- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ട്രംപ് സ്കോര്‍ ചെയ്യാന്‍ വരട്ടെ! വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ വ്യാപാരം വിഷയമായില്ല; മധ്യസ്ഥതയും ഉണ്ടായില്ല; യുഎസ് പ്രസിഡന്റിന്റെ വാദം തള്ളി ഇന്ത്യ; കശ്മീരിലെ ഏകവിഷയം പാക് അധീന കശ്മീരിന്റെ തിരിച്ചുനല്‍കലാണ്; മൂന്നാം കക്ഷി ഇടപടലിന് ഒരുസാധ്യതയുമില്ല; ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെടുമെന്നും വിദേശകാര്യ വക്താവ്
ട്രംപ് സ്കോര്‍ ചെയ്യാന്‍ വരട്ടെ!
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. വ്യാപാരവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയാണ് ഇന്ത്യയും, പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരാന്‍ കാരണമെന്ന ട്രംപിന്റെ വാദമാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ തള്ളിയത്. വ്യാപാരം ചര്‍ച്ചയായിട്ടേ ഇല്ലെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. ജമ്മു-കശ്മീരില്‍ മൂന്നാം കക്ഷി ഇടപടല്‍ അനുവദിക്കാനാവില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടത്.
കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറുകയെന്നതാണ്. ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ് പാകിസ്ഥാന്‍ സൈനിക നീക്കം നിര്‍ത്തിയത്. ഇരു രാജ്യങ്ങളിലെയും സൈനിക ഡിജിഎംഒമാര്‍ തമ്മില്‍ മാത്രമാണ് ചര്‍ച്ച നടന്നത്. ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാവും. ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ല. ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഒരുപുതിയ ന്യൂ നോര്‍മല്‍ സൃഷ്ടിച്ചിക്കുകയാണ്. പാക്കിസ്ഥാന്‍ എത്രയും വേഗം അതുമായി പൊരുത്തപ്പെടെന്നോ അത്രയും നന്ന്.
വ്യാവസായിക അടിസ്ഥാനത്തില്‍ തീവ്രവാദം വളര്‍ത്തിയ ഒരു രാജ്യം അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന മൂഢലോകത്താണ്. ഇന്ത്യ തകര്‍ത്ത പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യാക്കാരുടെ മാത്രമല്ല, ലോകത്തെ എത്രെയോ നിരപരാധികളുടെ ജീവനെടുത്തതാണ്.
ആരും മധ്യസ്ഥത വഹിച്ചില്ല
വെടിനിര്‍ത്തലിനുള്ള ആവശ്യമുന്നയിച്ചത് പാകിസ്ഥാനാണ്. ചര്‍ച്ച നടന്നത് ഡിജിഎംഒ തലത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സേനയുടെ കരുത്താണ് പാകിസ്ഥാനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്. ഇന്ത്യയുടെ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാകും. എന്നാല്‍, ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്നും രണ്‍ധീപ് ജയ്‌സ്വാള്‍ പറഞ്ഞു.
പാക് വ്യോമതാവളങ്ങളില്‍ ഇന്ത്യ നടത്തിയ ശക്തമായ ആക്രമണത്തെ തുടര്‍ന്നാണ് അവര്‍ വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയാണ് ഇന്ത്യ നല്‍കിയത്. എന്നാല്‍, പാക് സൈന്യം തിരിച്ചടിച്ചാല്‍ ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കും. പാക്കിസ്ഥാന്‍ നിര്‍ത്തിയാല്‍ ഇന്ത്യയും നിര്‍ത്തുമെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.
സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് തുടരും
പാക്കിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാര്‍ പുന: സ്ഥാപിക്കില്ല.
പാക്കിസ്ഥാന്റെ ആണവായുധ ഭീഷണി വിലപ്പോകില്ല. ആണവായുധ ഭീഷണിക്ക് വഴങ്ങുകയോ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അനുവദിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതാണെന്നും രണ്‍ധീപ് ജയ്‌സ്വാള്‍ പറഞ്ഞു
പഹല്‍ഗാമിന് പിന്നില്‍ ലഷ്‌കര്‍
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ടിആര്‍എഫിനെ നിയന്ത്രിച്ചത് ലഷ്‌കര്‍ ഇ തൊയ്ബ തന്നെയാണ്. ഓാപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ മെയ് ഏഴ് മുതല്‍ വെടിനിര്‍ത്തല്‍ ധാരണയായ മെയ് പത്ത് വരെ ദിവസങ്ങളില്‍ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെടുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് ടിആര്‍എഫിനെക്കുറിച്ച് യുഎന്നിന് മുന്‍പില്‍ ഇന്ത്യ തെളിവ് നല്‍കിയതാണ്. ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ട്. അവയെല്ലാം സമഗ്രമായി കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.