- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഐബി ഉദ്യോഗസ്ഥ മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സുകാന്തിനെ പിടികൂടാനാകാതെ പൊലീസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം; തെളിവുകള്‍ യുവതിയുടെ പിതാവ് കണ്ടെത്തി നല്‍കിയിട്ടും പ്രതിയെ രക്ഷിക്കാന്‍ ഒത്തുകളിച്ചെന്ന ആരോപണവും; ഡിസിപി അന്വേഷണം ഏറ്റെടുത്തത് പൊലീസിന്റെ മുഖം രക്ഷിക്കാന്‍
ഡിസിപി അന്വേഷണം ഏറ്റെടുത്തത് പൊലീസിന്റെ മുഖം രക്ഷിക്കാന്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചെന്ന് വ്യക്തമാക്കി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ദുരൂഹ മരണത്തില്‍ യുവതിയുടെ പിതാവ് പരാതി നല്‍കിയപ്പോഴും ഗൗരവത്തോടെ അന്വേഷണം നടത്താന്‍ പൊലീസ് തയാറായില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകള്‍ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം ഉഴപ്പിയെന്നാണ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കെയാണ് കേസ് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി ഇന്നലെ പേട്ട സ്റ്റേഷനില്‍ മാധ്യമങ്ങളെ കണ്ട ഡിസിപി കേസന്വേഷണം വേഗത്തിലാക്കുമെന്ന് അറിയിച്ചിരുന്നു.
പ്രതി സുകാന്തിനായി അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി പറഞ്ഞു. പൊലീസ് രണ്ട് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. ഇയാള്‍ക്കായി കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്. ഐബി ഉദ്യോഗസ്ഥ മൂന്ന് ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയതായി വ്യക്തമായിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായത്. മാനസികവും ശാരീരികമായി പീഡിപ്പിച്ചതില്‍ ചില തെളിവുകള്‍ ലഭിച്ചു. അത് പരിശോധിച്ചുവരികയാണ്. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ഡിസിപി പറഞ്ഞത്.
യുവതി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിലെ പ്രതിയായ നെടുമ്പാശേരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം എടപ്പാള്‍ സ്വദേശിയുമായ സുകാന്തിനെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ 24ന് പകല്‍ ചാക്കയിലെ റെയില്‍വേ ട്രാക്കിലാണു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്നുവന്ന യുവതി ട്രെയിനിനു മുന്നിലേക്കു ചാടിയെന്നായിരുന്നു ലോക്കോ പൈലറ്റിന്റെ മൊഴി.
യുവതിയുടെ മരണത്തിനു പ്രേരണയായത് സഹപ്രവര്‍ത്തകനായ കാമുകനാണെന്നും ഇതുസംബന്ധിച്ച് യുവതിയുടെ കുടുംബം പരാതി നല്‍കുമെന്നും സംഭവദിവസം തന്നെ പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ പരാതി ഔദ്യോഗികമായി കിട്ടാതെ പ്രാഥമിക അന്വേഷണം പോലും വേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. യുവതിയുടെ പിതാവ് പരാതി നല്‍കിയപ്പോഴും ഗൗരവത്തോടെ അന്വേഷണം നടത്താന്‍ പൊലീസ് തയാറായില്ലെന്നും ആരോപണമുണ്ട്. കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതോടെ യുവതിയുടെ പിതാവ് സ്വന്തം നിലയ്ക്ക് തെളിവുകള്‍ ഒന്നൊന്നായി കണ്ടെത്തി പൊലീസിനു കൈമാറുകയായിരുന്നു.
യുവതിയുടെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ തെളിവുകള്‍ ലഭ്യമല്ലെന്നു കാട്ടിയാണ് അന്വേഷണത്തില്‍ അലംഭാവം കാട്ടിയത്. പിന്നീട് കോള്‍ ലിസ്റ്റ് പരിശോധനയില്‍ അവസാന കോള്‍ സുകാന്തിന്റേതായിരുന്നുവെന്നു കണ്ടെത്തിയപ്പോഴും പ്രതിയെ പിടികൂടാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തിനെതിരെ അന്വേഷണ സംഘം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. പണം തട്ടിയെടുത്തുവെന്ന കുറ്റമായിരുന്നു ചുമത്തിയത്. നേരത്തേ ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.