ഇസ്ലാമാബാദ്: സിന്ധു നദീജല കരാര്‍ വ്യവസ്ഥകളില്‍ ചര്‍ച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍. ഇന്ത്യയ്ക്കുള്ള എതിര്‍പ്പും ചര്‍ച്ചയില്‍ ഉന്നയിക്കാമെന്ന് പാകിസ്ഥാന്‍ അറിച്ചിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാദ്യമായാണ് കരാര്‍ വ്യവസ്ഥകളില്‍ ചര്‍ച്ചയാകാമെന്ന് പാകിസ്ഥാന്‍ സമ്മതിക്കുന്നത്. കരാര്‍ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാന്റെ നിര്‍ദേശമെന്നാണ് സൂചന. രക്തവും വെള്ളവും ഒരുമിച്ച് ഒഴിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാട് നരേന്ദ്ര മോദി സ്വീകരിച്ചതോടയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ വഴിയെ എത്തുന്നത്.

കരാര്‍ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ ജലമന്ത്രാലയം കേന്ദ്രത്തിനാണ് കത്തയച്ചത്. നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 1960ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ രൂപവത്കരിച്ച കരാറില്‍നിന്ന് ഏപ്രില്‍ 22നുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പിന്മാറിയത്. ഭീകരതക്കെതിരെ പാകിസ്താന്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ഇന്ത്യയുടെ തീരുമാനം പാകിസ്താനില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാക് ജലമന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ പറയുന്നു. കരാര്‍ പ്രകാരം സത്‌ലജ്, ബിയാസ്, രവി എന്നീ കിഴക്കന്‍ നദികളിലെ ജലം ഇന്ത്യക്കും സിന്ധു, ഝലം, ചിനാബ് എന്നീ പടിഞ്ഞാറന്‍ നദികളിലെ ജലം പാകിസ്‌നും ഉപയോഗിക്കാം. എന്നാല്‍ ഭീകരാക്രമണത്തിനു പിന്നാലെ. ഘട്ടംഘട്ടമായി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും തടയുമെന്നാണ് ജല്‍ശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ പറഞ്ഞത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോഴും നദീജല കരാറില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.

''സിന്ധു നദീജല കരാര്‍ അതിന്റെ ആമുഖത്തില്‍ പറയുന്നതുപോലെ നന്മയും സൗഹൃദവും കരുതിയുള്ളതാണ്. എന്നാല്‍ പല ദശകങ്ങളായി അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാകിസ്താന്‍ ഈ തത്ത്വങ്ങളില്‍നിന്ന് ഏറെ അകലെയാണ്'' -വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ രക്തവും ജലവും ഒരുമിച്ച് ഒഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിനു പിന്നാലെയാണ് കാബിനറ്റ് സുരക്ഷാ കമ്മിറ്റി സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നതായി അറിയിച്ചത്.