- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയാൾ അതാ വരുന്നു' എന്ന് മോൾ ഭയപ്പാടോടെ നിലവിളിച്ചാൽ 'മോൾ ഉള്ളിലേക്ക് പൊയ്‌ക്കോ' എന്ന് മാത്രം ആശ്വസിപ്പിക്കുന്ന ഒരു അച്ഛന്റെ അവസ്ഥ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ! മുനവച്ച പോസ്റ്റുമായി ജി ശക്തിധരൻ; മുഖ്യമന്ത്രിയുടെ ഓഫീസിൽ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം; ഐജിയുടെ വെളിപ്പെടുത്തൽ ലക്ഷ്യം വയ്ക്കുന്നത് ആരെ?
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിൽ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം പ്രവൃത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മോൻസൻ മാവുങ്കൽ കേസിൽ പ്രതിയായ ഐ.ജി. ഗുഗുലോത്ത് ലക്ഷ്മൺ രംഗത്തെത്തുമ്പോൾ ചർച്ചയായി ദേശാഭിമാനിയിലെ മുൻ എഡിറ്റോറിയൽ അംഗമായിരുന്ന ജി ശക്തിധരന്റെ പോസ്റ്റും. മോൻസൻ മാവുങ്കൽ നടത്തിയ വ്യാജപുരാവസ്തു തട്ടിപ്പുകേസിൽ തന്നെ മൂന്നാംപ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഗുരുതര ആരോപണം ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള അസാധാരണ ഭരണഘടനാ അഥോറിറ്റി സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ ഒത്തുതീർപ്പുണ്ടാക്കുകയും ഇടനിലക്കാരനാകുകയും മധ്യസ്ഥം വഹിക്കുകയും ചെയ്യുന്നുവെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതി വിവിധ ആർബിട്രേറ്റർമാർക്ക് കൈമാറിയ തർക്കവിഷയങ്ങൾപോലും ഈ അധികാരകേന്ദ്രം ഇടപെട്ട് ഒത്തുതീർപ്പാക്കിയിട്ടുണ്ട്. തിരശ്ശീലയ്ക്കുപിന്നിൽനിന്ന് തന്നെ പ്രതിയാക്കിയതുപോലുള്ള നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകുന്നതും ഇതേ അധികാര കേന്ദ്രമാണെന്നും ഹർജിയിൽ പറയുന്നു. ഗുരുതര ആരോപണമാണ് ഐജി ഉന്നയിക്കുന്നത്. കേരളാ പൊലീസ് ട്രെയിനിങ് വിഭാഗത്തിന്റെ ചുമതലയിലാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥൻ.
മോൻസൻ മാവുങ്കൽ തട്ടിപ്പുകേസിൽ ഗുഗുലോത്ത് ലക്ഷ്മണിനെ മൂന്നാംപ്രതിയാക്കി കഴിഞ്ഞ ജൂൺ ഒൻപതിനാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യർ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എഫ്.ഐ.ആർ. ഫയൽ ചെയ്തത്. ഇത് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ ജസ്റ്റിസ് രാജ വിജയരാഘവൻ സർക്കാരിന്റെ നിലപാട് തേടി. ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ല. മോൻസന്റെ തട്ടിപ്പുകേസിൽ 2021 സെപ്റ്റംബർ 23-ന് എടുത്ത ആദ്യ എഫ്.ഐ.ആറിൽ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. സാക്ഷികളും തനിക്കെതിരേ ആരോപണം ഉന്നയിച്ചിട്ടില്ല. കേസിൽ പങ്കുണ്ടോ എന്നതിൽ നേരത്തേ നടന്ന വകുപ്പുതല അന്വേഷണത്തിലും പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. അങ്ങനെയാണ് സർവ്വീസിൽ തിരിച്ചെടുത്തത്.
മോൻസന്റെ തട്ടിപ്പിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ എ.ഡി.ജി.പി. ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഒരു തെളിവുമില്ലാതെയാണ് തന്നെ പ്രതിയാക്കിയിരിക്കുന്നത്. തട്ടിപ്പിന് ഇരയായവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും തന്നെക്കുറിച്ച് പറഞ്ഞിട്ടില്ല. ചോദ്യംചെയ്യാൻ ജൂലായ് 31-ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐ.ജി. ഹൈക്കോടതിയെ സമീപിച്ചത്. ഇതേ കേരളമാകെ ചർച്ചയാണ്. ഇതിനിടെയാണ് ജി ശക്തിധരനും ഫെയ്‌സ് ബുക്കിലൂടെ ചില സൂചനകൾ നൽകുന്നത്.
ശക്തിധരന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഡന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു!
ഡന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു. ഉറക്കം നടിക്കുന്നവർക്കും അതറിയാം .അടുത്ത പിബി വരെ കാക്കാം . മുഖ്യമന്ത്രിയുടെ കസേരയിൽ കയറിയിരുന്ന് വളയം പിടിക്കാം എന്ന വിശ്വാസം ഇനി എത്രനാൾ? .
നിരവധി ബാലാൽസംഗ ആരോപണങ്ങളിൽ സംസ്ഥാനകമ്മിറ്റി ഒന്നാകെ അന്വേഷിച്ചു പാർട്ടിയിൽ നിന്ന് പുറത്തായ ഒരാൾ, മലപ്പുറം സമ്മേളനത്തിൽ കളങ്കിതനായ ഒരേ ഒരാളെ മാത്രം സംസ്ഥാനകമ്മിറ്റിയിൽ നിന്ന് മാറ്റിനിർത്തിയാൽ തെരഞ്ഞെടുപ്പില്ലാതെ യോജിച്ചു തന്നെ മുന്നോട്ടു പോകാം എന്ന് വി എസ്സ് ചൂണ്ടിക്കാട്ടിയ ഒരാൾ , അത് സാധ്യമല്ല എന്ന് നിലപാട് എടുത്ത ഒറ്റ ആളുടെ പിടിവാശികൊണ്ട് മാത്രം സംസ്ഥാനകമ്മിറ്റിയിൽ കയറിപ്പറ്റിയ ഒരാൾ അയാളുടെ കൈവെള്ളയിലാണ് ഇന്ന് കേരള ഭരണം!
എന്നുമാത്രമല്ല കണ്ണൂരിൽ നിന്ന് ഔദ്യോഗിക പാനലിൽ അടുത്ത സംസ്ഥാന സമ്മേളത്തിലേക്കുള്ള പ്രതിനിധി പോലും ആക്കാനാവില്ലെന്നു ഇന്നത്തെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ വഴങ്ങികൊടുക്കാതിരിക്കെ ,അതുക്കും മേലെ ഈ പാനലിനെ മറികടന്ന് സമ്മേളനത്തിന് പുറത്തിന്ന് ഔദ്യോഗിക പാനലിൽ ഒരാളുടെ വ്യക്തിനിഷ്ട നിലപാട് കാരണം വീണ്ടും സംസ്ഥാനകമ്മിറ്റിയിൽ കടന്നുകൂടിയവനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ അനാരോഗ്യം കാരണം സ്റ്റിയറിങ് തിരിക്കുന്നത് ?
സംസ്ഥാനകമ്മിറ്റിയിൽ മൂന്നുമാസം എത്തും മുൻപേ സെക്രട്ടറിയേറ്റിലെ താക്കോൽ സ്ഥാനം വീണ്ടും ഇപ്പോൾ പിടിച്ചെടുത്തു. . ഇത് എന്തിനു വേണ്ടിയാണ്? 'അയാൾ അതാ വരുന്നു' എന്ന് മോൾ ഭയപ്പാടോടെ നിലവിളിച്ചാൽ ' മോൾ ഉള്ളിലേക്ക് പൊയ്‌ക്കോ' എന്ന് മാത്രം ആശ്വസിപ്പിക്കുന്ന ഒരു അച്ഛന്റെ അവസ്ഥ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.
ഇത്തരത്തിലൊരുത്തനല്ലാതെ സ്വഭാവ ശുദ്ധിയുള്ള ആരുമില്ലേ ഈ പാർട്ടിയിൽ? കഴിവുള്ള ആരുമില്ലേ? ഉണ്ട് പതിനായിക്കണക്കിനു പാർട്ടിയോട് കൂറുള്ളവർ ഉണ്ട്.വിദ്യാസമ്പന്നർ ഉണ്ട് .പാർട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്നവരുണ്ട്.ഏറെ പീഡനങ്ങൾ സഹിച്ചവരുണ്ട്. പാർട്ടി പേഴ്സണൽ സ്റ്റാഫിൽ വരേണ്ടവർക്കുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു ആണോ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ നിയമനങ്ങൾ നടത്തിയിട്ടുള്ളത്. താക്കോൽ സ്ഥാനങ്ങളിൽ എല്ലാം മാഫിയാ ബന്ധമുള്ളവർ. ശതകോടീശ്വരന്മാരുടെ മനസാക്ഷി സൂക്ഷിപ്പുകാർ. ഇവർക്കു വേണ്ടിയാണോ. നൂറുകണക്കിന് ആളുകൾ സ്വന്തം കുടുംബത്തെക്കുറിച്ചു പോലും ചിന്തിക്കാതെ രക്തസാക്ഷികളായത് ?
കോൺഗ്രസ്സ് അധികാരത്തിൽ വരുന്നതുപോലെയല്ല ,സിപിഎം അധികാരത്തിൽ വരുന്നത്.ഇത് നിരാലംബരുടെ പ്രസ്ഥാനമാണ് . ഏഴകളുടെ പ്രസ്ഥാനമാണ്.ഉമ്മൻ ചാണ്ടിമാർ ഇല്ലാതെ ജനങ്ങ ളുടെ കണ്ണീരൊപ്പാൻ കഴിയുന്ന പ്രസ്ഥാനമാണ്. ജനങ്ങൾ ഉമ്മൻ ചാണ്ടിമാരെ തേടിപ്പോയത് കമ്മ്യുണിസ്റ്റ് നേതാക്കൾ അംബാനിമാരെയും അദാനിമാരെയും മറ്റും തേടിപ്പോയതുകൊണ്ടാണ് .ഇപ്പോൾ ഭരണചക്രം തിരിക്കുന്നത് പടുകൂറ്റൻ വ്യാസായികൾക്കും ഭരണസാരഥിയുടെ കുടുംബത്തിനും മാത്രമാണ്. സിപിഎം അണികൾ ഇത് കാണുന്നില്ലേ?
എകെജി പകർന്നുതന്ന വിപ്ലവ ബോധത്തിന്റെ തരിമ്പെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ ചൂലും കൊണ്ട് മാഫിയ ബന്ധമുള്ള ഒരോരുത്തനെയായി അടിച്ചു പുറത്തിറക്കണം .എന്നിട്ട്
മുഷ്ടി ചുരുട്ടി വിളിക്കണം.ഇങ്കിലാബ് സിന്ദാബാദ് .
മറുനാടന് മലയാളി ബ്യൂറോ