ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുകളില്‍ ട്രംപ് ചുമത്തിയ ഇരട്ടിത്തീരുവ കയറ്റുമതി മേഖലയെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ ഒരു ഇന്ത്യക്കാരന്‍ പുറത്തുവിട്ട വീഡിയ തീരുവ ഭീകരത എത്രത്തോളമാണെന്ന് വെളിപ്പെടുന്നതാണ്. ഡാളസിലെ വാള്‍മാര്‍ട്ട് സ്റ്റോറിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില കേട്ട് നെറ്റിസണ്‍സിന്റെ കണ്ണുതള്ളിയിരിക്കുകയാണ്.

യു.എസില്‍ കഴിയുന്ന രജത് എന്ന ഇന്ത്യക്കാരനാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ഈടാക്കുന്ന വിലയെ കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. സ്റ്റോറിലുടെ നടന്ന രജത് ഓരോ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെയും വില പറയുന്നതാണ് വിഡിയോയിലുള്ളത്. ഹിന്ദിയിലാണ് രജത് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

''പ്രിയപ്പെട്ടവരെ, അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ലഭ്യമായ ഏതാനും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഡാളസിലെ വാള്‍മാര്‍ട്ട് സ്റ്റോറിലാണ് ഞാനിപ്പോള്‍ ഉള്ളത്. മസൂര്‍ ദാലിന്റെയും മൂങ് ദാലിന്റെയും ഇവിടത്തെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. അരക്കിലോ പരിപ്പിന് നാലു ഡോളറാണ് വില. അതായത് 320 രൂപ. അതുപോലെ ആലു ബുജിയക്കും നാലു ഡോളര്‍ വരും.

പാര്‍ലെയുടെ ഹൈഡ് ആന്‍ഡ് സീക്ക് ബിസ്‌ക്കറ്റിന് ഇവിടെ ഈടാക്കുന്നത് 4.5 ഡോളറാണ്(400 രൂപ). പാര്‍ലെ ജി, ഗുഡ്ഡെ, ബിരിയാണി മസാല, തന്തൂരി മസാല, ബട്ടര്‍ ചിക്കന്‍ സോസ് തുടങ്ങിയവയെല്ലാം ഇവിടെ കിട്ടും. യു.എസിലെ ഇന്ത്യന്‍ ഉപയോക്താക്കളെ പരിഗണിച്ചാണ് ഇത്തരം സാധനങ്ങള്‍ വാള്‍മാര്‍ട്ട് സ്റ്റോക്ക് ചെയ്തു വെക്കുന്നത്.

ചിലര്‍ വീഡിയോ കണ്ട് നൊസ്റ്റുവടിച്ചപ്പേള്‍, മറ്റുള്ളവര്‍ വില കേട്ടാണ് ഞെട്ടിയത്. ഹൈഡ് ആന്റ് സീക്ക് ബിസ്‌ക്കറ്റിന് 400 രൂപയാണെന്ന് കേട്ടപ്പോഴാണ് പലരുടെയും കണ്ണ് തള്ളിയത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വിലയാണിതെന്നാണ് പൊതുവെ അഭിപ്രായമുയര്‍ന്നത്. കാനഡയില്‍ ഇത്രയും വില ഈടാക്കാറില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അവര്‍ അമേരിക്കന്‍ ഡ്രീംസ് വ്ളോഗ്സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ട വിഡിയോയിലാണ് ഡാളസിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില പുറത്തുവിട്ടത്. ഏകദേശം 39,000 ആളുകളാണ് ഹിന്ദിയില്‍ ചിത്രീകരിച്ച ഈ വിഡിയോ കുറഞ്ഞസമയം കൊണ്ട് കണ്ടത്.


അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെ അമേരിക്കയിലെ പ്രമുഖ റീട്ടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിറുത്തിയതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ്, ഗ്യാപ്പ് തുടങ്ങിയ പ്രമുഖരാണ് ഓര്‍ഡറുകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിറുത്തിവച്ചത്. കയറ്റുമതിക്കാര്‍ക്ക് ഇതുസംബന്ധിച്ച് ഇ- മെയിലുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അധിക ഇറക്കുമതിത്തീരുവയുടെ ഭാരം തങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും കയറ്റുമതിക്കാര്‍ തന്നെ അത് ഏറ്റെടുക്കണമെന്നും അമേരിക്കന്‍ റീട്ടെയിലര്‍മാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഉയര്‍ന്ന താരിഫ് നല്‍കി ഇന്ത്യയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ചെലവ് ഇപ്പോഴുള്ളതിന്റെ മുപ്പതുശതമാനത്തോളം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയിലേക്കുള്ള ഓര്‍ഡറുകളില്‍ നാല്‍പ്പതുമുതല്‍ അമ്പതുശതമാനംവരെ കുറവുണ്ടാകുമെന്നും ഇതിലൂടെ 4-5 ബില്യണ്‍ ഡോളര്‍ നഷ്ടം ഇന്ത്യയ്ക്കുണ്ടാവുമെന്നും കണക്കാക്കുന്നുണ്ട്. ടെക്സ്‌റ്റൈയില്‍സ്, ആഭരണങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് പ്രധാനമായും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യന്‍ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതിലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് അമേരിക്ക. ഇന്ത്യയില്‍ നിന്നുള്ള വസ്ത്ര കയറ്റുമതിയുടെ 28 ശതമാനവും അമേരിക്കയിലേക്കാണ്. കോടികളാണ് ഇതിലൂടെ ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ കമ്പനികള്‍ വിട്ടുനില്‍ക്കുന്നത് ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേട്ടമാകും എന്നാണ് വിലയിരുത്തുന്നത്.

രണ്ടുരാജ്യങ്ങള്‍ക്കും ഇരുപതുശതമാനം മാത്രമാണ് ഇറക്കുമതിചുങ്കം.അതേസമയം, ട്രംപിന്റെ അമ്പതുശതമാനം ഇറക്കുമതി തീരുവയ്ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയതില്‍ നാഗ്പുരില്‍ വേറിട്ട പ്രതിഷേധവും അരങ്ങേറിയിരുന്നു. വന്‍ ജനാവലിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീമാകാരമായ കോലം എഴുന്നള്ളിച്ചാണ് പ്രതിഷേധം നടത്തിയത്.

നാഗ്പുരിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വര്‍ഷംതോറും ആഘോഷിക്കുന്ന മര്‍ബത്ത് ഉത്സവത്തിനെത്തിയവരാണ് തീരുവ വര്‍ധനയ്ക്കെതിരേ അണിനിരന്നത്. തീരുവ ഉയര്‍ത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയുടെ ശക്തിയില്‍ ഖേദിക്കേണ്ടിവരുമെന്ന സന്ദേശങ്ങളും പ്രതിഷേധത്തില്‍ ഉയര്‍ത്തി.

'ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവ അവരുടെ വ്യാപാരത്തെ മാത്രമേ നശിപ്പിക്കൂ, അമേരിക്കന്‍ അമ്മാവന്‍ ഇന്ത്യക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു, പക്ഷേ, സ്വയം റഷ്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നു' എന്നിങ്ങനെയും നിരവധി പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നു. യുഎസ് ചുമത്തിയ തീരുവയിലുള്ള പൊതുജനങ്ങളുടെ അതൃപ്തി പ്രതിഫലിപ്പിച്ചാണ് ഈ വര്‍ഷം ട്രംപിന്റെ കൂറ്റന്‍ കോലം എഴുന്നള്ളിച്ചത്.