- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ വിസ നിഷേധിച്ചെന്ന് യു.എസിലെ നേതാവ് ക്ഷമ സാവന്ത്; ക്രമസമാധാന പ്രശ്നമുണ്ടായെന്ന് കോണ്‍സുലേറ്റ്; മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകയായ ക്ഷമയുടെ വിസാ നിഷേധത്തില്‍ വിവാദം; ക്ഷമ പൗരത്വ ഭേദഗതി നിയമത്തെയും എന്‍.ആര്‍.സിയെയും എതിര്‍ത്ത നേതാവ്
ഇന്ത്യ വിസ നിഷേധിച്ചെന്ന് യു.എസിലെ നേതാവ് ക്ഷമ സാവന്ത്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയും അമേരിക്കയിലെ രാഷ്ട്രീയ നേതാവുമായ ക്ഷമ സാവന്തിന് ഇന്ത്യ വിസ നിഷേധിച്ചതിനെ ചൊല്ലി വിവാദം. വിസ നിഷേധിച്ചതിന് പിന്നാലെ യു.എസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ക്രമസമാധാനപ്രശ്നങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. വിസ നിഷേധിച്ചതിന് പിന്നാലെ യു.എസിലെ സിയാറ്റായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രതിഷേധവുമായി പോയെന്ന് ക്ഷമ സാവന്ത് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് കോണ്‍സുലേറ്റില്‍ ചില ക്രമസമാധാന പ്രശ്നങ്ങള്‍ നേരിട്ടതായി സിയാറ്റായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചത്. എന്നാല്‍, ആരുടെയും പേര് പരാമര്‍ശിക്കുകയോ സംഭവത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കുകയോ ചെയ്തിട്ടില്ല. പ്രവൃത്തിസമയത്തിന് ശേഷം ചിലര്‍ ഓഫീസിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചെന്നും എത്ര ആവര്‍ത്തിച്ചിട്ടും ഇവര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ലെന്നുമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചത്. കോണ്‍സുലേറ്റിലെ ജീവനക്കാരെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചതായും കുറിപ്പിലുണ്ട്. ഇവര്‍ക്കെതിരേ തുടര്‍നടപടികള്‍ ആരംഭിച്ചതായും കോണ്‍സുലേറ്റ് അറിയിച്ചു.
ഇന്ത്യ തനിക്ക് വിസ നിഷേധിച്ചതായി ക്ഷമ സാവന്ത് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ബെംഗളൂരുവില്‍ അസുഖബാധിതയായി കഴിയുന്ന അമ്മയെ കാണാനാണ് ക്ഷമ അടിയന്തര വിസയ്ക്കായി അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍, തന്റെ വിസ അപേക്ഷ നിരസിച്ചെന്നും അതേസമയം, ഭര്‍ത്താവായ കാല്‍വിന് വിസ അനുവദിച്ചെന്നുമായിരുന്നു ക്ഷമയുടെ ആരോപണം. ഇതേത്തുടര്‍ന്ന് തന്റെ സംഘടനയായ 'വര്‍ക്കേഴ്സ് സ്ട്രൈക്ക് ബാക്കി'ലെ അംഗങ്ങളുമായി കോണ്‍സുലേറ്റ് ഓഫീസിലെത്തി പ്രതിഷേധിച്ചതായും ക്ഷമ സ്ഥിരീകരിച്ചു.
എന്തുകൊണ്ടാണ് മൂന്നാംവട്ടവും തനിക്ക് വിസ നിഷേധിച്ചതെന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും എന്നാല്‍, അധികൃതര്‍ വിശദീകരണം നല്‍കാന്‍ വിസമ്മതിച്ചെന്നും പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും ക്ഷമ സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
'മോദി സര്‍ക്കാരിന്റെ 'റിജക്ട് ലിസ്റ്റി'ല്‍ തന്റെ പേരുണ്ടായതിനാലാണ് എനിക്ക് വിസ നിഷേധിച്ചതെന്നാണ് ഒരു കോണ്‍സുലാര്‍ ഓഫീസര്‍ പറഞ്ഞത്. മോദിയുടെ പൗരത്വനിയമഭേദഗതിക്കെതിരേ എന്റെ സിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു', ക്ഷമ പറഞ്ഞു. സിയാറ്റായിലെ സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു ക്ഷമ സാവന്ത്. പൗരത്വനിയമഭേദഗതി വിഷയത്തിലടക്കം മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച അമേരിക്കയിലെ രാഷ്ട്രീയ നേതാവ് കൂടിയാണ് അവര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വിമര്‍ശകയായിരുന്ന അവര്‍ പൗരത്വ ഭേദഗതി നിയമത്തെയും (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററിനെയും (എന്‍.ആര്‍.സി) ശക്തമായി എതിര്‍ത്തിരുന്നു. ഒരു ദശാബ്ദത്തിലേറെയായി അവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് സിയാറ്റില്‍ നഗരത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാണ് അവര്‍. അമ്മയെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ വിസ നിഷേധിക്കുകയാണെന്ന് വെള്ളിയാഴ്ച സാവന്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍പറഞ്ഞു. മോദി സര്‍ക്കാരിന്റെ 'തടയല്‍ പട്ടികയില്‍' താന്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു. 1973 ഒക്ടോബര്‍ 17ന് പുണെയിലാണ് ക്ഷാമ സാവന്ത് ജനിച്ചത്. മുംബൈ സര്‍വകലാശാലയില്‍ നിന്ന് 1994ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി.
ബിരുദാനന്തരം യു.എസിലേക്ക് താമസം മാറി. 2003ല്‍ നോര്‍ത്ത് കരോലൈന സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് അവര്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായി ജോലി ചെയ്തു. സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് എന്ന പേരില്‍ അമേരിക്കയിലെ ഇടതുപക്ഷ ചായ്വുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു. വാഷിങ്ടണ്‍ സ്റ്റേറ്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014 മുതല്‍ 2024 വരെ അവര്‍ സിയാറ്റില്‍ സിറ്റി കൗണ്‍സിലില്‍ സേവനമനുഷ്ഠിച്ചു.
സിയാറ്റിലില്‍ മിനിമം വേതനം 15 ഡോളറായി ഉയര്‍ത്തിയതുള്‍പ്പെടെ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നതിന്റെ പിന്നില്‍ ക്ഷമ സാവന്ത് ആയിരുന്നു. സിയാറ്റിലില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരായ ബില്‍ വിജയകരമായി പാസാക്കാന്‍ കഴിഞ്ഞതിന് ശേഷം അവര്‍ വാര്‍ത്തകളില്‍ ഇടം നേടി. 2023-ല്‍, സിയാറ്റില്‍ സിറ്റി കൗണ്‍സിലില്‍ സി.എ.എ, എന്‍.ആര്‍.സി എന്നിവക്കെതിരെ പ്രമേയം പാസാക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യന്‍ നിയമങ്ങള്‍ സ്ത്രീകള്‍, മുസ്‌ലിംകള്‍, അടിച്ചമര്‍ത്തപ്പെട്ട ജാതിക്കാര്‍, തദ്ദേശീയര്‍, എല്‍.ജി.ബി.ടി വിഭാഗം എന്നിവര്‍ക്കെതിരെ വിവേചനം കാണിക്കുന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു.