പാരിസ്: റഫാലിന്റേതെന്ന പേരില്‍ തകര്‍ന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങളുടെ വില്‍പ്പനയ്ക്കായി ചൈന നടത്തുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി ദസോ ഏവിയേഷന്‍ കമ്പനി. ഇന്ത്യയ്ക്ക് ഒരു റഫാല്‍ യുദ്ധവിമാനം നഷ്ടമായെങ്കിലും അത് ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാന്‍ വെടിവെച്ചിട്ടതല്ലെന്ന് റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ദസോ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപിയര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക് റഫാല്‍ യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് ദസോ ചെയര്‍മാന്‍ തള്ളിയത്. ഇതോടെ പാക്കിസ്ഥാന്‍ നടത്തിയ കുപ്രചാരണവും പൊളിയുകയാണ്.

സാധാരണയിലും കവിഞ്ഞ ഉയരത്തില്‍ പറക്കുകയായിരുന്ന റഫാല്‍ വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം നഷ്ടപ്പെട്ടതെന്ന് ട്രാപിയറെ ഉദ്ധരിച്ച് ഫ്രഞ്ച് വെബ്സൈറ്റായ അവിയോണ്‍ ഡി ഷാസ് പറയുന്നു. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ വിമാനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ട്രാപിയര്‍ ഉറപ്പിച്ചു പറയുന്നു. 12,000 മീറ്ററിലധികം ഉയരത്തില്‍വെച്ച് പരിശീലനത്തിനിടെയാണ് ഒരു വിമാനം നഷ്ടപ്പെട്ട സംഭവം നടന്നതെന്നും ഇതില്‍ ശത്രുക്കളുടെ ഇടപെടലോ റഡാറില്‍ പതിഞ്ഞ സംഭവമോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇന്ത്യ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍, റഫാലിനെ നേരിട്ടു പരാമര്‍ശിക്കാതെ ചില നഷ്ടങ്ങള്‍ ഉണ്ടായെന്ന് ഇന്ത്യ സമ്മതിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാനില്‍ നിന്നാണ് കഴിഞ്ഞ മാസം ആദ്യ സ്ഥിരീകരണം വരുന്നത്. എന്നാല്‍, എന്താണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയതുമില്ല. റഫാലുകള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം തീര്‍ത്തും തെറ്റാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂറിനിടെ ചില നഷ്ടങ്ങള്‍ സംഭവിച്ചതായി ഇന്തോനേഷ്യയിലെ ഇന്ത്യന്‍ ഡിഫന്‍സ് അറ്റാഷെ നേവി ക്യാപ്റ്റന്‍ ശിവ് കുമാര്‍ സമ്മതിച്ചിരുന്നു. ചില വിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്നു താന്‍ സമ്മതിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. നാല് ദിവസത്തെ സംഘര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് റഫാല്‍ യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്ന് പറയുന്നത് തെറ്റാണെന്ന് ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ആര്‍.കെ. സിങ് നെറ്റ്വര്‍ക്ക് 18-നോട് സ്ഥിരീകരിച്ചു. ''നിങ്ങള്‍ 'റഫാലുകള്‍' എന്ന് ബഹുവചനത്തില്‍ ഉപയോഗിച്ചു, അത് തീര്‍ത്തും ശരിയല്ലെന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയും.'' സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് പൂര്‍ണ്ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം റഫാലിന്റെ പോരാട്ടശേഷിയെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതില്‍ ചൈന പ്രധാന പങ്ക് വഹിച്ചതായി ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംശയം ഉന്നയിച്ചിരുന്നു. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍നിന്നും മറ്റു രാജ്യങ്ങളെ ചൈന പിന്തിരിപ്പിക്കുന്നതായാണ് സൂചന. ചൈനീസ് എംബസികളിലെ അറ്റാഷെമാരുടെ നേതൃത്വത്തിലാണ് ശ്രമമെന്നാണ് ഫ്രഞ്ച് സൈനിക രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ലക്ഷ്യമിട്ടാണ് ചൈന ഇത്തരത്തില്‍ നീക്കം നടത്തുന്നതെന്നാണ് പേരു വെളിപ്പെടുത്താത്ത ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ പറയുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പ്രചരിപ്പിക്കുകയാണ് ചൈനയെന്നാണ് ആരോപണം. റഫാലിന്റേതെന്ന പേരില്‍ തകര്‍ന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍, എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ചൈനയുടെ വ്യാജ പ്രചാരണമെന്നും ഫ്രാന്‍സ് ആരോപിക്കുന്നു.

ചൈനീസ് സാങ്കേതിക വിദ്യയുടെ പ്രചാരണത്തിന് ആയിരത്തിലധികം പുതിയ സമൂഹമാധ്യമ അക്കൗണ്ടുകള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സിന്റെ ആരോപണം ചൈന തള്ളി. ആരോപണം അടിസ്ഥാനരഹിതവും അപവാദവുമാണെന്നായിരുന്നു ചൈനയുടെ പ്രതികരണം.

533 റഫാല്‍ യുദ്ധവിമാനങ്ങളാണ് ദസോ ഏവിയേഷന്‍ ഇതുവരെ നിര്‍മിച്ചത്. ഇതില്‍ 323 എണ്ണം ഈജിപ്ത്, ഇന്ത്യ, ഖത്തര്‍, ഗ്രീസ്, ക്രൊയേഷ്യ, യുഎഇ, സെര്‍ബിയ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളാണ് വാങ്ങിയത്. 42 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനിരിക്കുന്ന ഇന്തോനീഷ്യയെയാണ് ചൈന പ്രധാനമായും നോട്ടമിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.