- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ് ജയിലില്‍ എത്തിയ ഉമ്മയെ കാണാന്‍ വിസമ്മതിച്ച് റഹീം; മകനോട് വീഡിയോ കോളില്‍ സംസാരിച്ച് ഫാത്തിമ: കുടുംബം സൗദിയിലെത്തിയത് റഹീമിന്റെ മോചനത്തിനു പ്രവര്‍ത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെ
റിയാദ് ജയിലില്‍ എത്തിയ ഉമ്മയെ കാണാന്‍ വിസമ്മതിച്ച് റഹീം; മകനോട് വീഡിയോ കോളില്‍ സംസാരിച്ച് ഫാത്തിമ
കോഴിക്കോട്: മോചനം കാത്തു സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ സന്ദര്‍ശിക്കാന്‍ കുടുംബം റിയാദ് ജയില്‍ എത്തി. ഇദ്ദേഹത്തെ നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും റഹീം വിസമ്മതിച്ചതിനെ തുടര്‍ന്നു ഉമ്മ ഫാത്തിമ വിഡിയോ കോളില്‍ സംസാരിച്ച ശേഷം ജയിലില്‍ നിന്നും മടങ്ങി. ഫറോക്ക് കോടമ്പുഴ സീനത്ത് മന്‍സിലില്‍ മച്ചിലകത്ത് റഹീം കഴിഞ്ഞ 18 വര്‍ഷമായി ജയിലിലാണ്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിച്ച ഇദ്ദേഹത്തിന്റെ മോചനത്തിന് കേരളം ഒന്നാകെ ഒറ്റക്കെട്ടായി നിന്നാണ് പണം പിരിച്ചത്. രണ്ടു കോടി രൂപ ബ്ലഡ് മണിയായി നല്‍കിയാ്ണ് വധശിക്ഷ ഒഴിവാക്കിയത്.
റിയാദ് അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ജയിലിലാണ് ഉമ്മയും സഹോദരന്‍ എം.പി.നസീര്‍, അമ്മാവന്‍ അബ്ബാസ് എന്നിവര്‍ എത്തിയത്. ഉമ്മയ്ക്ക് മാത്രമാണ് ജയിലിന് അകത്തേക്ക് അധികൃതര്‍ പ്രവേശനം അനുവദിച്ചത്. എന്നാല്‍ ഉമ്മയെ കാണാന്‍ റഹീം കൂട്ടാക്കിയില്ല. മോചന നടപടികളുടെ ഭാഗമായി 17ന് കേസ് പരിഗണിക്കാനിരിക്കെ തന്നെ കാണാന്‍ ജയിലിലേക്ക് വരേണ്ടതില്ലെന്നു റഹീം കുടുംബത്തെ നേരത്തേ അറിയിച്ചതായും സൂചനയുണ്ട്.
ചിലരുടെ ഇടപെടലാണു റിയാദില്‍ എത്തിയ ഉമ്മയ്ക്ക് മകനെ നേരില്‍ കാണാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചതെന്നു കുടുംബം ആരോപിച്ചു. 18 വര്‍ഷമായി റഹീമിന്റെ മോചനത്തിനു പ്രവര്‍ത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലേക്ക് പോയതെന്നാണു വിവരം.
റഹീമിന്റെ ജയില്‍ മോചന നടപടികള്‍ നീളുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 30നാണ് ഉമ്മയും സഹോദരനും നേരില്‍ കാണാന്‍ സൗദിയിലേക്ക് പോയത്. റിയാദ് ജയിലില്‍ എത്തി റഹീമിനെ കണ്ട ശേഷം ഉംറ തീര്‍ഥാടനം നിര്‍വഹിച്ചു മടങ്ങാനായിരുന്നു തീരുമാനം.
കഴിഞ്ഞ മാസം 21ന് ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നു കുടുംബം പ്രതീക്ഷിച്ചിരുന്നു. അന്നു കോടതി സിറ്റിങ് നടന്നെങ്കിലും കേസ് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നായിരുന്നു കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നു കോടതി അറിയിച്ചിരുന്നു. കേസ് ഇനി 17ന് പരിഗണിക്കുമെന്നു അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ മോചന ഉത്തരവ് വൈകില്ലെന്ന്പ്രതീക്ഷയിലാണ് നിയമ സഹായ സമിതി.