തിരുവനന്തപുരം: രാജ്യത്ത് മോദി ഭരണത്തിന് പിന്നാലെ വിപ്ലവകരമായ നിരവധി നിയമങ്ങളാണ് നടപ്പിലാക്കുന്നത്. ഇപ്പോഴിതാ, അനധികൃത വായ്പവിതരണം തടയുന്നതിന് വേണ്ടി കേന്ദ്രസർക്കാർ പുതിയനിയമം കൊണ്ടുവരുന്നുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഇപ്പോൾ അനധികൃത നിക്ഷേപം സ്വീകരിക്കുന്നതും കള്ളപ്പണ ഇടപാടും തടയാനും വേണ്ടി പ്രത്യേക നിയമം ഉണ്ട് .

സമാനമാതൃകയിൽ വായ്പവിതരണത്തിനും അംഗീകൃതരീതി നിർണയിക്കുന്നതാണ് ഈ നിയമം. ആർ.ബി.ഐ.യുടേയോ മറ്റു ഏജൻസികളുടെയോ അംഗീകാരമില്ലാതെയുള്ള പണയവായ്പ നൽകുന്നതും പലിശയ്ക്ക് പണം കൊടുക്കുന്നതും നിരോധിത ഇടപാടായി മാറും. പുതിയ നിയമത്തെക്കുറിച്ചുള്ള നിർദേശം സമർപ്പിക്കാനായി കരട് ബില്ലുസഹിതം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കായി നൽകുകയും ചെയ്തിട്ടുണ്ട്.

അതുപോലെ തന്നെ കമ്പനിനിയമത്തിൽ നിർവചിച്ച പ്രകാരമുള്ള ബന്ധുക്കൾക്കല്ലാതെ വായ്പ നൽകുന്നതിന് വ്യക്തികൾക്ക് വിലക്കും ഉണ്ട്. ഇതിനിടെ, പലിശ ഈടാക്കി പണം കടമായി നൽകുന്നതു മാത്രമാണ് വായ്പയുടെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അനധികൃത വായ്പവിതരണം ഏതൊക്കെയാണെന്ന് നിയമം പ്രാബല്യത്തിൽവരുന്നതിനൊപ്പം കേന്ദ്രം വിജ്ഞാപനംചെയ്യും.

അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും ഓൺലൈൻ സേവനങ്ങളുമെല്ലാം കേന്ദ്രത്തിന്റെ ഒരു ഡേറ്റാ സെന്ററിൽ രജിസ്റ്റർ ചെയ്യുന്ന വിധത്തിലാണ് നിയമത്തിലെ വ്യവസ്ഥ. വായ്പ നൽകുന്ന സ്ഥാപനമോ, സംഘമോ അംഗീകൃതമാണോയെന്ന് ഇതിലൂടെ പൊതുജനങ്ങൾക്ക് ഉറപ്പാക്കാനാകും.

എല്ലാ സംസ്ഥാനത്തും ഇത്തരം കേസുകൾ പരിശോധിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കരട് നിയമത്തിൽ വ്യവസ്ഥ ഉണ്ട്. പ്രത്യേകകോടതിയും നിലവിൽവരും. പരാതികളിൽ ഗൗരവമുള്ളതാണെങ്കിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് നേരിട്ട് സി.ബി.ഐ.ക്ക് കൈമാറുകയും ചെയ്യാം. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെത്തന്നെ സി.ബി.ഐ.ക്ക് അന്വേഷിക്കുകയും ചെയ്യാം.

*അനധികൃതമായി വായ്പ നൽകിയാലുള്ള ശിക്ഷാവിധി ഇങ്ങനെ,

നിയമവിരുദ്ധമായി വായ്പനൽകുന്നത് രണ്ടുവർഷംമുതൽ ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതർ പറഞ്ഞു. രണ്ടുലക്ഷംമുതൽ ഒരുകോടിരൂപവരെ പിഴയും ലഭിക്കാം. ഇങ്ങനെ നൽകിയ വായ്പ തിരിച്ചുപിടിക്കാൻ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടായാൽ പത്തുവർഷംവരെ തടവുലഭിക്കും.അഞ്ചുലക്ഷം രൂപയോ വായ്പയുടെ രണ്ടിരട്ടിയോ പിഴയായും നൽകേണ്ടിവരും.

കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ വായ്പവിതരണം ചെയ്താലോ, അത്തരത്തിലുള്ള പരസ്യങ്ങൾ നൽകിയാലോ ഏഴുവർഷംവരെ തടവുലഭിക്കാവുന്ന കുറ്റമെന്നും അധികൃതർ പറയുന്നു.

എന്തായാലും ഇത് ഇനി പൊതുജനങ്ങളെ എങ്ങനെ ബാധിക്കുമെന്നും നോക്കി കാണേണ്ടതുണ്ട്. പുതിയ കേന്ദ്രനിയമം സാധാരണകാരെ എങ്ങനെ ബാധിക്കുമെന്നും വരും നാളുകളിൽ അറിയാം.