- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതു ദുഷ്ക്കര സാഹചര്യത്തിലും വളരെ കൂള്‍; നാവിക സേനയ്ക്ക് 26 റഫാല്‍ മറൈന്‍ പോര്‍ വിമാനങ്ങള്‍ എത്തുന്നു; ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 63,000 കോടിയുടെ റെക്കോഡ് കരാര്‍; റഫാലുകള്‍ വിന്യസിക്കുന്നത് ഐഎന്‍എസ് വിക്രാന്തിലും ഐഎന്‍എസ് വിക്രമാദിത്യയിലും
നാവിക സേനയ്ക്ക് 26 റഫാല്‍ മറൈന്‍ പോര്‍ വിമാനങ്ങള്‍
ന്യൂഡല്‍ഹി: നാവിക സേനയ്ക്ക് 26 റഫാല്‍ മറൈന്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചു. 63,000 കോടിയുടെ കരാറാണ് തിങ്കളാഴ്ച ഒപ്പിട്ടത്. സര്‍ക്കാരുകള്‍ തമ്മിലുളള റെക്കോഡ് കരാറാണിത്.
22 ഒറ്റ സീറ്റ് ജെറ്റുകളും, നാല് ഇരട്ട സീറ്റ് പരിശീലന വിമാനങ്ങളുമാണ് വാങ്ങുന്നത്. 2031 ല്‍ വിതരണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പോര്‍വിമാനങ്ങളുടെ അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കല്‍ പിന്തുണ, ഉദ്യോഗസ്ഥ പരിശീലനം എന്നിവ ഉള്‍പ്പെടുന്നതാണ് കരാര്‍. ലോകത്തിലെ ഏറ്റവും അത്യാധുനിക നാവിക പോര്‍വിമാനങ്ങളില്‍ ഒന്നായാണ് റഫാല്‍ എമ്മിനെ കണക്കാക്കുന്നത്. നിലവില്‍ ഫ്രഞ്ച് നാവികസേനയ്ക്ക് മാത്രമാണ് ഈ പോര്‍വിമാനം ഉള്ളത്.
കരാറിന് കാബിനറ്റ് സമിതി ഈ മാസമാദ്യം അംഗീകാരം നല്‍കിയിരുന്നു. 37 മാസത്തിനുള്ളില്‍ ആദ്യ റഫാല്‍ കൈമാറും. 6 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വിമാനങ്ങളും ലഭ്യമാക്കും. ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനാണ് റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. 2016 ല്‍ 59,000 കോടി രൂപയ്ക്ക് വ്യോമസേനയ്ക്കായി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിരുന്നു. ഇതിനുള്ള സാങ്കേതിക സഹായവും പുതിയ കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. അറ്റകുറ്റപ്പണിക്കുള്ള ഹബ്, ഇന്ത്യയടെ ആസ്ട്ര മിസൈല്‍ ബന്ധിപ്പിക്കാനുള്ള സംവിധാനം, പ്രാദേശിക കമ്പനികളില്‍ നിന്നു ഘടകങ്ങള്‍ വാങ്ങല്‍ തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
നാവിക സേനയുടെ പുതിയ ആയുധങ്ങള്‍ വിമാനവാഹിനി കപ്പലുകളായ ഐഎന്‍എസ് വിക്രാന്തിലും ഐഎന്‍എസ് വിക്രമാദിത്യയിലും വിന്യസിക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം തദ്ദേശീയമായി ഡിആര്‍ഡിഒ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ പോര്‍വിമാനങ്ങളും നാവികസേനയില്‍ ഉള്‍പ്പെടുത്തും.