ബെയ്ജിങ്: ഡ്രാഗണും ആനയും ഒരുമിച്ചു ചേരണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. നല്ല അയല്‍ബന്ധവും സൗഹൃദബന്ധവുമുള്ള സുഹൃത്തുക്കളായി പരസ്പരം വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണം. ഡ്രാഗണും ആനയും ഒന്നിക്കണം. ഇതാണ് ഇരു രാജ്യങ്ങള്‍ക്കും ഉചിതമായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്ലോബല്‍ സൗത്തിലെ പ്രധാന അംഗങ്ങളായ ചൈനയും ഇന്ത്യയും പൗരസ്ത്യ ലോകത്തെ രണ്ട് പുരാതന നാഗരികതകളാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങള്‍. ഇരുരാജ്യങ്ങളിലെയും ജനതയുടെയും ക്ഷേമം മെച്ചപ്പെടുത്തുക, വികസ്വര രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യവും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുക, മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് നേതൃത്വം നല്‍കുക എന്നീ ചരിത്രപരമായ ഉത്തരവാദിത്വങ്ങള്‍ ഇരു രാജ്യങ്ങളും വഹിക്കുന്നുവെന്നും ഷി ജിന്‍പിങ് പറഞ്ഞു.

ഈ വര്‍ഷം ചൈന-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികമാണ്. തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാടോടെ ഇരു രാജ്യങ്ങളും ബന്ധത്തെ സമീപിക്കേണ്ടതുണ്ട്. ഏഷ്യയിലും ലോകമെമ്പാടും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കണം. അദ്ദേഹം പറഞ്ഞു. ഇന്ത്യചൈന ബന്ധം ശുഭകരമായ ദിശയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. അതിര്‍ത്തിയില്‍ സ്ഥിരതയും സമാധാനവുമുണ്ടായി. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. യുഎസിന്റെ തീരുവ യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ണായകമാണ് കൂടിക്കാഴ്ച.

'ചൈനയുമായുള്ള ബന്ധം ശുഭകരമായ ദിശയിലാണ്. കസാനില്‍ നമ്മള്‍ ഫലപ്രദമായ ചര്‍ച്ച നടത്തി. അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയുമുണ്ട്. കൈലാസ് മാനസസരോവര്‍ യാത്ര പുനഃരാരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകളും പുനഃരാരംഭിച്ചു. നമ്മുടെ രാജ്യങ്ങളുടെ സഹകരണത്തിലൂടെ 280 കോടി ജനങ്ങളുടെ താല്‍പര്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇത് മാനവരാശിക്ക് ആവശ്യമാണ്'ചര്‍ച്ചയ്ക്ക് ആമുഖമായി മോദി പറഞ്ഞു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായി ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഉച്ചകോടിയിലേക്കു ക്ഷണിച്ചതിനും ചര്‍ച്ചയ്ക്കും നന്ദിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സമയം രാവിലെ 9.30നാണു 40 മിനിട്ട് നീണ്ട കൂടിക്കാഴ്ച തുടങ്ങിയത്.

ഹസ്തദാനത്തോടെയും ആദരവോടെയുമാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതെന്നും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ഷി ജിന്‍പിംങിനോട് പറഞ്ഞു. ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷയെ കുറിച്ചും മാനസസരോവര്‍ യാത്ര പുനരാരംഭിക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചും ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ പ്രധാനമന്ത്രി ഷി ജിന്‍പിംങുമായി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുരോഗതിയെ കുറിച്ചും ചര്‍ച്ചകള്‍ നടന്നതായാണ് വിവരം.

ഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. ലഡാക്ക് സംഘര്‍ഷത്തിന് ശേഷം 2018-ലായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദര്‍ശനം. ഇന്ത്യ-യുഎസ് ബന്ധം വഷളാവുകയും ഇന്ത്യയും ചൈനയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ ഉച്ചകോടിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദം ചൈന, ഇന്ത്യ, റഷ്യ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ നേരിടാന്‍ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കാനുള്ള സാധ്യത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ നിര്‍ണ്ണായക കൂടിക്കാഴ്ച. ട്രംപിന്റെ താരിഫ്-ഉപരോധ ഭീഷണികള്‍ നേരിടുന്ന മൂവരും ഒരുമിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് യുഎസ് അടക്കമുള്ള ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

അതിര്‍ത്തി നിയന്ത്രണം സംബന്ധിച്ച് ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികള്‍ക്കിടയില്‍ ഒരു ധാരണയിലെത്തിയിട്ടുണ്ട്. കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചു. ഇരുരാജ്യങ്ങളിലേക്കുമുള്ള നേരിട്ടുള്ള വിമാന സര്‍വീസുകളും പുനരാരംഭിക്കുകയാണ്. ഇന്ത്യ-ചൈന സഹകരണം ഇരു രാജ്യങ്ങളിലെ 280 കോടി ജനങ്ങളുടെ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവന്‍ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.