- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇവർ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി! കൂട്ടത്തിൽ 16 വര്‍ഷം മുമ്പ് നുഴഞ്ഞു കയറിയവർ വരെ ഉണ്ട്; ജമ്മു കശ്മീരില്‍ കൊടുംഭീകരന്മാരുടെ ശൃംഖല തകർത്ത് സൈന്യം; ഒളിവിലായിരുന്ന ലഷ്കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഇനി നല്ല വെള്ളം കുടിക്കും

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ നിർണ്ണായക നേട്ടവുമായി സുരക്ഷാ സേന. അതീവ അപകടകാരികളായ രണ്ട് പാകിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ അഞ്ച് ലഷ്കർ-ഇ-തൊയ്ബ ഭീകരരെ ശ്രീനഗർ പോലീസ് പിടികൂടി. കഴിഞ്ഞ 16 വർഷമായി സുരക്ഷാ ഏജൻസികളെ വെട്ടിച്ച് ഒളിവിലിരുന്ന 'എ പ്ലസ്' വിഭാഗത്തിൽപ്പെട്ട കൊടുംഭീകരൻ അബ്ദുള്ള (അബു ഹുറൈറ) പിടിയിലായതാണ് ഈ നീക്കത്തിലെ ഏറ്റവും വലിയ വിജയം.
പിടിയിലായ അബ്ദുള്ള 16 വർഷം മുമ്പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ജമ്മു കശ്മീരിന് പുറത്തും ഭീകര ശൃംഖല വ്യാപിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഇയാൾ, ഏതാണ്ട് 40-ഓളം വിദേശ ഭീകരരുടെ സംഘത്തെ നയിച്ചിരുന്നു. ഇയാളുടെ കീഴിലുണ്ടായിരുന്ന ഭൂരിഭാഗം ഭീകരരെയും മുൻപ് സുരക്ഷാ സേന വധിച്ചിരുന്നുവെങ്കിലും അബ്ദുള്ള മാത്രം പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇയാളോടൊപ്പം പിടിയിലായ ഉസ്മാനും പാകിസ്ഥാൻ സ്വദേശിയും 'എ പ്ലസ്' വിഭാഗത്തിൽപ്പെട്ട കൊടുംഭീകരനുമാണ്.
ഭീകരർക്ക് ഒളിത്താവളവും ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിച്ചുനൽകിയിരുന്ന മൂന്ന് ശ്രീനഗർ സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നഖീബ് ഭട്ട്, ആദിൽ റാഷിദ് ഭട്ട്, ഗുലാം മുഹമ്മദ് മിർ (മാമ) എന്നിവരാണ് പിടിയിലായ പ്രാദേശിക സഹായികൾ. മാർച്ച് 31-ന് നഖീബ് ഭട്ട് പിടിയിലായതോടെയാണ് ഈ വലിയ ഭീകര ശൃംഖലയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പോലീസിന് ലഭിച്ചത്.
പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളിൽ പോലീസ് മിന്നൽ പരിശോധന നടത്തി. നാല് എകെ റൈഫിളുകൾ, വൻ ആയുധശേഖരം, ഭീകരവാദ ലഘുലേഖകൾ എന്നിവയ്ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ വിലാസങ്ങളുള്ള വ്യാജ തിരിച്ചറിയൽ രേഖകളും കണ്ടെടുത്തു. ഇന്ത്യയിലുടനീളം ശൃംഖല വ്യാപിപ്പിക്കാൻ ഈ വ്യാജ രേഖകൾ ഇവർ ഉപയോഗിച്ചിരുന്നു.
ശ്രീനഗർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസം നേടിയവർ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാകുന്നതായി കണ്ടെത്തി.2025 നവംബറിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന, ഒരു ഡസനിലധികം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ ഫരീദാബാദിലെ അൽ-ഫലാ സർവ്വകലാശാലയിലെ ഡോ. ഉമർ-ഉൻ നബിക്ക് പങ്കുണ്ടെന്ന വിവരവും അധികൃതർ പുറത്തുവിട്ടു.
അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ അതിശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സുരക്ഷാ സേനയുടെ തീരുമാനം. പിടികൂടിയ ഭീകരരുടെ മറ്റ് കണ്ണികൾക്കായുള്ള അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഈ അറസ്റ്റോടെ വലിയൊരു ഭീകരാക്രമണ പദ്ധതിയാണ് തകർത്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


