- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വീഡിഷ് സ്റ്റൈലിൽ ഇന്ത്യയെ മോടിപിടിപ്പിക്കാൻ 'ഐക്കിയ'; വരാനിരിക്കുന്നത് 30 പുതിയ സ്റ്റോറുകൾ; ചൈനയിലെ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാൻ മാസ്റ്റർ പ്ലാൻ; നൂറു വർഷത്തെ കച്ചവടം ലക്ഷ്യമിട്ട് വമ്പൻ നിക്ഷേപം

സിംഗപ്പൂർ: ആഗോള ഫർണിച്ചർ ഭീമന്മാരായ ഐക്കിയയുടെ ചുവടുമാറ്റം ഇന്ത്യയിലേക്ക്. ലോകമെമ്പാടും വിപണിയിൽ മാന്ദ്യം നേരിടുമ്പോഴും ചൈനയിൽ സ്റ്റോറുകൾ ഒന്നൊന്നായി പൂട്ടേണ്ടി വരുമ്പോഴും, ഇന്ത്യയെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട 'ഭാവി വിപണി'യായി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ സ്വീഡിഷ് കമ്പനി. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ സ്റ്റോറുകളുടെ എണ്ണം ആറിൽ നിന്ന് മുപ്പതിലേക്ക് ഉയർത്താനാണ് കമ്പനിയുടെ ലക്ഷ്യം.
ലോകത്തെ ഏറ്റവും വലിയ ഫർണിച്ചർ റീട്ടെയിലറായ ഐക്കിയ, ഇന്ത്യയെ വെറുമൊരു കച്ചവട കേന്ദ്രമായല്ല കാണുന്നത്. ജനുവരി 26-ന് ഒപ്പുവെച്ച ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) പശ്ചാത്തലത്തിൽ, ഇന്ത്യയെ ഒരു ആഗോള കയറ്റുമതി ഹബ്ബാക്കി മാറ്റാനാണ് പ്ലാൻ. നിലവിൽ ഇന്ത്യയിലെ വിൽപനയുടെ 30 ശതമാനവും പ്രാദേശികമായി കണ്ടെത്തുന്ന അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ്. ഇത് 2030-ഓടെ 50 ശതമാനമായി ഉയർത്താനാണ് ഐക്കിയ ഇന്ത്യ സിഇഒ പാട്രിക് ആന്റണി ലക്ഷ്യമിടുന്നത്.
"അടുത്ത 100 വർഷം മുന്നിൽക്കണ്ടാണ് ഞങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക സഹകരണം ഞങ്ങളുടെ ആഗോള ശൃംഖലയിൽ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിപ്പിക്കും," പാട്രിക് ആന്റണി പറഞ്ഞു. ഐക്കിയയുടെ ആഗോള വിൽപനയിൽ കഴിഞ്ഞ രണ്ട് വർഷമായി നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഓഗസ്റ്റിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 44.6 ബില്യൺ യൂറോയാണ് കമ്പനിയുടെ റീട്ടെയിൽ വിൽപന.
ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ തളർച്ചയും ഓൺലൈൻ വിപണിയിലെ കടുത്ത മത്സരവും കാരണം അവിടെയുള്ള ഏഴ് വമ്പൻ സ്റ്റോറുകൾ കമ്പനി അടച്ചുപൂട്ടി. വമ്പൻ ഷോറൂമുകൾക്ക് പകരം ചെറിയ ഔട്ട്‌ലെറ്റുകളിലേക്ക് ചൈനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. എന്നാൽ ഇന്ത്യയിലെ ചിത്രം നേരെ തിരിച്ചാണ്. 2024-ൽ 25 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഫർണിച്ചർ വിപണി 2030-ഓടെ 48 ബില്യൺ ഡോളറിലെത്തുമെന്നാണ് ഐക്കിയയുടെ കണക്കുകൂട്ടൽ. ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഐബിഇഎഫിന്റെ (IBEF) കണക്കുകളേക്കാൾ വേഗത്തിലുള്ള വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
നിലവിൽ ഹൈദരാബാദ്, നവി മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ വമ്പൻ സ്റ്റോറുകളും മുംബൈയിലും പശ്ചിമ ഡൽഹിയിലും സിറ്റി സ്റ്റോറുകളും ഐക്കിയയ്ക്കുണ്ട്. ഈ മാസം പുണെയിൽ പുതിയ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. നോർത്ത് ഇന്ത്യയിലെ ആദ്യത്തെ വമ്പൻ സ്റ്റോർ ഗുരുഗ്രാമിൽ ഉടൻ തുറക്കും. ഇതിന് പിന്നാലെ ഉത്തർപ്രദേശിലെ നോയിഡയിലും പുതിയ 'ലൈക്ലി' സ്റ്റോർ എത്തും. ഷോപ്പിംഗിനൊപ്പം വിനോദത്തിനും സൗഹൃദക്കൂട്ടായ്മകൾക്കും ഓഫീസ് സൗകര്യങ്ങൾക്കും പ്രാധാന്യം നൽകുന്ന പുത്തൻ രീതിയാണ് ഗുരുഗ്രാമിൽ പരീക്ഷിക്കുന്നത്.
ഇന്ത്യയിൽ ഐക്കിയയുടെ വിൽപനയുടെ 70 ശതമാനവും നേരിട്ടുള്ള സ്റ്റോറുകൾ വഴിയാണ്. ബാക്കി 30 ശതമാനം മാത്രമാണ് ഇ-കൊമേഴ്‌സ് വഴി നടക്കുന്നത്. ഉപഭോക്താക്കൾ സാധനങ്ങൾ നേരിട്ട് കണ്ടും തൊട്ടും ബോധ്യപ്പെട്ട ശേഷം വാങ്ങുന്ന രീതിയാണ് ഇന്ത്യയിൽ കൂടുതൽ പ്രിയമെന്ന് കമ്പനി വിലയിരുത്തുന്നു.
മുംബൈ, ഡൽഹി എൻസിആർ, ബെംഗളൂരു, ഹൈദരാബാദ്, പുണെ, ചെന്നൈ എന്നീ ആറ് പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഐക്കിയയുടെ ഇപ്പോഴത്തെ വിപുലീകരണം. കഴിഞ്ഞ വർഷം മാത്രം ഏകദേശം 11 കോടി തവണയാണ് ഇന്ത്യൻ ഉപഭോക്താക്കൾ ഐക്കിയയുമായി സംവദിച്ചത്. ഇന്ത്യയിലെ വിൽപനയിൽ ആറ് ശതമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടായത്. 2028 ഓഗസ്റ്റോടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ലാഭകരമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഇന്ത്യയിലെ വീട് നിർമ്മാണ മേഖലയിലുണ്ടായ കുതിച്ചുചാട്ടവും മാറുന്ന ജീവിതശൈലിയും ഐക്കിയയ്ക്ക് അനുകൂല ഘടകങ്ങളാണ്. ഇന്ത്യയിൽ ഐക്കിയയുടെ അത്രയും വലിയ തോതിൽ പ്രവർത്തിക്കുന്ന മറ്റൊരു ബ്രാൻഡ് നിലവിലില്ലാത്തത് ഇവർക്ക് വിപണിയിൽ മേധാവിത്വം നൽകുന്നു. വരും വർഷങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് ഐക്കിയ എത്തുന്നതോടെ ഇന്ത്യൻ ഫർണിച്ചർ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്.


