- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പര നഷ്ടമായി; ഏകദിന പരമ്പരയിലും സമ്മർദ്ദത്തിൽ; ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരൂ; വിശാഖപട്ടണത്തിലേത് ബാറ്റിങിനെ തുണയ്ക്കുന്ന പിച്ച്; ടോസ് നിർണായകം; ഹാട്രിക്ക് സെഞ്ചുറി ലക്ഷ്യമിട്ട് വിരാട് കോഹ്‍ലി; ബാവുമയുടെ പ്രോട്ടീസ് പടയും ആത്മവിശ്വാസത്തിൽ
വിശാഖപട്ടണം: 25 വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യൻ ടീമിന് നേരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജയിച്ചെങ്കിലും രണ്ടാം മത്സരത്തിലെ തോൽവി ഇന്ത്യ വീണ്ടും സമ്മർദ്ദത്തിൽ ആക്കിയിരിക്കുകയാണ്. പരമ്പര കൈവിടാതിരിക്കാനുള്ള നിർണ്ണായക പോരാട്ടത്തിന് ഇന്ത്യ ഇന്ന് വിശാഖപട്ടണത്ത് ഇറങ്ങും. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1ന് തുല്യത പാലിക്കുകയാണ്. ഈ മത്സരം ഇന്ത്യക്ക് അഭിമാന പ്രശ്നവും ദക്ഷിണാഫ്രിക്കക്ക് ചരിത്ര നേട്ടവുമാണ്.
ഏകദേശം നാലു പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് ഇന്ത്യക്ക് ടെസ്റ്റും ഏകദിനവും ഒരുമിച്ച് സ്വന്തം മണ്ണിൽ തോൽവി വഴങ്ങാനുള്ള സാധ്യത. 1986-87ൽ പാകിസ്താനോടാണ് അവസാനമായി ഇന്ത്യക്ക് ഈ നാണക്കേട് നേരിടേണ്ടി വന്നത്. ടെസ്റ്റ് പരമ്പര നേരത്തെ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. ഡ്രസ്സിങ് റൂമിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള മാധ്യമവാർത്തകൾക്കിടെ, ഒരു തോൽവി ടീമിനുള്ളിലെ കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു. മറുവശത്ത്, ദക്ഷിണാഫ്രിക്കക്ക് ഈ ഇരട്ട നേട്ടം സ്വന്തമാക്കി റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്താനുള്ള സുവർണ്ണാവസരമാണ്.
ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷകൾ. അവസാന മൂന്ന് മത്സരങ്ങളിൽ രണ്ട് സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും നേടിയ വിരാട് കോഹ്‍ലി ഇന്ന് മറ്റൊരു സെഞ്ച്വറി കൂടി നേടിയാൽ ഹാട്രിക് ശതകമെന്ന അത്യപൂർവ റെക്കോർഡ് സ്വന്തമാക്കും. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളുമായി രോഹിത് ശർമയും മികച്ച ഫോമിലാണ്. കഴിഞ്ഞ കളിയിൽ സെഞ്ച്വറിയുമായി തിളങ്ങിയ ഋതുരാജ് ഗെയ്ക്‌വാദും അർധ സെഞ്ച്വറികളുമായി കെ.എൽ രാഹുലും ടീമിന് കരുത്ത് പകരുന്നു. വിശാഖപട്ടണത്തെ പിച്ച് ബാറ്റർമാരെ തുണയ്ക്കുമെന്ന പ്രവചനങ്ങൾക്കിടെ കൂട്ടായ ശ്രമത്തിലൂടെ ഈ പ്രതിസന്ധി മറികടക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.
ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. വാഷിങ്ടൺ സുന്ദറിന് പകരം തിലക് വർമയെ പരിഗണിക്കാനോ, ഋഷഭ് പന്തിനെ അവസരം നൽകാനോ സാധ്യതയുണ്ട്. ബോളിങ് നിരയും ഇന്ത്യക്ക് വെല്ലുവിളിയാണ്. അർഷ്ദീപ് സിങ് മികച്ച ഫോമിലാണെങ്കിലും, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവരുടെ പ്രകടനം തൃപ്തികരമല്ല. എട്ടിന് മുകളിലാണ് പ്രസിദ്ധിന്റെ ശരാശരി. ഇരുവർക്കും പകരക്കാരില്ലാത്തത് ഇന്ത്യക്ക് തലവേദനയാണ്. ടോസ് ഈ മത്സരത്തിൽ നിർണ്ണായകമാകും. തുടർച്ചയായ 20 ടോസ് നഷ്ടങ്ങൾക്ക് ശേഷം ഇന്ത്യയെ ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും. കഴിഞ്ഞ മത്സരത്തിലെ വിരാട് കോഹ്‍ലി-രോഹിത് ശർമ കൂട്ടുകെട്ടിന്റെ വീര്യം വീണ്ടും കാണാൻ വലിയ ജനക്കൂട്ടം വിശാഖപട്ടണത്തേക്ക് ഒഴുകിയെത്തും.
വിശാഖപട്ടണത്തെ ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ സ്റ്റേഡിയത്തിലെ പിച്ച് പൊതുവെ ബാറ്റ്സ്മാൻമാർക്ക് അനുയോജ്യമാണ്. എന്നാൽ കളി പുരോഗമിക്കുമ്പോൾ പിച്ച് സ്പിന്നർമാരെ പിന്തുണയ്ക്കും. ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോർ 233 ആണ്, ടോസ് നേടുന്ന ടീം ഈ വേദിയിൽ ആദ്യം ബൗൾ ചെയ്യാനാണ് സാധ്യത.
സാധ്യത ഇലവൻ:
ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോലി, റുതുരാജ് ഗെയ്‌ക്‌വാദ്, വാഷിംഗ്ടൺ സുന്ദർ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ
ദക്ഷിണാഫ്രിക്ക: ക്വിൻ്റൺ ഡി കോക്ക്, എയ്ഡൻ മർക്രം, ടെംബ ബാവുമ, മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി




