- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യയുടെ ജിഡിപിയേക്കാള്‍ വലുത് നമ്മുടെ സ്ത്രീകളുടെ സ്വര്‍ണ്ണശേഖരം! ഇന്ത്യക്കാരുടെ ലോക്കറിലിരിക്കുന്നത് 460 ലക്ഷം കോടി! ജി.ഡി.പിയുടെ 125 ശതമാനം; സ്വര്‍ണ്ണം വാരിക്കൂട്ടുന്ന ഇന്ത്യക്കാരെ നോക്കി ലോകം ചിരിക്കുന്നു; സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്ന 'സ്വര്ണ്ണക്കുരുക്ക്' എന്ന് വിമര്‍ശനങ്ങള്‍
ഇന്ത്യയുടെ ജിഡിപിയേക്കാള്‍ വലുത് നമ്മുടെ സ്ത്രീകളുടെ സ്വര്‍ണ്ണശേഖരം!

മുംബൈ: ഇന്ത്യക്കാരന് സ്വര്‍ണ്ണമെന്നാല്‍ വെറുമൊരു മഞ്ഞലോഹമല്ല, അതൊരു വികാരമാണ്. ആ വികാരം ഇപ്പോള്‍ കൊടുമുടി തൊട്ടിരിക്കുകയാണ്. ഇന്ത്യന്‍ വീടുകളിലെ സ്വീകരണമുറികളിലും ബാങ്ക് ലോക്കറുകളിലും വിശ്രമിക്കുന്ന സ്വര്‍ണ്ണത്തിന്റെ മൂല്യം ഇപ്പോള്‍ എത്രയാണെന്ന് അറിയാമോ? അഞ്ചു ലക്ഷം കോടി ഡോളര്‍! അതായത് ഏകദേശം 460 ലക്ഷം കോടി രൂപ.
കൊടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് സ്വര്‍ണ്ണത്തിന്റെ ഈ 'തടിച്ച' കണക്കുകളുള്ളത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 125 ശതമാനം വരും ഈ സ്വര്‍ണ്ണശേഖരം. പക്ഷേ, ഈ തിളക്കത്തിന് പിന്നില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്ന ചില കയ്‌പ്പേറിയ സത്യങ്ങളുണ്ട്.
സ്വര്‍ണ്ണവില കുതിച്ചുയരുന്നത് കണ്ടു നമ്മള്‍ സന്തോഷിക്കുമെങ്കിലും, അത് നമ്മുടെ കീശയിലേക്ക് പണമെത്തിക്കുന്നില്ല എന്നതാണ് വാസ്തവം. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന പ്രധാന പോയിന്റുകള്‍ ഇവയാണ്: ഓഹരികളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ പണം നിക്ഷേപിച്ചാല്‍ അത് കമ്പനികളുടെ വളര്‍ച്ചയ്ക്കും രാജ്യത്തിന്റെ പുരോഗതിക്കും ഉപകരിക്കും. എന്നാല്‍ ലോക്കറില്‍ കിടക്കുന്ന സ്വര്‍ണ്ണം ഒരു തരത്തിലുള്ള വരുമാനവും ഉണ്ടാക്കുന്നില്ല. രാജ്യത്തെ മൊത്തം റീട്ടെയില്‍ വായ്പകളുടെ വെറും 12 ശതമാനം മാത്രമാണ് സ്വര്‍ണ്ണപ്പണയമായി വരുന്നത്. അതായത്, കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ വലിയൊരു ഭാഗവും വെറുതെ ഇരിക്കുകയാണ്. ഇത് സാമ്പത്തിക വിപണിയിലേക്ക് എത്തുന്നില്ല.
ഇന്ത്യയിലേക്ക് എത്തുന്ന സ്വര്‍ണ്ണത്തില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യമാണ് ഇതിനായി രാജ്യം ചെലവാക്കുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കുന്നു. മലയാളി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വര്‍ണ്ണത്തെ ഒരു 'സുരക്ഷിത നിക്ഷേപമായി' കാണുമ്പോള്‍, അത് സമ്പദ്വ്യവസ്ഥയില്‍ നിന്ന് പണം പിന്‍വലിക്കപ്പെടുന്നതിന് തുല്യമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ബാങ്ക് നിക്ഷേപങ്ങളിലേക്കോ ബിസിനസ്സ് സംരംഭങ്ങളിലേക്കോ എത്തേണ്ട പണം ആഭരണങ്ങളായി അലമാരയില്‍ ഇരിക്കുന്നതിലൂടെ പുതിയ തൊഴിലവസരങ്ങളോ ആസ്തികളോ സൃഷ്ടിക്കപ്പെടുന്നില്ല.
ചുരുക്കത്തില്‍, ഇന്ത്യക്കാര്‍ ലോകത്തെ ഏറ്റവും വലിയ 'സമ്പന്നരായ ദരിദ്രരായി' മാറിക്കൊണ്ടിരിക്കുകയാണ്. കൈയ്യില്‍ കോടികളുടെ സ്വര്‍ണ്ണമുണ്ടെങ്കിലും അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു ഗുണവും ചെയ്യുന്നില്ല എന്ന വിരോധാഭാസമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതുവഴി രാജ്യത്തെ വലിയ അളവിലുള്ള ആസ്തി സമ്പദ് വ്യവസ്ഥയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയാണ്. ഈ പണം പിന്നീട് ബാങ്ക് നിക്ഷേപങ്ങളിലേക്കോ ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്കോ തിരികെയെത്തുന്നില്ല.
സ്വര്‍ണം വിറ്റ് പണമാക്കുന്നതും ബുദ്ധിമുട്ടാണ്. ഇതുവഴി വ്യവസായങ്ങള്‍ക്കും വായ്പകള്‍ക്കും നിക്ഷേപങ്ങള്‍ക്കും മറ്റും ഉപയോഗിക്കപ്പെടേണ്ട പണം ലോക്കറുകളിലോ വീടുകളിലെ അലമാരകളിലോ വെറുതേയിരിക്കുന്ന സാഹചര്യമുണ്ടാകുന്നു. ഇന്ത്യ ഉപയോഗിക്കുന്ന സ്വര്‍ണത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്. ഇത് വിദേശനാണ്യം രാജ്യത്തിനു പുറത്തേക്കൊഴുകുന്നതിനും കാരണമാകുന്നുണ്ട്.


