ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ തുര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ച് വടക്കേന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ അടക്കം 36 സ്ഥലങ്ങളില്‍ വ്യാഴാഴ്ച രാത്രി വ്യോമാക്രമണം നടത്തിയെന്ന് കേണല്‍ സോഫിയ ഖുറേഷി. വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

' മെയ് 7 നും 8 നും രാത്രിയില്‍ പാക്കിസ്ഥാന്‍ സേന ഇന്ത്യയുടെ വ്യോമാതിര്‍ത്തി പലവട്ടം ഭേദിച്ചു. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഉടനീളം സൈനിക കേന്ദ്രങ്ങളെ ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. അതുകൂടാതെ നിയന്ത്രണ രേഖയിലും കനത്ത വെടിവെപ്പ് നടത്തി.ലേ മുതല്‍ സര്‍ ക്രീക്ക് വരെ 36 സ്ഥലങ്ങളില്‍ നുഴഞ്ഞുകയറ്റത്തിനായി ഏകദേശം 300 മുതല്‍ 400 ഡ്രോണുകള്‍ വരെ തൊടുത്തുവിട്ടു. ഇന്ത്യന്‍ സേന ഇവയുടെ വരവിനെ ചെറുക്കുകയും വെടിവച്ചിടുകയും ചെയ്തു. ഇത്തരത്തില്‍ വലിയതോതിലുള്ള വ്യോമാതിര്‍ത്തി ലംഘനങ്ങള്‍ നടത്തിയത് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പരീക്ഷിക്കാനായിരുന്നു. ഡ്രോണുകളുടെ ഫോറന്‍സിക് പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം അവ തുര്‍ക്കി അസിസ്ഗാര്‍ഡ് സോങ്ഗാര്‍ ഡ്രോണുകളാണ്', കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.

ഭട്ടിന്‍ഡ് സൈനിക താവളത്തിന് നേരേ ആക്രമണ ശ്രമം ഉണ്ടാവുകയും ഇന്ത്യ അത് വിഫലമാക്കുകയും ചെയ്തു. ഭട്ടിന്‍ഡയില്‍ തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.പാകിസ്ഥാന്‍ ഇന്ത്യയിലെ നാല് വ്യോമതാവളങ്ങളാണു ലക്ഷ്യം വെച്ചത്. എന്നാല്‍, ഇതെല്ലാം ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി.

പാക് ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ സായുധ ഡ്രോണുകള്‍ പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരേ തൊടുത്തു. ഒരു ഡ്രോണിന് വ്യോമ പ്രതിരോധ റഡാറിനെ തകര്‍ക്കാന്‍ സാധിച്ചു.

യാത്രാ വിമാനത്തെ കവചമാക്കി

പാക്കിസ്ഥാന്‍ ഇന്നലെ യാത്രാ വിമാനത്തെ കവചമാക്കി ആക്രമണം അഴിച്ചുവിട്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. വ്യോമാതിര്‍ത്തി അടയ്ക്കാതെ യാത്രാ വിമാനം പറത്താന്‍ അനുവദിച്ച ശേഷം തുര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് തൊടുത്തുവിടുകയായിരുന്നു. ഈ സമയത്ത് ദമ്മാമില്‍ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യയുടെ തിരിച്ചടിയില്‍ യാത്രാ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഡാലോചനയാണ് പാകിസ്ഥാന്‍ നടത്തിയത്. പാകിസ്ഥാന്റെ നീക്കം തിരിച്ചറിഞ്ഞാണ് ഇന്ത്യ പ്രതികരിച്ചത്.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞു. ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞഞു. മതസ്ഥാപനങ്ങളെ ലക്ഷ്യമാക്കിയില്ലെന്ന് അവകാശപ്പെടുന്ന പാക്കിസ്ഥാന്‍ പൂഞ്ചിലെ ഗുരുദ്വാര ആക്രമിച്ചു. പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് നേരെയും ആക്രമണമുണ്ടായി. വിദ്യാര്‍ത്ഥികളുടെ വീടിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു. കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നുവെന്നും വിക്രം മിസ്രി അറിയിച്ചു.

ഒരുവശത്ത് ഡ്രോണുകളുടെ ആക്രമണം നടക്കുമ്പോള്‍ നിയന്ത്രണരേഖയില്‍ നിന്ന് ഷെല്ലിങ്ങും വെടിവെപ്പും തുടര്‍ന്നു. സുന്ദര്‍, ഉറി, പൂഞ്ച്. മെന്ധര്‍, രജൗറി, അഖ്‌നൂര്‍, ഉധംപൂര്‍ എന്നിവിടങ്ങളിലെല്ലം ആക്രമണം ഉണ്ടായി. പാക് സേനയ്ക്ക് ഇന്ത്യയുടെ തിരിച്ചടിയില്‍ കനത്ത നാശനഷ്ടമുണ്ടായെന്ന് വിക്രം മിസ്രിയും, കേണല്‍ സോഫിയ ഖുറേഷിയും, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.