- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാന് മുതിര്‍ന്നത് സാഹസികമായ ചൂതാട്ടത്തിന്; ആ എടുത്തുചാട്ടത്തില്‍ തകര്‍ന്നത് മിറാഷ് പോര്‍ വിമാനം അടക്കം ഉള്ളവ; മിറാഷ് കഷ്ണങ്ങളായി ചിതറി തെറിച്ച് കിടക്കുന്ന വീഡിയോ പങ്കുവച്ച് സൈന്യം; ഇന്ത്യ പിന്തുടര്ന്നത് ആകാശത്ത് വച്ച് തന്നെ ശത്രുവിനെ തകര്‍ക്കുക എന്ന നയം; ശത്രു മുട്ടുകുത്തിയത് ആകാശ് അടക്കമുള്ള വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അസാധാരണ മികവിലും
പാക്കിസ്ഥാന് മുതിര്‍ന്നത് സാഹസികമായ ചൂതാട്ടത്തിന്
ന്യൂഡല്‍ഹി: സാഹസികമായ ചൂതാട്ടത്തിനാണ് പാക്കിസ്ഥാന്‍ മുതിര്‍ന്നത്. അവരുടെ ആയുധങ്ങളെല്ലാം ഇന്ത്യക്ക് മുന്നില്‍ നിഷ്പ്രഭമായി. കൊട്ടിഘോഷിച്ച ചൈനീസ് നിര്‍മ്മിത പിഎല്‍ 15 മിസൈല്‍ പോലും ചാരമായി. നമ്മുടെ ആകാശത്തെ ശത്രുവില്‍ നിന്ന് കാത്തത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് അടക്കമുളള ബഹുതല വ്യോമ പ്രതിരോധ സംവിധാനങ്ങളാണ്. പാക്കിസ്ഥാനെ മുട്ടുകുത്തിച്ചതില്‍ നിര്‍ണായകമായ പങ്കാണ് ഈ ബഹുതല വ്യോമ പ്രതിരോധ സംവിധാനം വഹിച്ചത്. ഓപ്പറേഷന്‍ സിന്ദൂറില്‍, പാക്കിസ്ഥാനി മിറാഷ് പോര്‍ വിമാനം വെടിവച്ചിട്ടെന്ന് ഇന്ത്യ ഇന്ന് സ്ഥിരീകരിച്ചു. മിറാഷിന്റെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന വീഡിയോ കരസേന പങ്കുവച്ചു. ശത്രുവിനെ ആകാശത്ത് വച്ച് തകര്‍ക്കുക എന്നതായിരുന്നു ദൗത്യം. ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ വിവരങ്ങളാണ് എയര്‍ മാര്‍ഷല്‍ എ കെ ഭാര്‍തി ലഫ്റ്റ്‌നന്റ് ജനറല്‍ രാജീവ് ഖായ്, വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്, മേജര്‍ ജനറല്‍ എസ് എസ് ശാര്‍ദ എന്നിവര്‍ വിശദമാക്കിയത്.
സൈന്യം പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത് ഇങ്ങനെ:
ശത്രു ആകാശത്ത് പ്രത്യക്ഷപ്പെടുന്നു....സാഹസികമായ ചൂതാട്ടത്തിന് മുതിരുന്നു..ആ സമയം ഇന്ത്യ കാത്തിരിക്കുകയായിരുന്നു ക്ഷമയോടെ, തയ്യാറെടുപ്പോടെ, ഓരോ നീക്കവും തിരിച്ചറിഞ്ഞ്, ഓരോ ചുവട് വയ്പും നിരീക്ഷിച്ച്, ട്രാക്ക് ചെയ്ത്..ഒടുവില്‍ തകര്‍ത്തു. അവര്‍ മുട്ടുകുത്തുന്നു.. ഇന്ത്യയുടെ സമഗ്ര വ്യോമ പ്രതിരോധ സംവിധാനത്തിന്റെ സഹായത്തോടെ, ആകാശം നമ്മുടേത് തന്നെയായി തുടരുന്നു.. നമ്മള്‍ അവരെ മുട്ടുകുത്തിച്ചു. പാക്കിസ്ഥാനി മിറാഷ് വിമാനം തകര്‍ത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം നമ്മുടെ ആകാശത്തെ കാവലാള്‍.. ആരുടെയും മുന്നില്‍ മുട്ടുകുത്താത്ത, സദാ സന്നദ്ധവും സജ്ജവുമായ സംവിധാനം.
' നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു. അവ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് വ്യോമ പ്രതിരോധ സംവിധാനം അസാധാരണമായ പ്രകടനം കാഴ്ചവച്ചു'- എയര്‍ വൈസ് മാര്‍ഷല്‍ എ കെ ഭാര്‍തി പറഞ്ഞു.
സൈന്യം പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ പാക് വ്യോമസേനയുടെ മിറാഷ് പോര്‍ വിമാനം കഷ്ണങ്ങളായി ചിതറി കിടക്കുന്ന ദൃശ്യങ്ങള്‍ കാണാം. അതിര്‍ത്തിയില്‍ നിന്നുള്ള ആക്രമണങ്ങളെ എല്ലാം വിജയകരമായി ചെറുത്ത വ്യോമ പ്രതിരോധ സംവിധമാനമാണ് കയ്യടി അര്‍ഹിക്കുന്നത്. ഇങ്ങോട്ട് വന്ന പോര്‍വിമാന, ഡ്രോണ്‍ ആക്രമണങ്ങളെ ഇന്ത്യ ചെറുത്തെങ്കിലും, പാക്കിസ്ഥാന് അക്കാര്യത്തില്‍ ഒരുരക്ഷയും ഉണ്ടായില്ല.
പാക്കിസ്ഥാനി വ്യോമതാവളങ്ങള്‍ തകര്‍ത്തതിന്റെ വീഡിയോകളും പുറത്തുവിട്ടു. റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളം ആക്രമിച്ച ശേഷം തീപിടിച്ച ദൃശ്യങ്ങളാണ് ആദ്യം കാട്ടിയത്. ഇസ്ലാമബാദില്‍ നിന്ന് വെറും 10 കിലോമീറ്റര്‍ അകലെ മാത്രമാണ് ഈ താവളം. രാജ്യത്തെ സൈനിക ആസ്ഥാനത്തിന് തൊട്ടടുത്താണ് ഈ താവളം. പാക് പഞ്ചാബിലെ റഹിംയാര്‍ഖാന്‍ വ്യോമ താവളത്തില്‍ നടത്തിയ ആക്രമണത്തിലും കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്.
ഇന്ത്യന്‍ സേനകളുടെ പോരാട്ടം തീവ്രവാദികള്‍ക്ക് എതിരെയായിരുന്നു. എന്നാല്‍, പാക് സൈന്യം ഭീകരരെ പിന്തുണയ്ക്കുകയും, സംഘര്‍ഷം വിപുലമാക്കുകയും ആയിരുന്നു. കറാച്ചി, ലാഹോര്‍, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളെ ആക്രമിച്ചതും സംയുക്ത സേന സ്ഥിരീകരിച്ചു. കറാച്ചിയിലെ ഭൂതല-വ്യോമ മിസൈല്‍ കേന്ദ്രമായ മാലിര്‍ കന്റോണ്‍മെന്റാണ് ആക്രമിച്ചത്.