- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആയുധങ്ങള്‍ വഹിക്കാനുള്ള ഇന്റേണല്‍ വെപ്പണ്‍ ബേ; അത്യാധുനിക ഏവിയോണിക്സ്; സൂപ്പര്‍ ക്രൂയിസ്; എഎംസിഎ വിഭാവനം ചെയ്യുന്നത് ഇരട്ട എന്‍ജിന്‍ മള്‍ട്ടി റോള്‍ യുദ്ധവിമാനം; ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനം ഉടനെന്ന് രാജ്നാഥ് സിംഗ്; പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും
ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പുമായി ഇന്ത്യ. അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി നിര്‍മ്മിച്ച മോഡലിന് പ്രതിരോധമന്ത്രാലയം അംഗീകാരം നല്‍കി. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മാണം നടപ്പാക്കാനാണ് തീരുമാനം.
യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പ്രോജക്ടില്‍ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിനാവശ്യമായ റഡാര്‍, സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ, സ്റ്റെല്‍ത്ത് ഡിസൈന്‍ എന്നിവ ഇന്ത്യ പൂര്‍ത്തിയാക്കിയിരുന്നു. ഇനി യുദ്ധവിമാനത്തിന്റെ എന്‍ജിന്‍ വികസനമാണ് നടക്കേണ്ടത്. ഇതിനായി വിദേശ കമ്പനികളുമായി സഹകരിച്ച് സംയുക്തമായി എന്‍ജിന്‍ വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ കമ്പനികളെയും സഹകരിപ്പിച്ചാകും എഎംസിഎ പ്രോജക്ട് മുന്നോട്ടുപോവുക. പൂര്‍ണതോതിലുള്ള പ്രോട്ടോടൈപ്പ് നിര്‍മിച്ച് പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയാല്‍ അഞ്ചാം തലമുറ വിമാനം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തും. നിലവില്‍ അമേരിക്ക, റഷ്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള യുദ്ധവിമാനം നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ കൈവശമുള്ളു. എംഎസിഎ പ്രോജക്ടിലൂടെ ഈ സ്ഥാനത്തെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.
എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സ് ( എഡിഎ)യ്ക്കാണ് പദ്ധതിയുടെ നേതൃത്വ ചുമതല. സ്വകാര്യ പ്രതിരോധകമ്പനികളെ കോര്‍ത്തിണക്കി എഡിഎ എഎംസിഎ പദ്ധതി നടപ്പിലാക്കും. എഎംസിഎ പദ്ധതിക്ക് കീഴില്‍ സുപ്രധാനമായ സാങ്കേതിക വിദ്യകളെല്ലാം ഇന്ത്യ സ്വന്തമായി വികസിപ്പിച്ചിരുന്നു.
ഇരട്ട എന്‍ജിന്‍ മള്‍ട്ടി റോള്‍ യുദ്ധവിമാനമായാണ് എഎംസിഎ വിഭാവനം ചെയ്തിരിക്കുന്നത്. ആയുധങ്ങള്‍ വഹിക്കാനുള്ള ഇന്റേണല്‍ വെപ്പണ്‍ ബേ, അത്യാധുനിക ഏവിയോണിക്സ്, കരുത്തുറ്റ പ്രകടനം ( സൂപ്പര്‍ ക്രൂയിസ്) എന്നീ സവിശേഷതകള്‍ എഎംസിഎയ്ക്കുണ്ടാകും. ഇതിനൊപ്പം ലോയല്‍ വിങ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരേസമയം ആളില്ലാ യുദ്ധവിമാനങ്ങളെ നിയന്ത്രിക്കുന്ന കമാന്‍ഡ് സെന്ററായും ഇതിന് പ്രവര്‍ത്തിക്കാനാകും. ഇതിലെ പൈലറ്റ് ഡ്രോണുകളുടെ കൂട്ടത്തെ നിയന്ത്രിച്ച് ശത്രുക്കളെ നേരിടുന്ന പദ്ധതിയാണ് ലോയല്‍ വിങ്മാന്‍. ഇതിനായി കാറ്റ്സ് വാരിയര്‍ എന്നൊരു ഡ്രോണ്‍ ഡിആര്‍ഡിഒയും എഡിഎയും ചേര്‍ന്ന് വികസിപ്പിക്കുന്നുണ്ട്.
എഎംസിഎയ്ക്കായി ഇന്ത്യ അത്യാധുനിക ഇലക്ട്രോണിക് വാര്‍ഫയര്‍ സ്യൂട്ടാണ് വികസിപ്പിച്ചത്. നിലവിലെ വേഗതയില്‍ പോയാല്‍ 2035ല്‍ ആദ്യത്തെ എഎംസിഎ വ്യോമസേനയ്ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ല്‍ ആണ് എഎംസിഎ പദ്ധതിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അനുമതി നല്‍കിയത്. 10 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ യുദ്ധവിമാനം കൈമാറാന്‍ കഴിയുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സമിര്‍ കാമത്ത് പറഞ്ഞിരുന്നു. അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് ( എ.എം.സി.എ) വികസനത്തിലാണ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ഏഴ് സ്‌ക്വാഡ്രണുകള്‍ സേനയിലുള്‍പ്പെടുത്താനാണ് ഇന്ത്യയുടെ പദ്ധതി.
ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാനമായ എസ്.യു-57 നല്‍കാമെന്ന് റഷ്യ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയ്ക്ക് യുദ്ധവിമാനം നല്‍കാമെന്ന് മാത്രമല്ല ഇന്ത്യയില്‍ തന്നെ സംയുക്തമായി നിര്‍മിക്കാനുള്ള നിക്ഷേപവും നടത്താമെന്നായിരുന്നു വാഗ്ദാനം. ഇന്ത്യയുടെ സ്വന്തം അഞ്ചാംതലമുറ യുദ്ധവിമാന വികസനത്തിന് സാങ്കേതിക സഹായങ്ങളും റഷ്യ വാഗ്ധാനം ചെയ്തിരുന്നു. വ്യോമസേനയ്ക്കായി വലിയ തോതില്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമായി വരുന്ന സമയത്താണ് ഈ ഓഫര്‍ റഷ്യ മുന്നോട്ടുവെച്ചത്. ചൈന- പാക്കിസ്ഥാന്‍ സ്റ്റെല്‍ത്ത് വിമാന ഭീഷണി മറികടക്കാന്‍ ഇന്ത്യയ്ക്കും കൈവശം സമാനസാങ്കേതിക വിദ്യയുള്ള യുദ്ധവിമാനമാവശ്യമുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുദ്ധവിമാന നിര്‍മാണ രംഗത്ത് സ്വയം പര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന നീക്കം.