ലണ്ടന്‍: ഇന്ത്യയില്‍ നിന്നും യു കെയിലേക്കുള്ള 1960 കളിലെ കുടിയേറ്റത്തിന്റെ കഥ സന്തം കുടുംബത്തിന്റെ അനുഭവത്തില്‍ നിന്നും വിവരിക്കുന്ന താരാ മിസ്ത്രിയുടെ പുസ്തകം പ്രകാശനം ചെയ്തു. തന്റെ ഏഴാം വയസ്സില്‍ കുടുംബത്തോടൊപ്പം പുതിയൊരു രാജ്യത്ത് പുതിയൊരു ജീവിതം ആരംഭിക്കാന്‍ എത്തിയ കഥയാണ് ഈ 69 കാരിയായ ബ്രിട്ടീഷ് - ഏഷ്യന്‍ എഴുത്തുകാരി ഇപ്പോള്‍ പറയുന്നത്. അന്ന്, സ്വയ രക്ഷയ്ക്കായി മുത്തച്ഛന്‍ പഠിപ്പിച്ചു തന്ന 'നോ സ്പീക്ക് ഇംഗ്ലീഷ്' എന്ന വാക്കുകളുടെ കൂട്ടമാണ് പുസ്തകത്തിന്റെ പേരായി നല്‍കിയിരിക്കുന്നത്.

കെനിയയില്‍ ജനിച്ച താര മിസ്ത്രി പതിനെട്ട് മാസം പ്രായമുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ഇന്ത്യയില്‍ എത്തുന്നത്. പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നതിന് മുന്‍പ് ഇന്ത്യയിലെ ഒരു ചെറു ഗ്രാമത്തിലായിരുന്നു ഇവരുടെ താമസം. തന്റെ, ബ്രിട്ടനിലെ ആദ്യകാല ജീവിതത്തെ രൂപപ്പെടുത്തിയ വെല്ലുവിളികളുടെ വ്യക്തിഗത വിവരണമാണ് പുസ്തകത്തിലുള്ളത് എന്നാണ് ബ്രിസ്റ്റോള്‍, ബ്രിസിംഗ്ടണില്‍ താമസിക്കുന്ന മിസ്ത്രി പറയുന്നത്. ഒരു ക്രിസ്ത്മസ് തലേന്ന് ആരംഭിച്ച ബോട്ട് യാത്ര, പതിനേഴ് ദിവസങ്ങള്‍ക്കപ്പുറത്ത് 1962 ലെ തണുത്തു വിറച്ച ശിശിരകാല സന്ധ്യയിലാണ് ബ്രിട്ടീഷ് തീരത്തെത്തി അവസാനിച്ചതെന്ന് അവര്‍ പറയുന്നു. ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ള, ബ്രിട്ടന്‍ അഭിമുഖീകരിച്ച ഏറ്റവും കാഠിന്യമേറിയ ശൈത്യകാലങ്ങളില്‍ ഒന്നായിരുന്നു 1962 ലേത്.

1948 ലെ ബ്രിട്ടീഷ് പൗരത്വ നിയമമനുസരിച്ച് ഇന്ത്യയും കിഴക്കന്‍ ആഫ്രിക്കയും ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരെ ബ്രിട്ടീഷ് പൗരന്മാരായാണ് കണക്കാക്കിയിരുന്നത്. അവര്‍ക്ക് ബ്രിട്ടനില്‍ താമസിക്കുന്നതിനുള്ള അനുമതിയും ഉണ്ടായിരുന്നു. അതായത്, അക്കാലത്ത്, ഇന്ത്യാക്കാര്‍ക്കും ഈസ്റ്റ് ആഫ്രിക്കന്‍ ഇന്ത്യാക്കാര്‍ക്കും വിസ ഇല്ലാതെ തന്നെ നിയമപരമായി ബ്രിട്ടനില്‍ കുടിയേറാനുള്ള അവകാശം ഉണ്ടായിരുന്നു എന്നര്‍ത്ഥം. അതിന്റെ ഫലമായി 1960 കളില്‍ മുന്‍ കോളനി രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്കുള്ള കുടിയേറ്റം വലിയ തോതിലായി ഉയര്‍ന്നിരുന്നു.

മിസ്ത്രിയുടെ പുസ്തകത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് സ്വത്വവും സ്വന്തമെന്ന ചിന്തയും ഒക്കെയാണ്. വംശം, മതം, ഭാഷ, സംസ്‌കാരം എന്നിവ അവരുടെ ബാല്യകാലത്തെ എങ്ങനെ സ്വാധീനിച്ചു എന്നും അതില്‍ പ്രതിപാദിക്കുന്നുണ്ട്. കുടിയേറ്റ വിരുദ്ധ വികാരം ശക്തമായിരുന്ന ഒരു കാലത്ത് ലെസ്റ്ററില്‍ താമസമാരംഭിച്ച തന്റെ കുടുംബത്തിന് വ്യാപകമായ രീതിയില്‍ തന്നെ വംശീയ വിവേചനം അനുഭവിക്കേണ്ടി വന്നതായി അവര്‍ എഴുതുന്നു. അക്കാലത്ത് ലെസ്റ്റര്‍ പ്രവചനാതീതമായ ഒരൂ അവസ്ഥയിലായിരുന്നു. കൂടുതല്‍ കുടിയേറ്റക്കാര്‍ അവിടെയെത്തുന്നത് പ്രദേശവാസികള്‍ക്ക് താത്പര്യമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ സംഘര്‍ഷങ്ങള്‍ കൂടുതലുമായിരുന്നു.

വംശീയ വിദ്വേഷം പുലര്‍ത്തുന്നവര്‍ മുറിച്ചു കളഞ്ഞേക്കും എന്ന ഭയം ഉണ്ടായിരുന്നതിനാല്‍ തന്റെ നീളമുള്ള മുടി പിന്നിയിട്ട് സ്‌കൂളില്‍ പോകാന്‍ പോലും പേടിയായിരുന്നു എന്നും അവര്‍ പറഞ്ഞു. ഇടത്തരക്കാരായ കുടുംബങ്ങള്‍ താമസിച്ചിരുന്ന പ്രദേശത്തായിരുന്നു അവര്‍ താമസിച്ചിരുന്നത്. ദൈനംദിന ജീവിതം ഏറെ ക്ലേശകരമായ ഒന്നായിരുന്നെന്നും അവര്‍ പറയുന്നു. ചില അയല്‍ക്കാര്‍ സ്നേഹത്തോടെ പെരുമാറിയപ്പോള്‍ മറ്റു ചിലര്‍ ശത്രുതാ മനോഭാവത്തോടെയാണ് തങ്ങളെ വീക്ഷിച്ചിരുന്നതെന്നും അവര്‍ പറയുന്നു. കറുത്തവരും, ഐറിഷ് ജനതയും നായ്ക്കളും വേണ്ട എന്ന പ്ലക്കാര്‍ഡുകള്‍ കണ്ടായിരുന്നു അക്കാലത്തെ ജീവിതം.

വീടിനകത്തും മിസ്ത്രിക്ക് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. തികച്ചും യാഥാസ്ഥിതികനായ പിതാവ് ലിംഗാടിസ്ഥാനത്തില്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ ആയിരുന്നു വിശ്വസിച്ചിരുന്നത്. എന്നാല്‍, കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നും കൂടുതല്‍ ഇന്ത്യാക്കാര്‍ എത്താന്‍ തുടങ്ങിയതോടെ സാഹചര്യം മാറി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ ഇന്ത്യാക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.പിതാവിന്റെ മരണശേഷം ഏറെക്കുറെ ഒരു ലിബറല്‍ ജീവിതമായിരുന്നു അവര്‍ നയിച്ചത്. പിന്നീട് യൂണിവേഴ്സിറ്റി പഠനത്തിന് പോയ മിസ്ത്രി 1970 കളിലെ വംശീയ വിവേചന വിരുദ്ധ മുന്നേറ്റത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറി.