മലപ്പുറം: മലപ്പുറം പൊലിസ് അസോസിയേഷന്‍ യോഗത്തില്‍ ജില്ലാ പൊലിസ് മേധാവി എസ് ശശിധരന്‍ ഐപിഎസിനെ അധിക്ഷേപിച്ച പി വി അന്‍വര്‍ എം എല്‍ എക്കെതിരെ ഐ പി എസ് അസോസിയേഷന്‍ രംഗത്തെത്തി. സേനാംഗങ്ങളുടെ യോഗത്തില്‍ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷന്‍ അംഗങ്ങളുടെ ആവശ്യം. പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും, സ്പീക്കര്‍ക്കും നല്‍കണമെന്ന് അസോസിയേഷന്‍ ഭാരവാഹികളെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എസ് പി ശശിധരനെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും നീക്കമുണ്ട്.

എസ്പി പരിപാടിയില്‍ എത്താന്‍ വൈകിയതിലായിരുന്നു അന്‍വറിന്റെ വിമര്‍ശനം. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ പൊലീസില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എം.എല്‍.എ ആരോപിച്ചു. പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയിലാണ് മലപ്പുറം എസ്.പി. എസ്.ശശിധരന്‍ ഐ.പി.എസിനെ എം.എല്‍.എ. രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇതിനുപിന്നാലെ ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കേണ്ടിയിരുന്ന എസ്.പി. ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു.

സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു പി.വി.അന്‍വര്‍. പരിപാടിക്ക് എസ്.പി.യെ കാത്തിരിക്കേണ്ടിവന്നതായിരുന്നു എം.എല്‍.എ.യെ ചൊടിപ്പിച്ചത്. ഐ.പി.എസ്. ഓഫീസര്‍മാരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പറഞ്ഞാണ് എം.എല്‍.എ. തുടങ്ങിയത്. തന്റെ പാര്‍ക്കിലെ 2500 കിലോ ഭാരമുള്ള റോപ്പ് മോഷണംപോയിട്ട് പ്രതിയെ കണ്ടുപിടിക്കാത്തതും പോലീസിന്റെ പരിശോധനയുമെല്ലാം പ്രസംഗത്തില്‍ പരാമര്‍ശിച്ച എം.എല്‍.എ, എസ്.പി. വരാന്‍ വൈകിയതിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

തന്റെ പാര്‍ക്കിലെ 2500 കിലോയോളം ഭാരമുള്ള റോപ്പ് കാണാതായെന്നും അത് കണ്ടുപിടിച്ചില്ലെന്നും എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ലെന്നുമാണ് എം.എല്‍.എ. പറഞ്ഞത്. 'എസ്.പി. കുറെ സിംകാര്‍ഡ് പിടിച്ചത് ഞാന്‍ കണ്ടു. നമ്മളെ പത്തുലക്ഷത്തിന്റെ മുതലിന്റെ യാതൊരുവിവരവുമില്ല. കുറേ സിംകാര്‍ഡുകള്‍, അതിന്റെ വീഡിയോസൊക്കെ ഞാന്‍ കണ്ടു. എസ്.പി.യെ കാണുന്നത് ഞാന്‍ ടി.വി.യിലാണ്. അദ്ദേഹത്തിന് ഒരു ഉത്തരവാദിത്വമില്ലേ, ഞാനൊരു പൊതുപ്രവര്‍ത്തകനല്ലേ, എന്റെ വീട്ടിനകത്ത് ഇങ്ങനെയൊരു സംഭവം നടന്നിട്ട്, എന്നെ വിളിച്ചിട്ട് എന്താണ് പറയേണ്ടത്.

പത്തുമണിക്കാണ് നിങ്ങളുടെ സമ്മേളനം പറഞ്ഞത്, അല്ലേ? ഞാന്‍ 9.50-ന് മലപ്പുറത്ത് എത്തിയിരുന്നു. ഞാന്‍ രാവിലെ ആദ്യം ആരംഭിക്കുന്ന ഒരുപരിപാടിയും ഒരുമിനിറ്റ് പോലും വൈകാറില്ല. അഞ്ചും പത്തും പരിപാടി ഉണ്ടാകുമ്പോള്‍ രണ്ടോ മൂന്നോ പരിപാടി കഴിഞ്ഞാല്‍ സ്വാഭാവികമായും വൈകും. ഇവിടെ വിളിച്ചപ്പോള്‍ പറഞ്ഞത് നിങ്ങള്‍ കുറച്ചുനേരം കൂടി വെയിറ്റ് ചെയ്യണം, ആളെത്തിയിട്ടില്ല എന്നാണ്. ശരി. ഒരു ചായയല്ലേ രാവിലെ കുടിക്കാന്‍ പറ്റുകയുള്ളൂ, ഞാന്‍ മലപ്പുറത്തുനിന്ന് രണ്ട് ചായ കുടിച്ചു. ഇന്ന് ഞാന്‍ 10.20-നാണ് ഇവിടെവന്നത്. ഇവിടെ 27 മിനിറ്റ് ഞാന്‍ കാത്തിരുന്നു. ഒരു കുഴപ്പവുമില്ല. അദ്ദേഹം തിരക്ക് പിടിച്ച ഓഫീസറാണ്. ആ തിരക്കിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വരാതിരുന്നതെങ്കില്‍ എനിക്ക് ഒരു പ്രശ്നവുമില്ല. നമ്മള്‍ കാത്തുനില്‍ക്കാന്‍ തയ്യാറാണ്. പക്ഷേ, അവനവിടെ ഇരിക്കട്ടെ എന്ന് വിചാരിച്ചിട്ടാണ് വരാതിരുന്നതെങ്കില്‍ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. മനസിലായോ? ഇതൊന്നും ശരിയായ രീതികളല്ല.

ഇവിടെ നിലമ്പൂര്‍ മണ്ഡലത്തിലെ അമരമ്പലം പഞ്ചായത്ത്, നിങ്ങള്‍ക്കറിയോ? കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലൈഫില്‍ വീടുണ്ടാക്കി കൊടുത്ത് സംസ്ഥാന അവാര്‍ഡ് വാങ്ങിയ പഞ്ചായത്ത്. ഈ വര്‍ക്ക് അങ്ങോട്ട് ബ്ലോക്കായി, എന്തേ? നാല് ലക്ഷത്തിന്റെ വീട്, അതിനൊരു രണ്ട് കോരി മണ്ണിടണ്ടേ, മരിച്ചാലും സമ്മതിക്കൂല. മനസിലായോ? ഒരുപ്രാവശ്യം ഞാന്‍ നേരിട്ട് വിളിച്ചുപറഞ്ഞു. അത് കഴിഞ്ഞ് അവിടത്തെ പഞ്ചായത്ത് പ്രസിഡന്റും മുഴുവന്‍ മെമ്പര്‍മാരും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വന്നിട്ട് എസ്.പിയെ കണ്ടു. വലിയ പ്രശ്നമുണ്ട്, നാല് കൊട്ട മണ്ണാണ്. ഏയ്… അത് നിയമമാണ്… എന്താ ഈ നിയമം? "- എം.എല്‍.എ. പറഞ്ഞു.

അതേസമയം, എം.എല്‍.എ.യുടെ പ്രസംഗം കഴിഞ്ഞതിന് ശേഷം എസ്.പി.യുടെ മുഖ്യപ്രഭാഷണവും നിശ്ചയിച്ചിരുന്നു. പക്ഷേ, മുഖ്യപ്രഭാഷണം ഒറ്റവാക്കിലൊതുക്കി എസ്.പി. വേദിവിട്ടു. 'ഞാന്‍ അല്പം തിരക്കിലാണ്. പ്രസംഗത്തിനുള്ള മൂഡില്‍ അല്ല. ഈ ചടങ്ങിന് എല്ലാവിധ ആശംസകളും അര്‍പ്പിച്ചുകൊണ്ട് ഞാന്‍ വാക്കുകള്‍ ഉപസംഹരിക്കുന്നു", ഇത്രമാത്രമാണ് എസ്.പി. പ്രസംഗിച്ചത്. നേരത്തെ, മന്ത്രി വി. അബ്ദുറഹ്‌മാനും മലപ്പുറത്തെ പൊലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.