- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മിസൈലാക്രമണം പരാജയപ്പെട്ടതിനു പിന്നാലെ നിയന്ത്രണരേഖയില്‍ വെടിവയ്പ്പുമായി പാക്കിസ്ഥാന്‍; പ്രകോപനം തുടരുമ്പോള്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തി; ഛണ്ഡിഗഡില്‍ എയര്‍ സൈറണ്‍ മുഴങ്ങി; ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് നിര്‍ദേശം
മിസൈലാക്രമണം പരാജയപ്പെട്ടതിനു പിന്നാലെ നിയന്ത്രണരേഖയില്‍ വെടിവയ്പ്പുമായി പാക്കിസ്ഥാന്‍
ന്യൂഡല്‍ഹി: സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയതിനു പിന്നാലെ നിയന്ത്രണ രേഖയ്ക്ക് (എല്‍ഒസി) സമീപം വെടിവയ്പ് പുനഃരാരംഭിച്ച് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം. പാക് പ്രകോപനം തുടരുന്നതിനിടെ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നണ്ട്.
പ്രതിരോധ മന്ത്രി കര, വ്യോമ, നാവിക സേനകളുടെ മേധാവികളുമായി ചര്‍ച്ചനടത്തുന്നുണ്ട്. വ്യാഴാഴ്ചനടന്ന ഏറ്റുമുട്ടലിന്റെയും തുടര്‍ നടപടികളുടെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. പ്രതിരോധമന്ത്രാലയം വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ സംബന്ധിച്ച പല കാര്യങ്ങളിലും വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രം വ്യക്തതവരുത്തുമെന്നാണ് വിവരം. വാര്‍ത്താസമ്മേളനത്തിന്റെ സമയം സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.
നിയന്ത്രണരേഖയില്‍ പാക് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൈന്യം അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം തവണ ഇന്ത്യക്ക് നേരെ പാക് പ്രകോപനം തുടന്നുവെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിച്ച്, തിരിച്ചടിച്ചതായും സൈന്യം എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യക്തമാക്കി.
കഴിഞ്ഞ രാത്രിയില്‍ പാക് ഡ്രോണ്‍ ആക്രമണം ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയിരുന്നു. ജമ്മു, പത്താന്‍കോട്ട്, ഉദ്ധംപുര്‍ മേഖലകളാണ് പാക് ലക്ഷ്യംവെച്ചത്. എന്നാല്‍, സൈന്യം ശക്തമായി പ്രതിരോധിച്ചിരുന്നു. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂറിനുപിന്നാലെ രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മധ്യമേഖലകളിലുള്ള 27 പ്രധാന വിമാനത്താവളങ്ങള്‍ മേയ് പത്തുവരെ അടച്ചു. വ്യാഴാഴ്ച മാത്രം 430 സര്‍വീസുകള്‍ റദ്ദാക്കി.
ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പഠാന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധരംശാല, കിഷന്‍ഗഢ്, ജയ്‌സാല്‍മീര്‍, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കണ്ട്ല, കെഷോദ്, ബുജ്, ഗ്വാളിയര്‍, ഗാസിയാബാദ് ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇന്ത്യ കനത്ത ജാഗ്രതാനിര്‍ദേശം നല്‍കി. പഞ്ചാബിലും രാജസ്ഥാനിലും അതിര്‍ത്തിമേഖലകളില്‍ സ്‌കൂളുകള്‍ അടച്ചു.
രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളിലുള്ള ഓഫീസര്‍മാരോടും പോലീസുദ്യോഗസ്ഥരോടും അവധി റദ്ദാക്കി മടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.പൂഞ്ച്, രജൗരി, ജമ്മു, സാംബ, കഠുവ എന്നിവയുള്‍പ്പെടെയുള്ള അഞ്ച് അതിര്‍ത്തി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അന്താരാഷ്ട്ര അതിര്‍ത്തിക്കും നിയന്ത്രണരേഖയ്ക്കും സമീപം താമസിക്കുന്നവരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ കുപ്വാര, ഉറി മേഖലകളിലാണ് ഇന്നു പുലര്‍ച്ചെ പാക്ക് സൈന്യം വീണ്ടും വെടിവയ്പ് നടത്തി. ഇതിനു ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്. ഉറിയിലെ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. ഇതോടെ പാക്ക് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. സംഘര്‍ഷം തുടരുന്നതിനിടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംയുക്ത സേനാ മേധാവിയുമായും മൂന്നു സേനാ മേധാവിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജമ്മു വിമാനത്താവളത്തിനു സമീപം ഒരു ഡ്രോണും യൂണിവേഴ്‌സിറ്റിക്കും സമീപം രണ്ടു ഡ്രോണുകളും തകര്‍ത്തു. എട്ടു മിസൈലുകളെയും നിഷ്പ്രഭമാക്കി. പഠാന്‍കോട്ട്, ജയ്‌സല്‍മേര്‍ എന്നിവടങ്ങളിലും ഡ്രോണ്‍ ആക്രമണശ്രമമുണ്ടായി. ജമ്മു, പഠാന്‍കോട്ട്, ഉധംപുര്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണശ്രമമുണ്ടായി.
പഞ്ചാബിലെ പഠാന്‍കോട്ടും രാജസ്ഥാനിലെ ജയ്‌സല്‍മേറിലും അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16 ജെഎഫ്17 പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ജയ്‌സല്‍മേറില്‍ പാക്ക് പൈലറ്റിനെ പിടികൂടിയെന്നും വിവരമുണ്ട്. എന്നാല്‍ സൈന്യം ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയില്‍നിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായാണു വിവരം. ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റര്‍ അകലെ വന്‍ സ്‌ഫോടനം നടന്നിരുന്നു. പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാനില്‍ സൈനിക മേധാവി അസിം മുനീറിനെ മാറ്റാന്‍ തിരക്കിട്ട നീക്കം നടക്കുന്നതായി സൂചനയുണ്ട്. പകരം സൈനിക മേധാവി സ്ഥാനത്തേക്ക് ജനറല്‍ ഷംഷാദ് മിര്‍സയെ ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് വിവരം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അസിം മുനീര്‍ രാജ്യസുരക്ഷയെ കുരുതി കൊടുത്തുവെന്ന് പാക്കിസ്ഥാനില്‍ വിമര്‍ശനമുയര്‍ന്നിരുന്നു ഈ സാഹചര്യത്തില്‍ അട്ടിമറി നീക്കത്തിലൂടെ മുനീറിനെ മാറ്റാനാണ് പാക്ക് സര്‍ക്കാര്‍ നീക്കം. അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ചണ്ഡിഗഢിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ചണ്ഡിഗഢില്‍ എയര്‍ സൈറണ്‍ മുഴങ്ങി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചണ്ഡിഗഢ് ജില്ലാ കളക്ടര്‍ ഔദ്യോഗിക പേജ് വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. പാക് സേനയുടെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.