- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി; അന്തിമോപചാരം അര്‍പ്പിച്ച് പാക്കിസ്ഥാന് പോലീസിലേയും സൈന്യത്തിലേയും ഉന്നത ഉദ്യോഗസ്ഥര്‍; ചടങ്ങില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ട് ഇന്ത്യ; ഭീകരവാദത്തിനുള്ള പാക്ക് പിന്തുണയുടെ പ്രത്യക്ഷ തെളിവ്
കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ട് ഇന്ത്യ
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പാക്കിസ്ഥാന്‍ പോലീസിലേയും സൈന്യത്തിലേയും ഉന്നത ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും പേര് വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ. ഇന്ത്യന്‍ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളുമടക്കം കൊല്ലപ്പെട്ടിരുന്നു. മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ക്ക് പാക് സൈനികര്‍ യൂണിഫോമില്‍ തന്നെ എത്തി സൈനിക ബഹുമതിയോടെയാണ് സംസ്‌കാരം നടത്തിയത്. മസൂദ് അസറിനെ യുഎന്‍ രക്ഷാസമിതി ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഈ ഭീകരസംഘടനയില്‍ പെട്ടവര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ അന്തിമോപചാരം അര്‍പ്പിച്ചത് ഭീകരവാദത്തിനുള്ള പാക്ക് പിന്തുണയുടെ പ്രത്യക്ഷ തെളിവാണെന്നാണ് വിലയിരുത്തല്‍.
ലഷ്‌കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ അബു ജുന്‍ഡാല്‍ എന്നറിയപ്പെടുന്ന മുദാസര്‍ ഖാദിന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. നരോവല്‍ ജില്ലയിലെ മുരിദ്‌കെയിലെ മര്‍കസ് തൈബക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ആക്രമണങ്ങളില്‍ വകവരുത്തിയ അഞ്ച് പ്രധാന ഭീകരരില്‍ ഒരാള്‍ കൂടിയാണ് ജുന്‍ഡാല്‍. ലഷ്‌കര്‍-ഇ-ത്വയ്ബയുടെ ശക്തി കേന്ദ്രം എന്നറിയപ്പെടുന്ന നരോവല്‍ മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ആയിരുന്നു ജുന്‍ഡാലിന്റെ സംസ്‌കാര ചടങ്ങുകളെന്നും ഇതില്‍ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിനും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനും വേണ്ടി പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആഗോള ഭീകരനും ലഷ്‌കര്‍ ഇ ത്വയ്ബ നേതാവുമായ ഹാഫിസ് അബ്ദുള്‍ റൗഫിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങില്‍ ലാഹോറിലെ കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍ ഷാ, 11 ഇന്‍ഫന്‍ട്രി ഡിവിഷന്‍ ജിഒസി ബ്രിഗേഡിയര്‍ മുഹമ്മദ് ഫുര്‍ഖാന്‍ ഷബ്ബീര്‍, 15 ഹൈമെക് ബ്രിഗേഡ് കമാന്‍ഡര്‍ ഡോ. ഉസ്മാന്‍ അന്‍വര്‍, പഞ്ചാബ് പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേര്‍ത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ ത്വയ്ബയുടെ മറ്റൊരു നേതാവ് ഖാലിദ് എന്ന അബു അക്‌സയുടെ ഫൈസലാബാദില്‍ സംസ്‌കാര ചടങ്ങിലും പാകിസ്ഥാന്‍ ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ മൂത്ത ഭാര്യാസഹോദരനും ബഹാവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലയുടെ ചുമതലയുമുള്ള ഹാഫിസ് മുഹമ്മദ് ജമീല്‍, മസൂദ് അസറിന്റെ മറ്റൊരു ഭാര്യാസഹോദരനായ 'ഉസ്താദ് ജി' എന്നറിയപ്പെടുന്ന മുഹമ്മദ് യൂസഫ് അസ്ഹര്‍ എന്നിവരാണ് ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് പ്രമുഖ ഭീകരര്‍.ഓപ്പറേഷന്‍ സിന്ദൂറില്‍ എന്ന പേരില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 35നും 40 നും ഇടയില്‍ പാക് സൈനികര്‍ മരിച്ചിട്ടുണ്ടാകാം എന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതികരണം.
ബഹാവല്‍പുരിലെ മുരിദ്കെയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ സംസ്‌കാരത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക് പഞ്ചാബിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രത്തിന്റെ മേധാവിയായ യാക്കൂബ് മുഗളിന്റെ സംസ്‌കാര ചടങ്ങില്‍ ഐഎസ്ഐ ഏജന്റുമാരും പാക് പോലീസും പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ പരസ്യമായ പിന്തുണയുണ്ട് എന്നുള്ളത് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്നപേരിലാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിലാണ് പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രം തകര്‍ന്നത്. ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തുന്നതിനും പരിശീലനം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പായിരുന്നു ഇത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പുലര്‍ച്ചെ 1.44-ഓടെയായിരുന്നു ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് തിരിച്ചടി നല്‍കിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തില്‍ ലഷ്‌കര്‍, ജെയ്ഷ താവളങ്ങള്‍ തകര്‍ത്തിരുന്നു. പാക് മേഖലകളിലെ ഒമ്പതിടങ്ങളിലായിരുന്നു സൈന്യം തിരിച്ചടി നല്‍കിയത്. ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടാണ് മെയ് 7-ന് പുലര്‍ച്ചെ ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുടനീളമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു. ഈ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയത്.
പാകിസ്താനിലും പാക് അധീന കശ്മീരിലുമായുള്ള മുസാഫറബാദ്, കോട്‌ലി, ബഹാവല്‍പുര്‍, റവാലകോട്ട്, ഭിംബര്‍, ചക്‌സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മര്‍ക്കസ് സുബഹാനള്ള ക്യാമ്പസ്', ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്‌കെയിലെ 'മര്‍ക്കസ് തൊയ്ബ', ഹിസ്ബുള്‍ ക്യാമ്പായ സിയാല്‍കോട്ടിലെ 'മെഹ്‌മൂന ജോയ' എന്നിവയെല്ലാം ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ ചാരമായി. 25 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തില്‍ സ്‌കാള്‍പ്(സ്റ്റോം ഷാഡോ) മിസൈലുകളും ഹാമ്മര്‍ ബോംബുകളും ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ പ്രയോഗിച്ചു. 'ഓപ്പറേഷന്‍ സിന്ദൂറി'ന് പിന്നാലെ പാക്കിസ്ഥാനിലെ ഈ ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങളും അവിടങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു.