- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുറത്തുള്ള ഒന്നിലും താല്പര്യം ഇല്ലാതെ അമേരിക്ക; ട്രംപിന് ശ്രദ്ധ താരിഫിലും കച്ചവടത്തിലും; വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ-പാക് നേതാക്കളെ ബന്ധപ്പെടുന്നുണ്ടെങ്കിലും മുഖം തിരിച്ച് ട്രംപും ജെ ഡി വാന്‍സും; പാക്കിസ്ഥാനും പഴയ പോലെ യുഎസിനെ വിശ്വാസമില്ല; യുഎസ് എന്ന സൂപ്പര്‍ പവര്‍ ഇടനിലക്കാരന്റെ റോള്‍ ഉപേക്ഷിച്ചോ?
യുഎസ് എന്ന സൂപ്പര്‍ പവര്‍ ഇടനിലക്കാരന്റെ റോള്‍ ഉപേക്ഷിച്ചോ?
ന്യൂഡല്‍ഹി: ആണവ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും കൊമ്പുകോര്‍ക്കുമ്പോള്‍ അമേരിക്ക ഒരു അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കുകയാണോ? ശരിയാണ്, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി സംസാരിച്ച് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാക് സൈനികമേധാവി അസിം മുനീറുമായി ഫോണില്‍ സംസാരിച്ച ശേഷം മാര്‍ക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ടു. ഇരുരാജ്യങ്ങളും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും, ആശയവിനിമയം പുനസ്ഥാപിക്കണമെന്നും ചര്‍ച്ചകള്‍ക്ക് യുഎസ് പിന്തുണ നല്‍കുമെന്നും റൂബിയോ പറഞ്ഞു.
സാധാരണഗതിയില്‍ ഇത്തരം സംഘര്‍ഷങ്ങളില്‍ നിന്ന് രാജ്യങ്ങളെ പിന്തിരിപ്പിക്കാറുള്ളത് അമേരിക്കയുടെ ഇടപെടലാണ്. മാര്‍ക്കോ റൂബിയോയെ ഒഴിച്ചാല്‍, യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും നേരിട്ട് ഇടപെടുന്നില്ല എന്ന് കാണാനാകും. 'അമേരിക്കയെ പ്രയോജനമുള്ള ഒരു ഇടനിലക്കാരന്റെ റോളില്‍ നമുക്ക് നഷ്ടമായിരിക്കുന്നു. മാര്‍ക്കോ റൂബിയോ ആ റോള്‍ തുടക്കത്തില്‍ വഹിക്കുന്നുണ്ട്. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം ജെ ഡി വാന്‍സ്് ഈ സാഹചര്യത്തില്‍ നിന്ന് കൈ കഴുകുന്നു. അമേരിക്കയ്ക്ക് ഇടപെടാന്‍ താല്‍പര്യമില്ല'-ജിയോ പൊളിറ്റിക്‌സ് വിദഗ്ധനും, ഇന്ത്യ-അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനുമായ ഫരീദ് സക്കറിയ ഇന്ത്യ ടുഡേയോട് പറഞ്ഞു.
ശനിയാഴ്ച മൂന്നുദിവസത്തിനിടെ രണ്ടാം വട്ടവും മാര്‍ക്കോ റൂബിയോ ഇരുരാഷ്ട്ര നേതാക്കളുമായും സംസാരിച്ചു. എന്നാല്‍, മറ്റുനേതാക്കള്‍ വ്യത്യസ്ത സന്ദേശമാണ് നല്‍കുന്നത്. അമേരിക്ക ഒരുയുദ്ധത്തില്‍ ഇടപെടില്ലെന്നും അത് അടിസ്ഥാനപരമായി തങ്ങളുടെ വിഷയമല്ലെന്നുമാണ് ജെ ഡി വാന്‍സ് പറഞ്ഞത്. പാക്കിസ്ഥാനിലെ 9 ഭീകര ക്യാമ്പുകളെ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിനെ നാണക്കേടെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപ് ഇതുവരെയും ഇക്കാര്യത്തില്‍ ഇരുനേതാക്കളുമായി സംസാരിച്ചിട്ടില്ല.
പത്തോ, പതിനഞ്ചോ വര്‍ഷം മുമ്പത്തെ പോലെ യുഎസിനെ പാക്കിസ്ഥാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. അമേരിക്ക ഇന്ത്യാ അനുകൂലമായെന്നാണ് പാക്കിസ്ഥാനികള്‍ വിശ്വസിക്കുന്നത്, ഫരീദ് സക്കറിയ പറഞ്ഞു. 2016 ലും, 2019 ലും ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ സംഘര്‍ഷം ലഘൂകരിക്കാന്‍ യുസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാക്കിസ്ഥാന്റെ കയ്യില്‍ അകപ്പെട്ട വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചതും അമേരിക്കയായിരുന്നു. 'ഇപ്പോള്‍ ട്രംപ് ഭരണകൂടത്തിന്റെ ശ്രദ്ധ മുഴുവന്‍ താരിഫുകളും വാണിജ്യത്തിലും മറ്റുമാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ കാര്യം, പുറത്തുനടക്കുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് വലിയ താല്‍പര്യമില്ല. സൂപ്പര്‍ പവര്‍ ഇല്ലാത്ത പുതിയ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് ഈ പ്രാദേശിക സംഘര്‍ഷങ്ങള്‍ക്ക് തീവ്രത കൂടാം അതാണ് വലിയ അപകടവും'-ഫരീദ് സക്കറിയ അഭിപ്രായപ്പെട്ടു.
ചൈനയെ വിശ്വസിക്കാനാവില്ല
യുഎസിനെ അപേക്ഷിച്ച് ചൈനയെ ഒരു ഇടനിലക്കാരന്റെ റോളില്‍ വിശ്വസിക്കാനാവില്ലെന്ന് ഫരീദ് സക്കറിയ പറഞ്ഞു. ' ഐക്യരാഷ്ട്രസഭയെ വിഷയത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നയം. ചൈനയ്ക്ക് പാക്കിസ്ഥാന് മേല്‍ സ്വാധീനം ഉണ്ടെങ്കിലും ഇടനില റോളില്‍ ഇന്ത്യ ചൈനയെ വിശ്വസിക്കുന്നില്ല. യൂറോപ്യന്‍ യൂണിയന് ശക്തമായ ഭൗമരാഷ്ട്രീയ, ഭൗമസൈനിക സാന്നിധ്യം ഇല്ലാത്തതും പോരായ്മയാണ്'- അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളോടും ചൈനീസ് വിദേശകാര്യ മന്ത്രാലയം സമാധാനത്തിന് ആഹ്വാനം ചെയ്യുകയും പ്രശ്‌നപരിഹാരത്തിന് ക്രിയാത്മക പങ്കുവഹിക്കാന്‍ സന്നദ്ധമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ചൈനയെ ഇടനിലക്കാരാക്കാന്‍ ഇന്ത്യക്ക് താല്‍പര്യമില്ല.
ചുരുക്കി പറഞ്ഞാല്‍, ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇന്ത്യക്ക് സ്വന്തം സമീപനത്തെ തന്നെ ആശ്രയിക്കേണ്ടി വരും. ഇന്ത്യയെ പോലെ കൂടുതല്‍ കരുത്തരായ രാജ്യത്തോട് പോരാടി ജയിക്കാം എന്നത് വ്യാമോഹം ആണെന്ന് പാക്കിസ്ഥാന്‍ തിരിച്ചറിയുകയും വേണം', ഫരീദ് സക്കറിയ പറഞ്ഞു.