ന്യൂയോര്‍ക്ക്: ഹമാസിനെ പിന്തുണച്ചുവെന്നാരോപിച്ച് വിസ റദ്ദാക്കപ്പെട്ട കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനി രാജ്യം വിട്ടുവെന്ന് യുഎസ് ഭരണകൂടം. ഇവര്‍ ഇന്ത്യയിലേക്ക് തന്നെ തിരികെ പോയതായാണ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മാര്‍ച്ച് 5ന് വിദ്യാര്‍ത്ഥിനിയുടെ വിസ റദ്ദാക്കിയിരുന്നു.

തുടര്‍ന്ന് മാര്‍ച്ച് 11നാണ് രഞ്ജനി ശ്രീനിവാസന്‍ എന്ന വിദ്യാര്‍ത്ഥിനി സിബിപി ഹോം ആപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ രഞ്ജന ശ്രീനിവാസന്‍ സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുകടത്തപ്പെട്ടതായി യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

'അമേരിക്കന്‍ ഐക്യനാടുകളില്‍ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് തന്നെ ഒരു പദവിയാണ്. നിങ്ങള്‍ അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുമ്പോള്‍, ആ പദവി റദ്ദാക്കപ്പെടും, നിങ്ങള്‍ ഈ രാജ്യത്ത് തന്നെ ഉണ്ടാകരുത്. കൊളംബിയ സര്‍വകലാശാലയിലെ തീവ്രവാദ അനുഭാവികളില്‍ ഒരാള്‍ സ്വയം നാടുവിടാന്‍ സിബിപി ഹോം ആപ്പ് ഉപയോഗിക്കുന്നത് കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്' ക്രിസ്റ്റി നോം പറയുന്നു.

കോളേജ് കാമ്പസുകളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെത്തുടര്‍ന്ന് യുഎസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ മേല്‍ കൂടുതല്‍ പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് രഞ്ജന ശ്രീനിവാസന്റെ വാര്‍ത്ത കൂടി വരുന്നത്. 2022 ജനുവരി 26ന് എഫ്-1 സ്റ്റുഡന്റ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിന് വെസ്റ്റ് ബാങ്കില്‍ നിന്നുള്ള പലസ്തീന്‍ വംശജയായ ലെഖാ കോര്‍ഡിയയെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് (എച്ച്എസ്‌ഐ) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.

മുന്‍പ് കൊളംബിയ സര്‍വകലാശാലയില്‍ ഹമാസ് അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് 2024 ഏപ്രിലില്‍ കോര്‍ഡിയയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നടപടി നേരിട്ടത്. രഞ്ജനയുടെ ആരോപണവിധേയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡിഎച്ച്എസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇവരുടെ യാത്രയ്ക്ക് മുന്‍പുള്ള വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചിട്ടുണ്ട്.

ആരാണ് രഞ്ജന ശ്രീനിവാസന്‍?

കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നഗരാസൂത്രണത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയിരുന്ന ഇന്ത്യന്‍ വംശജയാണ് രഞ്ജനി ശ്രീനിവാസന്‍. ഫുള്‍ബ്രൈറ്റ് ബിരുദധാരിയായ അവര്‍ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, പ്ലാനിംഗ് ആന്‍ഡ് പ്രിസര്‍വേഷനില്‍ നിന്ന് നഗരാസൂത്രണത്തില്‍ എം ഫില്‍ ബിരുദവും, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ഡിസൈനില്‍ നിന്ന് ഡിസൈനില്‍ ബിരുദാനന്തര ബിരുദവും ഉള്‍പ്പെടെ സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തിനപ്പുറം രഞ്ജനയുടെ വിസ റദ്ദാക്കലിന് പിന്നിലെ പ്രത്യേക കാരണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യുഎസ് സര്‍ക്കാര്‍ ഇതുവരെയും വെളിപ്പെടുത്തലിന് തയ്യാറായിട്ടില്ല. കൂടാതെ ഈ വിഷയത്തില്‍ രഞ്ജനയുടെ പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ല.