ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് എതിരെ കൂടുതല്‍ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ നിരോധിച്ചു. ദേശീയ സുരക്ഷയും, പൊതുനയവും അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

' പാക്കിസ്ഥാനില്‍ നിന്ന് നേരിട്ടുള്ളതോ, കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ചരക്ക് സാധനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെയാണ് വിലക്ക്. ഈ നിരോധനത്തിന് ഒഴിവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം'- വാണിജ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏക വാണിജ്യ റൂട്ടായ വാഗ-അട്ടാരി അതിര്‍ത്തി നേരത്തെ അടച്ചിരുന്നു. ഫാര്‍മ ഉത്പന്നങ്ങള്‍, പഴങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയാണ് പ്രധാനമായി പാക്കിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 200 ശതമാനം ചുങ്കം ചുമത്തിയതോടെ, ഇറക്കുമതിയുടെ തോത് നന്നേ കുറഞ്ഞിരുന്നു. 2024-25 ല്‍ മൊക്കം ഇറക്കുമതിയുടെ 0.0001 ശതമാനം മാത്രമായിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി.

2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെ പാക്കിസ്ഥാനില്‍നിന്ന് 4,20,000 ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 28.6 കോടി ഡോളറായിരുന്നെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ഉഭയകക്ഷി വ്യാപാരത്തില്‍ കുത്തനെ ഇടിവുണ്ടായിരുന്നു.

ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. 202324 വര്‍ഷത്തില്‍ 110 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്‌തെങ്കില്‍ 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെ 44.77 ലക്ഷം ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്.

നേരത്തെ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും, പാക് പൗരന്മാര്‍ക്കുളള എല്ലാ വിസകളും റദ്ദാക്കുകയും ചെയ്തു. ഇന്ത്യന്‍ നടപടിക്ക് ബദലായി പാക്കിസഥാന്‍ ഷിംല കരാര്‍ അടക്കം എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കി.