത്തിലും ഹൈദരാബാദിലും വലിയ ആരാധകവലയമുണ്ട്. കേരളത്തിലെ കളി റദ്ദാക്കിയത് കൊണ്ട് തെക്കന്‍ മേഖലയിലെ ആരാധകര്‍ക്ക് മെസിയുടെ കളി കാണാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണ് ഹൈദരാബാദ് ഉള്‍പ്പെടുത്തിയതെന്ന് സതാദ്രു ദത്ത പറഞ്ഞു.

ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന പരിപാടി ഒരു വലിയ ആഘോഷമായിരിക്കുമെന്നും, ഇതില്‍ സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം, സംഗീത പരിപാടികള്‍, അഭിനന്ദന ചടങ്ങുകള്‍, ഫുട്‌ബോള്‍ ക്ലിനിക് എന്നിവയെല്ലാം ഉള്‍പ്പെടുമെന്നും ദത്തഅറിയിച്ചു. ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍ താരങ്ങളും പങ്കെടുക്കും. ടിക്കറ്റ് വില്‍പ്പന ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് ദത്ത അറിയിച്ചു.

ഡിസംബര്‍ 12 അര്‍ദ്ധരാത്രിയിലോ ഡിസംബര്‍ 13 അതിരാവിലെയോ ദുബായില്‍ വഴി മെസ്സി ഇന്ത്യയില്‍ എത്തും.ഡിസംബര്‍ 13-ന് കൊല്‍ക്കത്തയില്‍ ടൂര്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസം ഹൈദരാബാദിലും, ഡിസംബര്‍ 14-ന് മുംബൈയിലും, ഡിസംബര്‍ 15-ന് ന്യൂഡല്‍ഹിയിലും പരിപാടികള്‍ നടക്കും. ഡിസംബര്‍ 15-ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ച നടത്തുന്നതോടെ ടൂര്‍ സമാപിക്കും.

മെസ്സിയോടൊപ്പം ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും പങ്കെടുക്കുമെന്ന് ഉറപ്പിച്ചു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു, കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ഏകദേശം പൂര്‍ണ്ണ ശേഷിയോട് അടുത്താണ്.