- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഹിറ്റ്ലറെ പ്രകീര്‍ത്തിക്കുന്ന സിനിമ ഉദ്ഘാടന ചിത്രമാവുമോ? ഐഎഫ്എഫ്ഐയിലെ സവര്‍ക്കര്‍ ചിത്ര പ്രദര്‍ശനത്തിന് എതിരെ സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം; മേളക്ക് ക്യുറേറ്റര്‍ ഇല്ലാത്തത് വിചിത്രമെന്നും വിമര്‍ശനം; വിവാദങ്ങളോടെ ഇഫിക്ക് തുടക്കം
വിവാദങ്ങളോടെ ഇഫിക്ക് തുടക്കം
പനാജി: ഗോവയിലെ മണ്ഡോവി നദിക്കരയില്‍ ഇനി ഒരുവാരം ലോക സിനിമയുടെ പകല്‍പ്പൂരം. അന്‍പത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ കൊടിയേറുന്നത് പതിവുപോലെ വിവാദവുമായിട്ടാണ്. 2024- ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഇഫി) ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വെള്ളിത്തിര കണ്‍തുറക്കുന്നത് രണ്‍ദീപ് ഹുഡേയുടെ സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന സിനിമയോടെയാണ്. ഇതിനെതിരെ കേരളത്തില്‍നിന്നടക്കമുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേരളാ സ്റ്റോറിയടക്കമുള്ള പ്രൊപ്പഗാന്‍ഡ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചതിനെ ചൊല്ലി മേളയില്‍ വലിയ വിവാദം ഉണ്ടായിരുന്നു.
ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഹിറ്റ്ലറെ പ്രകീര്‍ത്തിക്കുന്ന സിനിമ ഉദ്ഘാടനചിത്രമായി വരുന്നത് നടക്കുമോ എന്നാണ് സോഷ്യല്‍ മീഡിയില്‍ ഇടത് അനുകൂലികളായ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അല്ലെങ്കില്‍ വെനീസ് ചലച്ചിത്രോത്സവം, മുസോളിനിയെ പ്രകീര്‍ത്തിക്കുന്ന സിനിമ കൊണ്ട് ആരംഭിക്കുകയാണെന്ന് കരുതുകയാണെങ്കില്‍ അത് എത്രമാത്രം മോശമാണ് എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ഫാസിസത്തിന് മൂലരൂപമിട്ട സവര്‍ക്കറെ ആരാധിക്കുന്ന സിനിമ സാംസ്‌ക്കാരിക മൂല്യചുതിയാണെന്നാണ്, സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മാത്രം മതിയെന്നും, എല്ലാവ്യക്തികളെയും പോലെ നന്‍മ തിന്‍മകള്‍ ഒത്തുചേര്‍ന്ന വ്യക്തിത്വമാണ് സവര്‍ക്കറിന്റെത് എന്നും, അത് ചിത്രീകരിക്കുന്നതില്‍ എന്താണ് തെറ്റുമെന്നും, മറുവിഭാഗവും ചോദിക്കുന്നുണ്ട്. വീര്‍ സവര്‍കക്കര്‍ മേളയുടെ ഉദ്ഘാടനചിത്രമാണെന്ന്, പറയുന്നത് തെറ്റിദ്ധാരണയാണെന്നും അത് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനചിത്രം മാത്രമാണെന്നും സംഘടാകരും വിശേഷിപ്പിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാറിന്റെ മേള
ഒരുകാലത്ത്, ലോകത്തെ എണ്ണം പറഞ്ഞ പത്തോ പതിനഞ്ചോ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഒന്നായിരുന്നു ഇഫി. 1952 ല്‍ മത്സരവിഭാഗം ഇല്ലാതെ ബോംബെയില്‍ സംഘടിപ്പിക്കപ്പെട്ട ആദ്യ ചലച്ചിത്രമേളയുടെ രക്ഷാധികാരി പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ടുതന്നെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 'ലോകത്തിലെ ചലച്ചിത്രപ്രേമികള്‍ക്ക് മുന്നില്‍ സ്ഥിരപ്രതിഷ്ഠ നേടി. 1965 മുതല്‍ മത്സരാധിഷ്ഠിത ചലച്ചിത്രമേളയായി 'ഇഫി' മാറി.
പക്ഷേ പിന്നീടങ്ങോട്ട് ഇഫി പുര്‍ണ്ണമായും കച്ചവടത്തിന്റെ വേദിയായി എന്നാണ് വിമര്‍ശനം. 2004 മുതലാണ് ഗോവ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദിയായത്. ഇതോടെ ബോളിവുഡ് താരങ്ങള്‍ മേളയുടെ ഉദ്ഘാടന വേദികളില്‍ മുഖ്യ ആകര്‍ഷണമായി മാറാന്‍ തുടങ്ങി. സമാന്തര സിനിമകളുടെ ഏറ്റവും വലിയ വേദി കൊമേര്‍ഷ്യല്‍ സിനിമാക്കാര്‍ കൈയടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മാത്രമല്ല ഗോവന്‍ സര്‍ക്കാര്‍ ഇപ്പോള്‍ മേളയുടെ മറവില്‍ ടൂറിസം പ്രമോഷനാണ് കൂടതല്‍ ശ്രദ്ധിക്കുന്നത്. മനോഹര്‍ പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്,വന്‍ ഹൈപ്പുണ്ടാക്കി മേള ഒരു ടുറിസം ഫെസ്റ്റിവലായി മാറിയത്.
ലോകത്തിലെ എല്ലാ ചലച്ചിത്രമേളകള്‍ക്കും പിന്നില്‍ നല്ല ക്യൂറേറ്റര്‍മാര്‍ ഉണ്ടാവും. എന്നാല്‍ വിചിത്രമായ കാര്യം, 'ഇഫി'യ്ക്ക് ഒരു ക്യുറേറ്റര്‍ ഇല്ല എന്നതാണ്. നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പറേഷനും, ഇന്ത്യ ഗവണ്‍മെന്റിന്റെ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗും, എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവയും ചേര്‍ന്നാണ് 'ഇഫി' സംഘടിപ്പിക്കുന്നത്. ഈ മൂന്ന് സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥ തലത്തിലാണ് സിനിമയുടെ തിരഞ്ഞെടുപ്പുള്‍പ്പടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നു. കേരള സ്റ്റോറിപോലെയുള്ള പ്രൊപ്പഗന്‍ഡാ സിനിമകള്‍ കയറിവരുന്നത് അങ്ങനെയാണെന്നാണ് വിമര്‍ശനം. മേളയെ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍നിന്ന് മാറ്റി, സ്വതന്ത്രമായ ക്യൂറേറ്ററിങ്ങ് സംവിധാനത്തിലേക്ക് കൊണ്ടുവരണം എന്നാണ് ഇതിന് പോംവഴിയായി ചലച്ചിത്ര പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്.
പനോരമയില്‍ നാല് മലയാള ചിത്രങ്ങള്‍
നവംബര്‍ 20 മതല്‍ 28വരെയാണ് ഫിലി ഫെസ്റ്റിവല്‍ നടക്കുക. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇത്തവണ നാല് ചിത്രങ്ങളുണ്ട്.മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം, പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതം, ആലിഫ് അലി ചിത്രം ലെവല്‍ ക്രോസ്, ചിദംബരം സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയാണ് പനോരമയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തി അഞ്ച് ഫീച്ചര്‍ സിനിമകളും ഇരുപത് നോണ്‍-ഫീച്ചര്‍ സിനിമകളുമാണ് പട്ടികയിലുള്ളത്. ഫീച്ചര്‍ ഫിലിമിലാണ് ഭ്രമയുഗവും ആടുജീവിതവും ഇടംപിടിച്ചത്.
അതേസമയം, തമിഴില്‍ നിന്നും ജിഗര്‍തണ്ട ഡബിള്‍ എക്‌സും തെലുങ്കില്‍ നിന്നും ചിന്ന കഥ കാടു, കല്‍ക്കി 2898 എഡി എന്നീ സിനിമകളും പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാവതാര്‍ നരസിംഹ, ആര്‍ട്ടിക്കിള്‍ 370, 12ത് ഫെയില്‍, ശ്രീകാന്ത് എന്നീ ഹിന്ദി സിനിമകളും പട്ടികയിലുണ്ട്.പനോരമയുടെ ഉദ്ഘാടന ചിത്രമാണ് വിവാദമായ 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' ആണ്. രണ്‍ദീപ് ഹൂഡയാണ് സംവിധാനം. രണ്‍ദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാല്‍ എന്നിവരാണ് വീര്‍ സവര്‍ക്കറിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രം ഹിന്ദി, മറാത്തി എന്നീ രണ്ട് ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂഡയും ചേര്‍ന്നായിരുന്നു രചന നിര്‍വഹിച്ചത്.