ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ കണ്ണിലെ കരടാണ് ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍. സൈബറിടത്തിലെ വ്യാജപ്രചരണങ്ങളെ കൈയോടെ പൊളിക്കുക എന്നതാണ് സുബൈറിന്റെ ജീവിതചര്യ തന്നെ. ഇത്തരത്തില്‍ നുണകള്‍ പൊളിച്ചടുക്കിയതിന്റെ പേരില്‍ തന്നെ സുബൈര്‍ പലരുടെയും കണ്ണില്‍ കരടാണ്. എന്നാല്‍, ഇന്നലെ ഇന്റര്‍നെറ്റ് ലോകത്ത് ഹീറോയായി മാറിയത്. പോയകാലങ്ങളില്‍ സുബൈറിനെ നിന്ദിച്ചവരുടെ പോലും ഇന്നലെ അദ്ദേഹത്തെ ഹീറോ ആക്കുന്ന കാഴ്ച്ച കണ്ടു.

ഇന്ത്യന്‍ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ തകര്‍ത്തു എന്ന വിധത്തില്‍ അടക്കം നുണപ്രചരണങ്ങള്‍ പാക്കിസ്ഥാന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പുറത്തുവിട്ടപ്പോള്‍ അതെല്ലാം ഫാക്ടാ ചെക്ക് ചെയ്ത് നുണയാണെന്ന് മുഹമ്മദ് സുബൈര്‍ പൊളിച്ചടുക്കി. നിരവധി നുണകളാണ് ഇന്നലെ മുഹമ്മദ് സുബൈര്‍ പൊളിച്ചടുക്കിയത്. സത്യമെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ അസത്യങ്ങള്‍, അസത്യങ്ങളാണെന്ന്, വസ്തുതകള്‍ നിരത്തി സുബൈര്‍ വിളിച്ചുപറഞ്ഞു. രാത്രി മുഴുവന്‍ ഉറക്കിളച്ചിരുന്നാണ് മുഹമ്മദ് സുബൈര്‍ ഫാക്ട് ചെക്ക് നടത്തിയത്.

പുലര്‍ച്ചെ രണ്ടുമണിയോടെ കിടക്കാന്‍ പോകുന്നതിനുമുന്‍പാണ് പാകിസ്താനിലെ സൈനിക നടപടിയെക്കുറിച്ചുള്ള 'എക്‌സ്' പോസ്റ്റുകള്‍ കണ്ടതെന്നാണ് സുബൈര്‍ പറഞ്ഞത്. ഇതുമായിബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച വീഡിയോ കണ്ടു. അതേ വീഡിയോ വാര്‍ത്താ ഏജന്‍സിയും പങ്കുവെച്ചിരുന്നു. രണ്ടുദൃശ്യങ്ങളും നേരത്തേ കണ്ടിട്ടുണ്ട്. ആ ഓര്‍മ്മയില്‍ പരിശോധിച്ചപ്പോള്‍ പഴയ വീഡിയോ ആണ് അതെന്നുകണ്ടെത്തി. ഇക്കാര്യം 'എക്‌സി'ല്‍ പോസ്റ്റ് ചെയ്തപ്പോള്‍ സൈബര്‍ ആക്രമണമുണ്ടായി. എതിര്‍രാജ്യത്തുനിന്ന് വരുന്ന വ്യാജവിവരങ്ങളിലെ സത്യാവസ്ഥ ആദ്യം കണ്ടുപിടിക്കൂ എന്നായിരുന്നു ചില പ്രതികരണങ്ങള്‍. അപ്പോഴാണ് പാക് 'എക്‌സ്' ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ചിന്തിച്ചത്.

റഷ്യ-യുക്രൈന്‍ യുദ്ധസമയത്ത് പ്രൊപ്പഗാന്‍ഡ ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങളും ദൃശ്യങ്ങളുമാണ് തെറ്റിദ്ധാരണ പരത്തുകയെന്ന ലക്ഷ്യത്തോടെ അവര്‍ പ്രചരിപ്പിച്ചിരുന്നത്. ഒന്നു രണ്ട് പാക് 'എക്‌സ്' ഹാന്‍ഡിലുകളില്‍നിന്ന് സമാനരീതിയില്‍ വ്യാജപ്രചാരണം നടന്നതുകണ്ടു. ഇവ പരിശോധിച്ച് സത്യാവസ്ഥ വ്യക്തമാക്കി പോസ്റ്റ് ചെയ്തു. അതോടെ ആല്‍ഗരിതം അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൂടുതല്‍ പാക് അക്കൗണ്ടുകളില്‍നിന്നുള്ള പോസ്റ്റുകള്‍ ഫീഡില്‍ വന്നു.

ഇതില്‍ത്തന്നെ ചില അക്കൗണ്ടുകള്‍ ഇന്ത്യക്കാരെന്നതരത്തില്‍ ഉള്ളവയായിരുന്നു. എന്നാല്‍, അവര്‍ പാകിസ്താനെയും കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രശംസിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനയുള്ള അക്കൗണ്ടുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അവരുടെ ഭാഷയില്‍ അസാധാരണമാംവിധം ഉറുദു കടന്നുകൂടുന്നതായി ശ്രദ്ധിച്ചു. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ ഈ ഹാന്‍ഡിലുകളുടെ യാഥാര്‍ഥ്യം കണ്ടെത്തി. അവയെല്ലാം പാകിസ്താനില്‍നിന്നുള്ളവയായിരുന്നു.

പാക്പ്രചാരണങ്ങളുടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവന്നശേഷം വലതുപക്ഷ ചായ്വുള്ള പല ഹാന്‍ഡിലുകളില്‍നിന്നു പിന്തുണച്ചും പ്രശംസിച്ചും നേരിട്ടുള്ള സന്ദേശങ്ങളും കമന്റുകളും ലഭിച്ചു. തീവ്രവലതുപക്ഷ ഹാന്‍ഡിലുകളില്‍ നിന്ന് അങ്ങനൊന്നും വന്നിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന പിന്തുണപോലും കൂടുതല്‍ സമയത്തേക്കില്ല എന്നെനിക്കറിയാം.- സുബൈര്‍ പറയുന്നു. ദേശീയ മാധ്യമങ്ങളില്‍ അടക്കം മുഹമ്മദ് സുബൈറിന് വാഴ്ത്തിക്കൊണ്ട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്.