ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാനെ കടലിലൂടെ ആക്രമിക്കാന്‍ ഇന്ത്യ മിനിറ്റുകള്‍ മാത്രം അകലെയായിരുന്നുവെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി വെളിപ്പെടുത്തി. സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ പാകിസ്ഥാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും ഈ വിവരം ഇപ്പോള്‍ ഒരു രഹസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നടന്ന നേവല്‍ ഇന്‍വെസ്റ്റിചര്‍ സെറിമണിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഓപ്പറേഷന്‍ സിന്ദൂറില്‍, നാവികസേന അതീവ ആക്രമണോത്സുകമായ നിലപാടാണ് സ്വീകരിച്ചത്. അത് സേനയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ്. ''പാകിസ്ഥാന്‍ സൈനിക നടപടികള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട സമയത്ത്, കടലില്‍ നിന്ന് അവരെ ആക്രമിക്കാന്‍ നാം ഏതാനും മിനിറ്റുകള്‍ മാത്രം അകലെയായിരുന്നു എന്നത് ഇപ്പോള്‍ രഹസ്യമല്ല.''-ദിനേഷ് കെ. ത്രിപാഠിയുടെ വാക്കുകള്‍ ഇങ്ങനെ.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം, 2025 മെയ് 7-നാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. കൊലപാതകങ്ങള്‍ക്ക് പകരം വീട്ടുന്നതിനും പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനുമായാണ് ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്. ഈ ഓപ്പറേഷനില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സൈനിക സംഘര്‍ഷം നിലനിന്നിരുന്നു. തുടര്‍ന്ന് മെയ് 10-ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍ വേളയിലെ നാവികസേനയുടെ നടപടികള്‍ ദേശീയ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.പശ്ചിമ സമുദ്രതീരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 17 മണിക്കൂര്‍ നീണ്ട ചരിത്രപരമായ സന്ദര്‍ശനവേളയില്‍ സേനയുടെ കരുത്ത് അദ്ദേഹത്തിന് മുന്നില്‍ തെളിയിക്കാന്‍ സാധിച്ചുവെന്നും അഡ്മിറല്‍ ത്രിപാഠി പറഞ്ഞു.

''ഓപ്പറേഷന്‍ സിന്ദൂര്‍ വേളയിലെ ദ്രുതഗതിയിലുള്ളതും ദൃഢവുമായ നടപടികളിലൂടെ ഇന്ത്യന്‍ നാവികസേന രാജ്യത്തിന്റെ ആത്മവിശ്വാസവും വിശ്വാസവും ഉറപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനും വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ, വെസ്റ്റേണ്‍ സീബോര്‍ഡില്‍ പ്രധാനമന്ത്രിക്കൊപ്പം നടത്തിയ 17 മണിക്കൂര്‍ നീണ്ട ചരിത്രപരമായ യാത്രയില്‍ നാവികസേനയുടെ പ്രവര്‍ത്തന ശേഷിയുടെ ആഴവും വ്യാപ്തിയും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,'' - അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്തെ ഇന്ത്യന്‍ നാവികസേനയുടെ നിലപാട് പാകിസ്ഥാന്‍ നാവികസേനയെ അവരുടെ തുറമുഖങ്ങള്‍ക്കോ മക്രാന്‍ തീരത്തോ അടുത്ത് തന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കിയെന്ന് അഡ്മിറല്‍ ത്രിപാഠി നേരത്തെ പറഞ്ഞിരുന്നു. ഈ ഓപ്പറേഷന്‍ തുടരുകയാണെന്നും ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.