ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തെ തള്ളിക്കളഞ്ഞ് ഇന്ത്യ. വടക്കുകിഴക്കന്‍ സംസ്ഥാനം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന യാഥാര്‍ഥ്യത്തെ ചൈനയുടെ ഇത്തരം ബുദ്ധിശൂന്യമായ നീക്കങ്ങളാല്‍ തടയാനാകില്ലെന്ന് ഇന്ത്യ പറഞ്ഞു. പേരുമാറ്റിയതുകൊണ്ട് യാഥാര്‍ഥ്യം മാറില്ലെന്നും ചൈനയുടെ പ്രവൃത്തി അസംബന്ധമാണെന്നും ഇന്ത്യ തിരിച്ചടിച്ചു. ചൈനയുടെ നീക്കം തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബീജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പേരിടാനുള്ള വ്യര്‍ത്ഥവും അസംബന്ധമായതുമായ ശ്രമങ്ങള്‍ ചൈന തുടരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് ചോദ്യത്തിന് മറുപടിയായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്നും എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കുമെന്നും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യത്തെ നാമകരണം കൊണ്ട് മാറ്റാനാകില്ലെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു. അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റുന്നത് ഇതാദ്യമല്ല. 2024 ല്‍, 30 പുതിയ സ്ഥലങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തി പട്ടിക പുറത്തിറക്കിയിരുന്നു. ആ സമയത്തും ഇന്ത്യ ശക്തമായി എതിര്‍ത്തു. 'സാങ്നാന്‍' എന്ന് അവര്‍ പരാമര്‍ശിക്കുന്ന അരുണാചല്‍ പ്രദേശിനുമേലുള്ള തങ്ങളുടെ പ്രദേശിക അവകാശവാദങ്ങള്‍ സ്ഥാപിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഭൂപടങ്ങളും പ്രസ്താവനകളും പുറപ്പെടുവിക്കുന്നതിനൊപ്പം ഇത്തരം തന്ത്രങ്ങളും പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്.

ഇതിന് മുമ്പും അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് സ്വന്തം പേരുകള്‍ നല്‍കിയിട്ടുണ്ട്. ചൈനയുടെ ഭാഗമായ ടിബറ്റന്‍ പ്രവിശ്യയുടെ ഭാഗമാണ് അരുണാചല്‍ പ്രദേശെന്നാണ് അവരുടെ അവകാശവാദം. അരുണാചലിന്റെ ചില ഭാഗങ്ങള്‍ ടിബറ്റിന്റെ തെക്കന്‍ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഭരണാധികാരികളും മറ്റ് നേതാക്കളും അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുമ്പോള്‍ ചൈന പ്രതിഷേധം ഉന്നയിക്കാറുമുണ്ട്.