- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യ ടൂറിസ്റ്റുകള്‍ക്കും താങ്ങാനാകാത്ത നിലയിലേക്കോ... വിദേശ സഞ്ചാരികള്‍ ഇന്ത്യയെ കൈവിടുമ്പോള്‍ നഷ്ടം ഗോവയ്ക്കും കേരളത്തിനും; ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ മടുത്തു തുടങ്ങിയോയെന്നു ടെലിഗ്രാഫിലെ അമാന്‍ഡ ഹൈഡെ; ഇന്ത്യയുടെ നോട്ടം ആഭ്യന്തര സഞ്ചാരികളില്‍
ഇന്ത്യയുടെ നോട്ടം ആഭ്യന്തര സഞ്ചാരികളില്‍
ലണ്ടന്‍: പാവങ്ങളുടെ ഇന്ത്യ എന്ന പേരുദോഷം മാറി ഇന്ത്യയും വികസിതമാകുമ്പോള്‍ നാട് കാണാന്‍ എത്തിയിരുന്ന വിദേശികള്‍ക്കും കൈ പൊള്ളി തുടങ്ങിയോ? കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ദേശീയ പത്രം ടെലിഗ്രാഫിലെ സീനിയര്‍ കോളമിസ്റ്റ് ആയ അമാന്‍ഡ ഹൈഡെയുടെ സംശയം ഇന്ത്യയിലേക്ക് വിദേശ സഞ്ചാരികള്‍ പഴയതു പോലെ എത്താത്തത് എന്തുകൊണ്ടായിരിക്കും എന്നതിനെ കുറിച്ചാണ്. അമാന്‍ഡ എഴുതിയ ലേഖനത്തിനു സോഷ്യല്‍ മീഡിയിയിലും മറ്റും വിവിധ തരം പ്രതികരണങ്ങളാണ് എത്തുന്നത്.
ചെലവ് കുറഞ്ഞ ടൂറിസം എന്ന കണ്ണോടെ ഇന്ത്യയില്‍ എത്തിയാല്‍ കൈ പൊള്ളും എന്ന് മനസിലാക്കി തുടങ്ങിയ വിദേശ സഞ്ചാരികള്‍ മറ്റു നാടുകള്‍ തിരക്കി പോകുന്നതാകും ഇന്ത്യയിലെ വിദേശ സഞ്ചാരികള്‍ കുറയാന്‍ കാരണമാകുന്നത് എന്നും അമാന്‍ഡയുടെ നിരീക്ഷണത്തോട് പലരും പ്രതികരിക്കുന്നു. ബ്രിട്ടീഷ് സഞ്ചാരികള്‍ക്ക് ഇന്ത്യയോട് പ്രണയം കുറയുന്നു എന്ന അമാന്‍ഡയുടെ നിരീക്ഷണമാണ് സഞ്ചാരികളുടെ ലോകത്തു വിവിധ പ്രതികരണങ്ങള്‍ക്ക് കാരണമാക്കിയിരിക്കുന്നത്.
ഇന്ത്യയെ സഞ്ചാരികള്‍ കൈവിടുന്നെന്നു ബ്രിട്ടീഷ് മാധ്യമം
അതേസമയം മുന്‍നിര മാധ്യമങ്ങളില്‍ ഇത്തരത്തില്‍ എത്തുന്ന ലേഖനങ്ങള്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ വിദേശ സഞ്ചാരികളെ കാര്യമായി സ്വാധീനിക്കും എന്നതിനാല്‍ ഇപ്പോള്‍ ടെലിഗ്രാഫില്‍ പ്രത്യക്ഷപ്പെട്ട അമാന്‍ഡയുടെ ഫീച്ചര്‍ ബ്രിട്ടീഷ് സഞ്ചാരികളുടെ പ്രഥമ പട്ടികയില്‍ ഉണ്ടായിരുന്ന ഗോവയ്ക്കും കേരളത്തിനും ഭാവിയില്‍ വലിയ തോതില്‍ ദോഷം ചെയ്യും എന്നതില്‍ തര്‍ക്കമില്ല. ലണ്ടനിലെ ട്രാവല്‍ മാര്‍ട്ടിലും മറ്റും ലക്ഷങ്ങള്‍ ചിലവഴിച്ചു കേരളത്തെ മാര്‍ക്കറ്റ് ചെയ്യാന്‍ ടുറിസം മന്ത്രി റിയാസ് മുഹമ്മദും സംഘവും പതിവായി എത്തുന്നതൊക്കെ വെറും പാഴ്വേലയാക്കി മാറ്റാന്‍ ഒരു അമാന്‍ഡ വിചാരിച്ചാല്‍ സാധിക്കും എന്നതാണ് അവരുടെ ലേഖനത്തിന് എത്തുന്ന പ്രതികരണം തെളിയിക്കുന്നത്. വാസ്തവത്തില്‍ അവര്‍ ഇന്ത്യന്‍ ടൂറിസത്തെ കുറിച്ച് മോശമായി ഒന്നും പറയുന്നില്ലെങ്കിലും സഞ്ചാരികള്‍ ഇന്ത്യയെ കൈവിട്ടു എന്ന പ്രതീതി സൃഷ്ടിക്കാന്‍ ആ ലേഖനത്തിനു കഴിയുന്നുണ്ട്. ഗോവയിലും ബീച്ചുകളും കേരളത്തിലെ കായല്‍ സഞ്ചാരവും മടുത്തു തുടങ്ങിയ സഞ്ചാരികള്‍ മറ്റു നാടുകള്‍ തേടിപ്പോയിരിക്കാം എന്ന സൂചനയും ടെലിഗ്രാഫിന്റെ ലേഖനത്തില്‍ എടുത്തു പറയുന്നു.

കോവിഡിന് ശേഷം ലോകമെങ്ങും സഞ്ചാരികള്‍ കുത്തനെ ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ നേരെ തിരിച്ചാണ് സംഭവിച്ചത് എന്ന കണ്ടെത്തലാണ് അമാന്‍ഡയുടെ ലേഖനത്തിന്റെ ഉള്ളടക്കം. വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതും സ്‌പെയിനിലും മറ്റും പ്രദേശവാസികള്‍ ടൂറിസത്തിനെതിരെ ശബ്ദം ഉയര്‍ത്തിയതും ഒക്കെ വിനോദ സഞ്ചാരികളുടെ അതിപ്രസരം മൂലം ആണെന്നാണ് അമാന്‍ഡ ലേഖനത്തില്‍ വിശദമാക്കുന്നത്. എന്നാല്‍ ഇന്ത്യയടക്കം അപൂര്‍വം ചിലയിടങ്ങളില്‍ കോവിഡിന് മുമ്പത്തേക്കാള്‍ കുറഞ്ഞ തോതില്‍ മാത്രമാണ് വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്നത് എന്ന കണ്ടെത്തലും അമാന്‍ഡ നടത്തുന്നു. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തെ കണക്കിലും ഇന്ത്യയിലേക്ക് സഞ്ചാരികള്‍ എത്തുന്ന ട്രെന്‍ഡ് മടങ്ങി വന്നിട്ടില്ല എന്നാണ് കണക്കുകള്‍ തെളിയിക്കുന്നതും.
വിദേശികളെ മറക്കാന്‍ തയ്യാറായി സര്‍ക്കാരും
സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയിലേക്ക് ഇപ്പോള്‍ വിദേശ സഞ്ചാരികള്‍ ഒഴുകി എത്തേണ്ട സമയം ആണെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല എന്നും അമാന്‍ഡ നിരീക്ഷിക്കുന്നു. വേള്‍ഡ് എക്കണോമിക് ഫോറം ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലൊപ്‌മെന്റ് ഇന്‍ഡക്‌സ് അനുസരിച്ചു ഇന്ത്യയുടെ റാങ്കിങ് 39 ലാണ്. ആരോഗ്യവും വൃത്തിയും ഒക്കെ താഴ്ന്നു നില്‍ക്കുന്ന രാജ്യങ്ങള്‍ക്കുള്ള സ്‌കോര്‍ എന്ന നിലയില്‍ അതൊക്കെ ഗൗരവത്തില്‍ എടുക്കുന്ന സഞ്ചാരികള്‍ ടൂര്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഒരുവട്ടം കൂടി ആലോചിക്കുന്നത് ഇന്ത്യന്‍ ടൂറിസത്തിനു തിരിച്ചടിയായേക്കാവുന്ന ഘടകം ആന്നെനും ലേഖനം ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ഇന്ത്യയില്‍ ആഭ്യന്തര ടൂറിസം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ ആണെന്ന വെളിപ്പെടുത്തലും അമാന്‍ഡ നടത്തുന്നു. ഇന്ത്യയുടെ ജിഡിപിയില്‍ ടൂറിസം നല്‍കുന്നത് കേവലം രണ്ടു ശതമാനം മാത്രം ആണെന്നതും ഈ രംഗത്ത് ഭാവി വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ അനന്തം ആണെന്നു കൂടി വെളിപ്പെടുത്തുന്നതാണ്.
ഇന്ത്യന്‍ ടൂറിസം മന്ത്രാലയം കണക്കുകള്‍ പ്രകാരം 2023 ല്‍ ആഭ്യന്തര ടൂറിസത്തില്‍ 2509 മില്യണ്‍ ആളുകളുടെ താമസം രേഖപ്പെടുത്തപ്പെട്ടപ്പോള്‍ വിദേശികളുടെ കണക്കില്‍ എത്തിയത് 18 മില്യണ്‍ മാത്രം. വിദേശ ടൂറിസം പ്രോത്സാഹനത്തിനുള്ള സര്‍ക്കാര്‍ ബജറ്റില്‍ 80 ശതമാനം വെട്ടിക്കുറവ് 2024 ല്‍ വരുത്തിയതും വിദേശികളുടെ കുറവിന് കാരണമായിരിക്കാം എന്നും വിലയിരുത്തപ്പെടുന്നു. ആഭ്യന്തര വിനോദ സഞ്ചാരം കുതിക്കുന്നതില്‍ ഈ രംഗത്തെ നിക്ഷേപകരും ഹാപ്പി ആണെന്നും അമാന്‍ഡ പ്രത്യേകം പരാമര്‍ശിക്കുന്നു.
വിദേശ ടൂറിസ്റ്റുകളെ കൈകാര്യം ചെയ്യുന്നതിലും നിസാരമായി ആഭ്യന്തര ടൂറിസ്റ്റുകളെ കൈകാര്യം ചെയ്യാം എന്നതാണ് ടൂര്‍ ഓപ്പറേറ്റര്‍മാരെ സന്തോഷിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെ മാര്‍ക്കറ്റ് ചെയ്യാന്‍ ധനമന്ത്രാലയത്തില്‍ നിന്നും ടൂറിസം മന്ത്രാലയത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാത്തത് ഇന്ത്യന്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് തടസമായി മാറും എന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പ്രസിഡന്റ് രാജീവ് മെഹ്റ പറയുന്നു. സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്‍ഡ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളോട് മത്സരിക്കാന്‍ ഇന്ത്യന്‍ ടൂറിസം പ്രയാസപ്പെടുകയാണ് എന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ഗോവയ്ക്ക് വമ്പന്‍ നഷ്ടം, ആഭ്യന്തര ടൂറിസം വളര്‍ന്നപ്പോള്‍ വിദേശികള്‍ക്ക് താമസിക്കാന്‍ ഇടമില്ല
വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞത് ഗോവന്‍ തീരത്തെ ഒഴിഞ്ഞ ബീച്ചുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് എന്നും അമാന്‍ഡ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാര്യങ്ങള്‍ വ്‌ലോഗര്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഗോവന്‍ ടൂറിസം മന്ത്രി രോഹന്‍ ഖോന്റെ തന്നെ രംഗത്തെത്തി അതൊക്കെ ആര്‍ക്കോ വേണ്ടി പടച്ചു വിടുന്ന വീഡിയോകള്‍ ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു, എന്നാല്‍ വിദേശ ടൂറിസ്റ്റുകള്‍ ഇല്ലാത്ത ബീച്ചുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ എവിടെയും കാണാനാകുന്നത്. ആഭ്യന്തര ടൂറിസം വന്‍കുതിപ്പ് നടത്തുന്നത് കൊണ്ട് മാത്രമാണ് ടൂറിസം കൊണ്ട് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് എന്നും വ്യക്തം.
വിദേശ ടൂറിസ്റ്റുകളെ പിഴിഞ്ഞെടുത്ത ടാക്സികളും താമസ കേന്ദ്രങ്ങളുമാണ് ഇപ്പോള്‍ വിദേശികളെ ഇവിടെ നിന്നും അകറ്റി നിര്‍ത്തുന്നത് എന്ന കാര്യവും അമാന്‍ഡ തന്റെ ലേഖനത്തില്‍ വ്യക്തമാകുന്നു. ഏറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകള്‍ എത്തിയിരുന്നതും ബ്രിട്ടനില്‍ നിന്നും തന്നെയാണ്. കുറഞ്ഞ ചിലവ് നോക്കിയ ടൂറിസ്റ്റുകള്‍ നേരെ ശ്രീലങ്കയില്‍ എത്തിയതും നിറഞ്ഞ മനസോടെ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന വിയറ്റ്‌നാമും മുന്നില്‍ നില്‍കുമ്പോള്‍ ഇന്ത്യന്‍ ടൂറിസം ആരുടേയും പ്രയോറിറ്റി ലിസ്റ്റില്‍ എത്തില്ല എന്നാണ് അമാന്‍ഡ പറഞ്ഞു ഫലിപ്പിക്കുന്നത്.
ആഭ്യന്തര ടൂറിസം വളര്‍ന്നതോടെ വിദേശികള്‍ക്ക് ലഭിച്ചിരുന്ന ബജറ്റ് ഹോട്ടലുകള്‍ ഇപ്പോള്‍ കിട്ടാനില്ല എന്നതും ഇന്ത്യയിലേക്കുള്ള വരവ് ചിലവേറിയതാക്കുന്ന ഘടകമാണ്. എല്ലാ വിദേശ ടൂറിസ്റ്റുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാനാകില്ല എന്ന സത്യം മുന്നില്‍ നില്‍ക്കെ ആഭ്യന്തര ടൂറിസത്തിന്റെ വളര്‍ച്ചയില്‍ വിദേശികള്‍ക്ക് ഇന്ത്യ അന്യമാകുകയാണ് എന്ന സത്യവും തെളിയുകയാണ്. വന്‍ നഗരങ്ങള്‍ക്ക് തുല്യമായി ഇടത്തരം ടൗണുകളില്‍ ഇപ്പോഴും മാന്യമായ താമസ സ്ഥലം കണ്ടെത്തുക എന്നത് ഇന്ത്യയില്‍ വലിയ വെല്ലുവിളി തന്നെയാണ്. അടുത്ത കാലത്തായി ഇന്ത്യയിലേക്ക് വിസ ലഭിക്കാന്‍ ആവശ്യമായ നീണ്ട പ്രോസസ് പോലും വിദേശികളുടെ മനം മടുപ്പിക്കുന്ന ഘടകമായി മാറിയിട്ടുണ്ട് എന്നും ടെലിഗ്രാഫ് ലേഖനം വ്യക്തമാകുന്നു. പത്തു വര്‍ഷം മുന്‍പേ ഇ വിസ നടപ്പാക്കിയ രാജ്യം ആണെങ്കിലും ഇപ്പോഴും അവസാന നിമിഷം വിസ ഒപ്പിച്ചെടുക്കുക എന്നത് ഇന്ത്യയുടെ കാര്യത്തില്‍ വെല്ലുവിളി തന്നെയാണ്.