- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ പരിശോധനകള്‍ നിയമപരം; സമ്മര്‍ദങ്ങള്‍ ഉണ്ടായില്ലെന്ന് റോയ് എഴുതി നല്‍കിയിരുന്നു; ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല; മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്; വിശദീകരണവുമായി ആദായനികുതി വകുപ്പ്; സി.ജെ. റോയിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്താന്‍ കര്‍ണാടക പോലീസ് നീക്കം
കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ പരിശോധനകള്‍ നിയമപരം

ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി ആദായനികുതിവകുപ്പ്. പരിശോധനയും നടപടികളും നിയമപരമാണെന്നാണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്. ഏത് അന്വേഷണമായും സഹകരിക്കും. വ്യാഴാഴ്ചയാണ് സി.ജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. സമ്മര്‍ദങ്ങളുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നല്‍കിയിരുന്നു. ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത് എന്നും ആദായനികുതി വകുപ്പ് വിശദീകരിച്ചു.
അതേസമയം സി.ജെ.റോയിയുടെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴി കര്‍ണാടക പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രേഖപ്പെടുത്തി. ബെംഗളൂരു ഹലസുരുവിലെ ഹോട്ടലിലാണ് മൊഴി രേഖപ്പെടുത്തുന്നത്. റോയിയുടെ ഡയറി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്തേണ്ടതിനാല്‍ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി.
സി.ജെ. റോയിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് കര്‍ണാടക പൊലീസിന്റെ നീക്കം. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വിപുലമായ പരിശോധന നടക്കും. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി. ജെ. ജോസഫ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെ റോയ് സ്വന്തം മുറിയിലേക്ക് പോയെന്നും സ്വയം വെടിയുതിര്‍ത്തത് വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണെന്നും ജോസഫ് പറഞ്ഞു.
ആത്മഹത്യ ചെയ്യേണ്ട പ്രശ്‌നങ്ങളോ കടമോ സി.ജെ.റോയിക്കില്ലെന്ന് സഹോദരന്‍ സി.ജെ.ബാബു പറഞ്ഞു. ഇന്നലെ രാവിലെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. 28 മുതല്‍ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം ഉണ്ടായി. നിയമനടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ബാബു പറഞ്ഞു.
അതേസയം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയിയുടെ പുറകേ മാത്രമല്ല അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന സിനിമാക്കാരെയും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണത്തിലാക്കിയിരുന്നതായി പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതില്‍ ചില മലയാള ചലച്ചിത്രപ്രവര്‍ത്തകരും ഉള്‍പ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബിസിനസ് ദുബായിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ ദുബായില്‍ റോയി വന്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.
ഇതില്‍ പങ്കെടുത്ത ചിലരെയാണ് നിരീക്ഷണത്തിലാക്കിയത്. മരണത്തിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത റോയിയുടെ ഡയറിയിലും സിനിമാക്കാരുടെ ഫോണ്‍നമ്പരും ഇടപാടുകളും രേഖപ്പെടുത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.അതേസമയം, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുഴുവന്‍ ബംഗളൂരുവിലായിരുന്നിട്ടും കര്‍ണാടകയിലെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ മാറ്റിനിറുത്തി കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ അന്വേഷണവും പരിശോധനകളും നടത്തിയത് എന്തുകൊണ്ടാണെന്നും വ്യക്തമല്ല.
റെയ്ഡ് നടത്തിയ സംഘത്തിലെ ഒരുദ്യോഗസ്ഥന്‍ റോയിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ആരോപണമുണ്ട്. എന്തുകൊണ്ടാണ് കൊച്ചി യൂണിറ്റ് റെയ്ഡ് നടത്തിയെന്നതോ ഉദ്യോഗസ്ഥര്‍ റോയിയെ സമ്മര്‍ദ്ദത്തലാക്കിയിട്ടുണ്ടോ എന്നും വ്യക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടുമില്ല. ഇന്‍കം ടാക്‌സ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ റോയിയെ വിടാതെ പിന്തുടര്‍ന്നിരുന്നു എന്നും അദ്ദേഹത്തോട് അടുപ്പമുളള ചിലര്‍ വ്യക്തമാക്കുന്നുണ്ട്.
റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളുടെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട റെയ്ഡാണ് നടത്തിവന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഡിസംബര്‍ 28നാണ് ആദ്യ റെയ്ഡ് നടത്തിയത്. ജനുവരി 22ന് വീണ്ടുമെത്തി റെയ്ഡ് തുടരുകയും ഓഫീസ് മുറി മുദ്രവയ്ക്കുകയും ചെയ്തു. മൂന്നുദിവസം മുമ്പ് വീണ്ടും എത്തുകയും രേഖകള്‍ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതിനിടെ നിരവധി തവണ റോയ് ചോദ്യം ചെയ്യലിന് വിധേയനായി.
ഇന്നലെ ഉച്ചതിരിഞ്ഞ് ആദായ നികുതിവകുപ്പിന്റെ റെയ്ഡ് നടക്കവേ ബംഗളൂരുവിലെ ആനേപാളയ്ക്കടുത്ത് ഹൊസൂര്‍ റോഡില്‍ റിച്ച് മണ്ട് സര്‍ക്കിളിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഇന്നലെ വൈകിട്ട് 3.15 ഓടെ സ്വയം നിറയൊഴിച്ചാണ് റോയി ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് പരിശോധന അവസാനിക്കുമ്പോള്‍ കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നു എന്നാണ് വിവരം.


