ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പ്രാദേശിക കോടതി 14 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അല്‍ ഖാദിര്‍ ട്രസ്റ്റ് ഭൂമി അഴിമതി കേസിലാണ് നടപടി. അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റ ബീബിയെയും ഏഴ് വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്. ഇമ്രാന്‍ഖാന്‍ 1 ദശലക്ഷം പാകിസ്ഥാന്‍ രൂപയും ഭാര്യ 500,000 പാകിസ്ഥാന്‍ രൂപയും പിഴയൊടുക്കണമെന്നും നിര്‍ദേശമുണ്ട്.

ദേശീയ ഖജനാവിന് 190 മില്യണ്‍ പൗണ്ടിന്റെ (50 ബില്യണ്‍ പാകിസ്ഥാന്‍ രൂപ) നഷ്ടം വരുത്തിയെന്ന് ആരോപിച്ച് പാകിസ്ഥാന്റെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ 2023 ഡിസംബറിലാണ് ഖാനെതിരേ കേസ് ഫയല്‍ ചെയ്യുന്നത്. ഖാന്റെ ഭരണകാലത്ത് യുണൈറ്റഡ് കിംഗ്ഡം പാകിസ്ഥാനിലേക്ക് തിരിച്ചയച്ച 50 ബില്യണ്‍ രൂപ നിയമവിധേയമാക്കിയതിന് പകരമായി ബഹ്രിയ ടൗണ്‍ ലിമിറ്റഡില്‍ നിന്ന് കോടിക്കണക്കിന് രൂപയും നൂറുകണക്കിന് കനാല്‍ ഭൂമിയും കൈമാറാന്‍ ഖാനും ബുഷ്‌റ ബീബിയും സൗകര്യമൊരുക്കിയെന്നാണ് ആരോപണം.

ദേശീയ ട്രഷറിക്ക് വേണ്ടിയുള്ള ഫണ്ട്, ഝലമില്‍ അല്‍ ഖാദിര്‍ സര്‍വകലാശാല സ്ഥാപിക്കുന്നതുള്‍പ്പെടെ വ്യക്തിഗത നേട്ടങ്ങള്‍ക്കായി വകമാറ്റിയെന്നും ആരോപണമുണ്ട്. തെഹ്രീക് ഇ ഇന്‍സാഫ് തലവനായ ഇമ്രാനെ ശിക്ഷിക്കുന്ന നാലാമത്തെ പ്രധാന കേസാണിത്.

പാകിസ്ഥാനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ആണ് 2023 ഡിസംബറില്‍ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിയ്ക്കും മറ്റ് ആറുപേര്‍ക്കും എതിരെ കേസെടുത്തത്. ഇതില്‍ മറ്റ് ആറുപേരും രാജ്യത്തിന് പുറത്തായതിനാല്‍ ഇമ്രാനും ഭാര്യയ്ക്കുമാണ് കേസില്‍ ശിക്ഷ വിധിച്ചത്.