ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ തന്ത്രപ്രധാനമായ ഒളിത്താവളം തകർത്ത് ഇന്ത്യൻ സുരക്ഷാസേന. കിഷ്ത്വാറിലെ ഛാത്രൂ മേഖലയിൽ 'ഓപ്പറേഷൻ ട്രാഷി-1'ന്റെ ഭാഗമായി നടന്ന സംയുക്ത നീക്കത്തിനിടയിലാണ് സുരക്ഷാസേന ഒളിത്താവളം കണ്ടെത്തി നശിപ്പിച്ചത്. ഭീകരർക്ക് ഇത് കനത്ത തിരിച്ചടിയായി കണക്കാക്കുന്നു.

പുറത്തുനിന്ന് കാണാൻ കഴിയാത്തവിധം കല്ലുകൾ നിരത്തി നിർമ്മിച്ച ഒരു ബങ്കറാണ് സുരക്ഷാസേന കണ്ടെത്തിയത്. മാസങ്ങളോളം ഉപയോഗിക്കാനുള്ള ഭക്ഷണസാധനങ്ങളും മറ്റ് വസ്തുക്കളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. 50 പാക്കറ്റ് നൂഡിൽസ്, 20 കിലോ അരി, ഗോതമ്പ്, പരിപ്പ് വർഗ്ഗങ്ങൾ, പച്ചക്കറികൾ, മസാല പാക്കറ്റുകൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ ഭക്ഷണസാധനങ്ങൾ. ഇതിനുപുറമെ, രണ്ട് എൽപിജി സിലിണ്ടറുകൾ, സ്റ്റൗവ്, വിറക് എന്നിവയും ഒളിത്താവളത്തിൽ നിന്ന് പിടിച്ചെടുത്തു. ഏകദേശം മുപ്പതോളം ഭീകരർ ഈ മേഖലയിൽ ഒളിച്ചിരുന്നതായാണ് പ്രാഥമിക വിവരം.

ഒളിത്താവളം കണ്ടെത്തിയെങ്കിലും ഭീകരർ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സൈന്യത്തിന്റെ സംശയം. അതിനാൽ, ഡ്രോണുകളും സ്നിഫർ ഡോഗുകളും ഉപയോഗിച്ച് മേഖലയിൽ വിപുലമായ തിരച്ചിൽ തുടരുകയാണ്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിർത്തിവഴി ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാൻ പാകിസ്താൻ ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്ന് വനമേഖലകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം ജമ്മു മേഖലയിൽ നടക്കുന്ന മൂന്നാമത്തെ ഭീകരവിരുദ്ധ ഓപ്പറേഷനാണിത്.