ചെന്നൈ: വ്യാജ വാഗ്ദാനം നൽകി ആദിവാസികളെ കബളിപ്പിച്ച മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെതിരെ അന്വേഷണം. 500 രൂപക്ക് അക്കൗണ്ട് തുറന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 രൂപ നിക്ഷേപിക്കുന്നായിരുന്നു വാഗ്‌ദാനം. ബേട്ടമുഗിലാലത്തെ അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ മുരുകേശനെതിരെയാണ് പരാതി. സംഭവത്തിൽ എബിപിഎമ്മിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ബേട്ടമുഗിലാലം ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുറന്നാൽ പ്രധാനമന്ത്രി മോദി അതിൽ 10,000 രൂപ നിക്ഷേപിക്കുമെന്നായിരുന്നു പറഞ്ഞത്. 500 രൂപ, മൂന്ന് ഫോട്ടോകൾ, പാൻ കാർഡിന്‍റെ ഫോട്ടോ കോപ്പികൾ, ആധാർ എന്നിവയുമായി പോസ്റ്റ് ഓഫീസിനെ സമീപിക്കാൻ എബിപിഎം മുരുകേശൻ വാഗ്ദാനം നല്‍കുകയായിരുന്നുവെന്ന് കൊട്ടയൂർകൊല്ലൈയിലെ കര്‍ഷകനായ എം വീരബതിരൻ പറഞ്ഞു.

ഈ വിവരം അറിഞ്ഞതോടെ ബേട്ടമുഗിലാലം പഞ്ചായത്തിലെ പല ആദിവാസി ഊരുകളിൽ നിന്നും ജനങ്ങൾ പോസ്റ്റ് ഓഫീസിലെത്തി കാര്യം തിരക്കി. എന്നാൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ 1000 രൂപ ‘കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ’യിൽ നിക്ഷേപിക്കുന്നത് പോലെ ഭാവിയിൽ മോദി പണം നിക്ഷേപിക്കുമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്ന് എബിപിഎം പറഞ്ഞു. മുരുകേശൻ അപേക്ഷകർക്ക് പണവും രേഖകളും തിരികെ നൽകാൻ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം നിരവധി ജനങ്ങൾ അറിഞ്ഞ് സ്റ്റേഷനിൽ എത്തിയതോടെയാണ് മുരുകേശൻ പണവും രേഖകളും തിരികെ നൽകാൻ ആരംഭിച്ചത്. എന്നാൽ ഇങ്ങനെ ഒരു പദ്ധതി നിലവില്ലെന്നുള്ളത് അപ്പോഴും പല ഗ്രാമവാസികൾക്കും അറിയില്ലായിരുന്നു.

മുരുകേശൻ കുറച്ച് ദിവസം മുമ്പ് തന്നെ ഗ്രാമത്തിലെത്തി മോദി പണം നിക്ഷേപിക്കുന്ന പദ്ധതിയെ കുറിച്ച് അറിയിച്ചുവെന്നാണ് പ്രദേശവാസിയായ എം പുഷ്പ പറയുന്നത്. തുടർന്ന് തിങ്കളാഴ്ച പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അക്കൗണ്ട് തുടങ്ങാൻ അപേക്ഷ നൽകി. എന്നാൽ ബുധനാഴ്ച ആയപ്പോഴേക്കും 500 രൂപ തിരികെ ലഭിച്ചു, കൂടാതെ രേഖകൾ മുരുകേശൻ കീറിക്കളഞ്ഞുവെന്നും അവര്‍ പറഞ്ഞു.

ബേട്ടമുഗിലാലം പോസ്റ്റ് ഓഫീസിൽ ഒരാഴ്ചയ്ക്കിടെ അൻപതോളം അപേക്ഷകളാണ് ലഭിച്ചത്. ചൊവ്വാഴ്ചയാണ് 15 അപേക്ഷകർക്ക് പണം തിരികെ നൽകിയ കാര്യം അറിഞ്ഞത്. താമസിക്കാതെ ശേഷിക്കുന്ന അപേക്ഷകർക്ക് അവരുടെ പണം തിരികെ നൽകും. സംഭവത്തിൽ വകുപ്പ് അന്വേഷണം നടത്തുമെന്ന് പോസ്റ്റല്‍ ഇൻസ്പെക്ടര്‍ വി പളനിമുത്തു പറഞ്ഞു.