കൊളറാഡോ: യുഎസിലെ കൊളറാഡോ ബൗൾഡർ സർവകലാശാലയിൽ പാലക് പനീർ ചൂടാക്കിയതിൻ്റെ പേരിൽ വംശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ ദമ്പതികൾക്ക് 200,000 ഡോളർ (ഏകദേശം 1.8 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ സർവകലാശാല തീരുമാനം. സംഭവം നടന്നതിന് പിന്നാലെ തടഞ്ഞുവെച്ച മാസ്റ്റേഴ്സ് ബിരുദങ്ങൾ തിരികെ നൽകാനും സർവകലാശാല സമ്മതിച്ചിട്ടുണ്ട്. 2023 സെപ്റ്റംബർ 5-നാണ് സംഭവങ്ങളുടെ തുടക്കം.

നരവംശശാസ്ത്ര വിഭാഗത്തിൽ പിഎച്ച്.ഡി. വിദ്യാർത്ഥിയായിരുന്ന ആദിത്യ പ്രകാശും ഭാര്യ ഉർമി ഭട്ടാചാര്യയും സർവകലാശാലയിലെ പൊതു മൈക്രോവേവിൽ പാലക് പനീർ ചൂടാക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന ഒരു ജീവനക്കാരി, പാലക് പനീറിൻ്റെ ഗന്ധം അസഹനീയമാണെന്നും ഇനി അത് പൊതു മൈക്രോവേവിൽ ചൂടാക്കരുതെന്നും പ്രകാശിനോട് ആവശ്യപ്പെട്ടു. എല്ലാവർക്കും ഉപയോഗിക്കാനുള്ള സൗകര്യമാണിതെന്ന് പ്രകാശ് മറുപടി നൽകി.

ഈ സംഭവത്തിന് പിന്നാലെ തങ്ങൾക്ക് നേരെ വംശീയമായ വിവേചനവും അധിക്ഷേപവും നടന്നതായി ദമ്പതികൾ ആരോപിച്ചു. അധികൃതർ തങ്ങളെ വേട്ടയാടുകയും ബിരുദങ്ങൾ തടഞ്ഞുവെക്കുകയും പിഎച്ച്.ഡി. വിദ്യാർത്ഥിനിയായിരുന്ന ഉർമി ഭട്ടാചാര്യയെ ടീച്ചിംഗ് അസിസ്റ്റൻ്റ് സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തതായും ഇവർ പറയുന്നു. സർവകലാശാലയിൽ തുടരാൻ സാധിക്കാത്തവിധമായിരുന്നു അധികൃതരുടെ പെരുമാറ്റമെന്നും ദമ്പതികൾ ചൂണ്ടിക്കാട്ടി.

തുടർന്ന്, വംശീയാധിക്ഷേപം ചൂണ്ടിക്കാട്ടി ദമ്പതികൾ സർവകലാശാലയ്‌ക്കെതിരെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. ദമ്പതികൾക്ക് അനുകൂലമായി വിധി വന്നതിനെ തുടർന്നാണ് സർവകലാശാല നഷ്ടപരിഹാരം നൽകാൻ നിർബന്ധിതരായത്. 2025 സെപ്റ്റംബറോടെ 200,000 ഡോളർ നഷ്ടപരിഹാരവും ബിരുദങ്ങളും നൽകാനാണ് സർവകലാശാലയുടെ തീരുമാനം.