തിരുവനന്തപുരം: ജോര്‍ദ്ദാനില്‍ സുരക്ഷ സേനയുടെ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേല്‍ പേരേരയുടെ മൃതദ്ദേഹം നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കുടുംബം തന്നെ വഹിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. തോമസിന്റെ ഭാര്യയ്ക്ക് അയച്ച കത്തിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മൃതദേഹം ജോര്‍ദാനില്‍ നിന്ന് നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നല്‍കി.

കുടുംബം സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ പെട്ടു കിടക്കുമ്പോഴാണ് മൃതദേഹം കൊണ്ടുവരാനുള്ള ചിലവ് കുടുംബം വഹിക്കണമെന്ന ആവശ്യമെത്തിയത്. ഇത് കുടുംബത്തെ ഏറെ വിഷമിപ്പിക്കുന്നതാണ്. തലയില്‍ വെടിയേറ്റാണ് തുമ്പ സ്വദേശി തോമസിന്റെ മരണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തോമസിന്റെ സാമഗ്രികള്‍ പൊലീസില്‍ നിന്ന് എംബസി ഉദ്യോഗസ്ഥര്‍ ഇന്ന് സ്വീകരിക്കും. തോമസിന്റെ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി എഡിസന് കാലിലാണ് വെടിയേറ്റത്. ജോര്‍ദാനില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് ഇസ്രയേലിലേക്ക് പോകാന്‍ ശ്രമിക്കവെയാണ് ജോര്‍ദാനിയന്‍ അതിര്‍ത്തി സേന ഇവര്‍ക്ക് നേരെ വെടിവെച്ചത്. നാല് പേരാണ് ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

ഇസ്രയേലിലേക്കുള്ള തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് നാട്ടില്‍ നിന്ന് കൊണ്ടുപോയ ഏജന്‍സി ഇവരെ കബളിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഇവര്‍ക്ക് ജോര്‍ദാനിലേക്കുള്ള മൂന്ന് മാസത്തെ സന്ദര്‍ശക വിസയാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി അഞ്ചാം തീയ്യതിയാണ് ഇവര്‍ ജോര്‍ദാനിലേക്ക് പോയത്. ഒന്‍പതാം തീയ്യതി വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി പത്തിന് ഇവര്‍ ഇസ്രയേല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെന്നാണ് വിവരം. ഈ സമയത്താണ് ജോര്‍ദാന്‍ അതിര്‍ത്തി സേന വെടിവെച്ചത്.

ഗബ്രിയേലിന്റെ മരണം അറിഞ്ഞ് ആകെ നടുക്കത്തിലാണ് കുടുബം. ഏകദേശം ഒരു മാസം മുന്‍പ് സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലേക്ക് പോയ അനി തോമസ് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ ഇവര്‍ക്കിപ്പോഴും ആയിട്ടില്ല. അനിയുടെ കൂടെ പോയത് ഭാര്യ ക്രിസ്റ്റീനയുടെ പിതൃസഹോദരന്റെ ചെറുമകനും മേനംകുളം സ്വദേശിയുമായ എഡിസന്‍ ചാള്‍സാണ്. ഇദ്ദേഹം കാലിന് വെടികൊണ്ട് തിരികെ നാട്ടിലെത്തി. എന്നാല്‍ സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തങ്ങളോട് വെളിപ്പെടുത്താന്‍ തക്ക മാനസികാവസ്ഥയിലല്ല എഡിസനെന്നാണ് അനി തോമസിന്റെ ബന്ധുക്കള്‍ പറയുന്നത്.

സാമ്പത്തികമായി ഏറെ കഷ്ടതകളനുഭവിക്കുന്ന കുടുംബമാണ് അനി തോമസിന്റേത്. അനിയുടെ പിതാവ് ഗബ്രിയേല്‍ പെരേരയും മാതാവ് സെലിനും രോഗ ബാധിതരായി ചികിത്സയിലാണ്. നേരത്തേ കുവൈറ്റില്‍ പോയിരുന്നുവെങ്കിലും കാര്യമായി ഒന്നും സമ്പാദിച്ചിട്ടില്ല. നാട്ടിലെത്തി സ്വന്തമായി ഓട്ടോയെടുത്ത് ഓടിക്കുകയാണ്. ഇതിന്റെ ലോണും അടച്ചു തീര്‍ത്തിട്ടില്ല.ഭാര്യയുടെ സ്വര്‍ണാഭരണങ്ങളുള്‍പ്പെടെ പണയത്തിലാണ്. സന്ദര്‍ശക വിസയില്‍ പോയശേഷം സ്ഥിരജോലി ഉള്‍പ്പെടെ സ്വപ്നം കണ്ടാകണം അനി തോമസ് ജോര്‍ദാനിലേക്ക് പോയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം ഇതുവഴി തീരുമെന്നും അനി കരുതി. എന്നാല്‍ ജോര്‍ദാന്‍ സൈന്യത്തിന്റെ തോക്കിന്‍ തുമ്പില്‍ അനിയുടെ ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷകളും അവസാനിച്ചു.

അനി തോമസിന്റെ മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ അഭ്യര്‍ഥന. ഇതിനായി രാഷ്ട്രീയനേതൃത്വവും പൊതുസമൂഹവും ഇടപെടണമെന്ന് ഭാര്യ ക്രിസ്റ്റീനയടക്കമുള്ളവര്‍ കൈകൂപ്പി അഭ്യര്‍ഥിക്കുകയാണ്. വിദേശത്തുള്ള മൃതദേഹം സ്വന്തം ചെലവില്‍ നാട്ടില്‍ കൊണ്ടുവരാനുള്ള സാമ്പത്തികഭദ്രത കുടുംബത്തിനില്ല.ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ട്. അനി തോമസിന്റെ മരണവിവരം സ്ഥിരീകരിച്ചുള്ള എംബസി ഉദ്യോഗസ്ഥന്റെ സന്ദേശം ലഭിച്ചതായി തുമ്പ സെയ്ന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ ഫാ. ഷാജിന്‍ ജോസും പറഞ്ഞു.

തനിക്കിനി ആരുമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ ഫോട്ടോയില്‍ നോക്കി കരയുന്ന ക്രിസ്റ്റീനയുടെ ദൃശ്യം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. സന്ദര്‍ശകവിസയിലാണ് ജോര്‍ദാനിലേക്ക് അനി തോമസ് പോയത്. സ്ഥലങ്ങള്‍ കാണാന്‍ പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. കൂടെ ബന്ധു എഡിസന്‍ ചാള്‍സ് പോകുന്നുവെന്ന വിവരം ഭാര്യക്കറിയാമായിരുന്നു. യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ ഭാര്യയോടും പറഞ്ഞിരുന്നില്ല. വീട്ടില്‍ നിന്നും ഒരുമിച്ചുള്ള പ്രാര്‍ഥനയ്ക്ക് ശേഷമാണ് അനി ഇറങ്ങിയതെന്ന് ക്രിസ്റ്റീന പറഞ്ഞു.