ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം. വടക്ക് ബാരാമുള്ള മുതല്‍ തെക്ക് ഭുജ് വരെ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നുമായി ഡ്രോണുകള്‍ തൊടുത്തുവിട്ടത് 26 ഇടങ്ങളിലേക്ക്. ബാരാമുള്ള, ശ്രീനഗര്‍, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക, ലാല്‍ഗഡ് ജട്ട, ജയ്‌സാല്‍മര്‍, ബാര്‍മര്‍,ഭുജ്, കുവാര്‍ബത്ത്, ലാഖി നാല എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതാദ്യമായി ഒരു ഡ്രോണ്‍ പഞ്ചാബിലെ ഫിറോസ്പൂരിലെ ജനവാസ കേന്ദ്രത്തില്‍ പതിച്ച് ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് പരിക്കേറ്റു. വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇവ ഇന്ത്യന്‍ മണ്ണില്‍ കടന്നുവെന്നാണ് കരുതുന്നത്. വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ചാണ് അതിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഒരു സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ക്ക് ഡ്രോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് 60 ശതമാനത്തോളം പൊള്ളലേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫിറോസ്പൂരിന് പുറമേ പഞ്ചാബിലെ അമൃത്സറിലും പഠാന്‍കോട്ടും പാക്ക് ഡ്രോണുകളെത്തി. രാജസ്ഥാന്‍ ജയ്‌സല്‍മേറിലും ജയ്പുര്‍ വിമാനത്താവളത്തിന് സമീപവും ആക്രമണനീക്കമുണ്ടായി. പഠാന്‍കോട്ട് ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണശ്രമം ഇന്ത്യ തകര്‍ത്തു. നിയന്ത്രണരേഖയില്‍ വ്യാപകവെടിവയ്പ് തുടരുകയാണ്. ജമ്മു മേഖലയില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. നഗരത്തില്‍ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു.

ജമ്മുകശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപവും പാക് ഡ്രോണുകള്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നു. കശ്മീര്‍ താഴ് വരയുടെ കവാടം എന്നറിയപ്പെടുന്ന ബാരാമുള്ളയിലേക്കും ഡ്രോണുകള്‍ എത്തി. സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായാണ് പാകിസഥാന്‍ കശ്മീര്‍ താഴ്വരയിലേക്ക് ആക്രമണം നടത്തുന്നത്. അതേസമയം പുല്‍വാമ ജില്ലയിലെ അവന്ദിപ്പോരയിലെ വ്യോമസേന താവളം ലക്ഷ്യമാക്കിയും പാകിസ്ഥാന്‍ ഡ്രോണുകള്‍ അയച്ചു. ഈ ഡ്രോണുകളെ സൈന്യം വെടിവെച്ചിട്ടു.

അതിര്‍ത്തിക്കടുത്ത് താമസിക്കുന്ന ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്നും പ്രാദേശിക അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും കനത്ത ജാഗ്രതയും മുന്‍കരുതലും ആവശ്യമാണ്. ജമ്മു-കശ്മീരിലെ ഉധംപൂര്‍, അഖ്‌നൂര്‍, ഹരിയാന ഭാഗത്തെ അംബാല, ഹരിയാന, പഞ്ച്കുല എന്നിവിടങ്ങളില്‍ സമ്പൂര്‍ണമായി വൈദ്യുതി വിച്ഛേദിച്ചു. പഞ്ചാബിലെ ഫിറോസ്പൂരിലും രാജസ്ഥാനിലെ ജയ്‌സാല്‍മറിലും ബ്ലാക്ക് ഒട്ട് ഏര്‍പ്പെടുത്തി.

പാക്കിസ്ഥാന്‍ ഡ്രോണുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഉന്നതതലയോഗത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡോവല്‍, മൂന്നുസേനാ മേധാവികള്‍, സംയുക്ത സേനാ മേധാവി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി യോഗം ചേര്‍്ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയ സ്ഥലങ്ങള്‍

പഞ്ചാബിലെ അമൃത്സറിലേക്ക് 15 ഡ്രോണുകള്‍ തൊടുത്തുവിട്ടു. മിക്ക ഡ്രോണുകളും സേന നിര്‍വീര്യമാക്കി.

തുടര്‍ച്ചയായ രണ്ടാം ദിവസവും നിയന്ത്രണ രേഖയിലുടനീളം ജമ്മുവില്‍ പ്രകോപനമില്ലാതെ പാക് ഷെല്ലിങ്

ഫിറോസ് പൂരില്‍ വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ കനത്ത ഷെല്ലിങ്. സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു

കുപ് വാരയില്‍ നിയന്ത്രണരേഖയില്‍ കനത്ത വെടിവെപ്പ് തുടരുന്നു

പത്താന്‍കോട്ടിലും ഷെല്ലിങ്

രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ 9 ഡ്രോണുകള്‍ വെടി വച്ചിട്ടു

ജമ്മു-കശ്മീലെ സാംബയിലും കനത്ത ഷെല്ലാക്രമണം

രാജസ്ഥാനിലെ പൊഖ്‌റാനില്‍ നിരവധി ഡ്രോണുകള്‍ നിര്‍വീര്യമാക്കി

ഉറിയില്‍ 110 ഡ്രോണുകള്‍ വെടിവച്ചിട്ടു

പൂഞ്ചിലും കനത്ത മോര്‍ട്ടാര്‍ ഷെല്ലിങ്

പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ വലിയസ്‌ഫോടന ശബ്ദം

ജമ്മു-കശ്മീലെ ഹന്ദ്വാര ജില്ലയിലെ നൗഗാമില്‍ കനത്ത ഡ്രോണ്‍ ആക്രമണം

രജൗറിയിലും നിരവധി ഡ്രോണുകള്‍ എത്തി

യാത്രാ വിമാനങ്ങള്‍ വീണ്ടും മറയാക്കി

ഡ്രോണ്‍ ആക്രമണത്തിനിടെ ലാഹോറിന് അടുത്ത് രണ്ട് യാത്രാ വിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ, വീണ്ടും കവചമാക്കിയെന്ന ആരോപണം ഉയര്‍ന്നു. വ്യാഴാഴ്ച രാത്രി പാക്കിസ്ഥാന്‍ വ്യോമ ാത അടച്ചിടാതെ യാത്രാ വിമാനത്തെ ഓപ്പറേറ്റ് ചെയ്യാന്‍ അനുവദിച്ചുവെന്നും ആ സമയം കൊണ്ട് തുര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് അയച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് പറന്നുയര്‍ന്ന പിഐഎ 306 വിമാനവും, ഇതേ റൂട്ടില്‍ സഞ്ചരിച്ച എബിക്യു 406 മാണ് വ്യോമാക്രമണ സമയത്ത് പറന്നത്. ഇവയെ കവചങ്ങളായി ഉപയോഗിച്ചതെന്നാണ് കരുതുന്നത്.