- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഭീകരതയ്ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല'! നിരപരാധികളാണ് ആക്രമിക്കപ്പെട്ടത്; കുറ്റം ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടും; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍
മുംബൈ: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യം. നിരപരാധികളായ 29 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനെതിരെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അന്താരാഷ്ട്ര സമൂഹവുമെല്ലാം ഒറ്റക്കെട്ടായി നിലപാടെടുത്തു. സംഭവത്തില്‍ നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ഉചിതമായ മറുപടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, വിരാട് കോലി, യുവ്രാജ് സിങ്, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്.
ക്രിക്കറ്റ് ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പഹല്‍ഗാം ആക്രമണത്തെ അപലപിക്കുകയും ഇരകളായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള സന്ദേശമാണ് ക്രിക്കറ്റ് താരങ്ങള്‍ നല്‍കുന്നത്. പാര്‍ത്ഥിവ് പട്ടേല്‍, ആകാശ് ചോപ്ര, മനോജ് തിവാരി, ഇഷാന്ത് ശര്‍മ, ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്‌ന തുടങ്ങി താരങ്ങളും ആക്രമണത്തെ അപലപിച്ചു.
പഹല്‍ഗാം സംഭവത്തില്‍ അതീവ ദു:ഖിതനാണ് താനെന്ന് വിരാട് കോലി പറഞ്ഞു. നിരപരാധികളാണ് ആക്രമിക്കപ്പെട്ടത്. ഇരകളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാധാനവും ശക്തിയും നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ഈ ക്രൂരകൃത്യത്തിന് അര്‍ഹമായ നീതി ലഭിക്കണമെന്നും കോലി വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഇന്ത്യ ഉചിതമായ മറുപടി നല്‍കുമെന്ന് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ പറഞ്ഞു. ഭീകരതയ്ക്ക് ഉചിതമായ മറുപടി നല്‍കണമെന്ന ആവശ്യവുമായി ഹര്‍ഭജന്‍ സിംഗും രംഗത്തെത്തി.
ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് ശുഭ്മാന്‍ ഗില്‍ പറഞ്ഞു. പഹല്‍ഗാമിലെ ആക്രമണത്തെക്കുറിച്ച് കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഗില്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. പഹല്‍ഗാം സംഭവത്തില്‍ അതീവ ദു:ഖിതനാണെന്നും ഇത്തരം അക്രമങ്ങള്‍ക്കെതിരെ നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ഇഷാന്ത് ശര്‍മ്മ അഭിപ്രായപ്പെട്ടു. സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് പഹല്‍ഗാമില്‍ സംഭവിച്ചിരിക്കുന്നതെന്നും ഇരകളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും മനോജ് തിവാരി അറിയിച്ചു.
പഹല്‍ഗാമില്‍ കുറ്റം ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ താന്‍ അതീവ ദു:ഖിതനാണെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ നേരിടാനുള്ള ശക്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും യുവരാജ് സിം?ഗ് പറഞ്ഞു. അതേസമയം, പഹല്‍ഗാമില്‍ സംഭവിച്ചത് വളരെ ഭയാനകവും ദുഃഖകരവുമാണെന്ന് ആകാശ് ചോപ്ര പ്രതികരിച്ചു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അദ്ദേഹം അനുശോചനം അറിയിച്ചു. ഇതിന് ഉത്തരവാദികളായവരെയും അവരെ പിന്തുണയ്ക്കുന്നവരെയും പിടികൂടി കഠിനമായ ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
'കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഹൃദയം വേദനിക്കുന്നു. ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. സമാധാനത്തിനും ശക്തിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു,' - കെ.എല്‍ രാഹുല്‍ കുറിച്ചു.
'പഹല്‍ഗാമിലെ ദാരുണമായ ആക്രമണത്തെക്കുറിച്ച് കേള്‍ക്കുന്നത് ഹൃദയഭേദകമാണ്. അര്‍ഥശൂന്യമായ അക്രമത്തില്‍ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് ശക്തിയും സമാധാനവും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. വിദ്വേഷത്തിനെതിരെ നമുക്ക് ഒരുമിച്ച് നില്‍ക്കാം.' - അനില്‍ കുംബ്ലെ വ്യക്തമാക്കി.
'നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോഴെല്ലാം മനുഷ്യത്വം നഷ്ടപ്പെടുന്നു. ഇന്ന് കശ്മീരില്‍ എന്താണ് സംഭവിച്ചതെന്ന് കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് ഹൃദയഭേദകമാണ്.' -ഇര്‍ഫാന്‍ പത്താന്‍ എക്സ് അക്കൗണ്ടില്‍ വ്യക്തമാക്കി.
'ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഗാധമായി ഞെട്ടലുണ്ടായി. ദുഃഖിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. ഇത്തരം അക്രമങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല. സമാധാനം നിലനില്‍ക്കട്ടെ,'- യൂസഫ് പത്താന്‍ കുറിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ നേരിട്ട് പരാമര്‍ശിച്ചുകൊണ്ടാണ് സുരേഷ് റെയ്ന രംഗത്തെത്തിയത്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ ഈ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ പൊലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും നീതി വിജയിക്കുമെന്നും റെയ്‌ന വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരേയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന ഭീകരസംഘടനയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. ഇത് പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ്.