- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടുക്കിയിലെ ആന പാർക്ക് പദ്ധതി അട്ടിമറിച്ചത് ഭൂ മാഫിയ; നീക്കം നടത്തിയത് ഇടനില നിന്ന് ആദിവാസി ഭൂമി തട്ടാൻ; ഉടുമ്പൻചോല തഹസിൽദാരുടെ ഇടപെടൽ മാഫിയയ്ക്ക് കെണിയായി
ഇടുക്കി: മൂന്നാർ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ചിന്നക്കനാലിൽ സർക്കാർ പ്രഖ്യാപിച്ച ആന പാർക്ക് പദ്ധതിയുടെ മറവിൽ ആദിവാസി ഭൂമി തട്ടിയെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമാഫിയ നീക്കം നടത്തിയിരുന്നതായുള്ള വിവരങ്ങൾ പുറത്തായി. 2022 ജനുവരിയിലാണ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് മാഫിയ സംഘം ഭൂമി തട്ടിയെടുക്കാനുള്ള നീക്കം നടത്തിയത്. ഉടുമ്പൻചോല തഹസീൽദാരുടെ അവസരോചിതമായ ഇടപെടലുകളെ തുടർന്ന് പദ്ധതി പാളുകയായിരുന്നു.
ആന പാർക്കിനായി ഭൂമി ഏറ്റെടുക്കുമെന്നും തങ്ങൾ പറയുന്നവർക്ക് ഭൂമി വിട്ടു നല്കിയാൽ കുടുംബത്തിന് 15 ലക്ഷം രൂപ വീതം നല്കാമെന്ന് ഉദ്യോഗസ്ഥർ മുഖേനെ വാഗ്ദാനം ചെയ്താണ് ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നത്. സർക്കാർ ഭൂമി ഏറ്റെടുത്താൽ തുച്ഛമായ തുക മാത്രമേ ലഭിക്കൂവെന്ന് ഉദ്യോഗസ്ഥർ കുടിയിലെ വീടുകൾ കയറിയിറങ്ങി പ്രചരിപ്പിച്ചത്. പാർക്കിനായുള്ള സർവേ നടപടികൾ നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നതിനാൽ പലരും ഭൂമി വിട്ടു നല്കാൻ തയാറായി. ഇതിൽ സംശയം തോന്നിയ ചിലരാണ് ഉടുമ്പൻചോല താലൂക്ക് ഓഫീസിലെത്തി കാര്യങ്ങൾ തിരക്കിയത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിൽ നിന്ന് റവന്യു വകുപ്പിന് അറിയിപ്പും നല്കിയിരുന്നില്ല.
റവന്യു ഉദ്യോഗസ്ഥർ കുടികളിലെത്തി അന്വേഷണം നടത്തിയപ്പോൾ പ്രചരണത്തിനു പിന്നിൽ ഭൂ മാഫിയ സംഘങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ കുടിവാസികളിൽ നിന്നും മനസ്സിലാക്കിയ തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നല്കിയതോടെ ഭൂമാഫിയ ഉൾവലിഞ്ഞു.കോളനികളിലെ ഭൂമി വിൽക്കാനോ വാങ്ങാനോ കഴിയില്ലെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറെ വിവരം ധരിപ്പിച്ചതെന്നും അന്നത്തെ ഉടുമ്പൻചോല തഹസിൽദാരും ഇപ്പോൾ കോട്ടയം അഡീഷണൽ തഹസിൽദാരുമായ നിജു കുര്യൻ പറഞ്ഞു.
എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഭൂരഹിതരായ ആദിവാസികൾക്ക് ഇവിടെ പട്ടയം നല്കി പുനരധിവസിപ്പിച്ചത്. ഈ സ്ഥലം ആനകളുടെ സഞ്ചാര പാതയാണെന്ന് അന്നേ വിമർശനമുണ്ടായിരുന്നു.തുടക്കത്തിൽ 301 കുടുംബങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
അങ്ങനെയാണ് 301 കോളനിയെന്ന പേരും വന്നത്. ആന ശല്യം മൂലം പലരും ഭൂമി ഉപേക്ഷിച്ചു പോകുകയും ചെയ്തു. നൂറിൽ താഴെ കുടുംബങ്ങൾ മാത്രമാണ് നിലവിൽ ഇവിടെയുള്ളത്.
വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആന പാർക്ക് പദ്ധതി വിഭാവനം ചെയ്തത്. കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന പതിവുകൾക്ക് അറുതി വരുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്.മതികെട്ടാൻചോല ദേശീയ ഉദ്യാനവുമായി ബന്ധപ്പെടുത്തിയാണ് പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രദേശത്ത് കാടിന്റെ വ്യാപ്തി വർധിപ്പിച്ച് ആനകൾക്കുള്ള തീറ്റയും വെള്ളവും ഒരുക്കുന്നതോടെ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് കുറയുമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിരുന്നു. ഇതു മൂലമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി സർവേ നടപടികളും മറ്റും പൂർത്തീകരിച്ച് വനം വകുപ്പ് സർക്കാരിന് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടായില്ല.
രാഷ്ട്രീയ പാർട്ടികളുമായി രഹസ്യ ബന്ധമുള്ള ഭൂമാഫിയയുടെ പ്രവർത്തനങ്ങളും മൂന്നാർ, ചിന്നക്കനാൽ മേഖലകൾ കേന്ദ്രീകരിച്ച് സജീവമാണെന്ന് പറയപ്പെടുന്നു. ഇവരെ പ്രതിരോധിക്കുന്നതിനായി കോളനിയിൽ നിന്നും ഭൂമി ഒഴിഞ്ഞു പോയവർക്ക് നല്കിയിരുന്ന പട്ടയങ്ങൾ റദ്ദു ചെയ്യാനുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോയിരുന്നു.എന്നാൽ പുറത്തു നിന്നുള്ള പലരും ഈ ഭൂമികൾ പാട്ടത്തിനെടുക്കുകയും ചെയ്തു. ഇവരുടെ ഇടപെടലുകളെ തുടർന്ന് പട്ടയങ്ങൾ റദ്ദുചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ പാതി വഴിയിൽ നിലച്ചിരിക്കുകയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്