ടെല്‍ അവീവ്: ഫലസ്തീനികളും ജൂതന്‍മാരും ഒരുമിച്ച് ഒരേ കുടക്കീഴില്‍ കഴിയുന്ന ഒരു സ്ഥലം ഈ ലോകത്ത് ഉണ്ടെന്ന് കേട്ടാല്‍ പെട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാകും. ഇസ്രയേലിനും ഫലസ്തീനും ഒരുമിച്ചു ജീവിക്കാമെന്ന് തെളിയിച്ച ഇസ്രയേലിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് ഇത്. ഇവിടെ ആര്‍ക്കും ആരേയും പേടിയുമില്ല പരാതിയുമില്ല. ഗാസയിലെ പോലെ സ്‌ക്കൂളുകള്‍ക്ക് അടിയില്‍ ബോംബ് ഷെല്‍ട്ടറുകളോ തലയ്ക്ക് മുകളില്‍ ഹെലികോപ്ടറിന്റെ ഇരമ്പലോ ഒന്നും ഇല്ലാത്ത ശാന്തസുന്ദരമായ ഒരു സ്ഥലമാണ് ഇവിടം.

ഇസ്രയേലിലെ അയലോണ്‍ താഴ്വരയെ അഭിമുഖീകരിച്ച് ഒരു കുന്നില്‍ മുകളിലാണ് ഫലസ്തീന്‍കാരും ഇസ്രയേലി ജൂതന്‍മാരും സഹവര്‍ത്തിത്തത്തോടെ കഴിയുന്ന ലോകത്തെ ഒരേയൊരു സ്ഥലമാണ് ഇതെന്ന് നിസംശയം പറയാം. ഹീബ്രുവില്‍ നീവ് ഷാലോം എന്നും അറബിയില്‍ വഹാത് അല്‍-സലാം എന്നും ഇംഗ്ലീഷില്‍ ഒയാസിസ് ഓഫ് പീസ് എന്നുമാണ് ഈ സ്ഥലം വിളിക്കപ്പെടുന്നത്. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും ഐക്യത്തോടെ ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന് ലോകത്തിന് മുന്നില്‍ തെളിയി്ക്കാന്‍ കഴിഞ്ഞ ഏക ഭൂവിഭാഗമാണ് ഇത്.

1972 ല്‍ കത്തോലിക്കാ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു ഈജിപ്ഷ്യന്‍ ജൂതനായ ഫാദര്‍ ബ്രൂണോ ഹുസ്സാര്‍ ആണ് ഇതിന്റെ സ്ഥാപകന്‍. ഇസ്രയേലില്‍ തന്നെ ഫലസ്തീനികളും ജൂതന്‍മാരും വളരെ സഹവര്‍ത്തിത്തത്തില്‍ കഴിയുന്ന പല മേഖലകളുമുണ്ട് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അവരെല്ലാം അടുത്തടുത്തായി തന്നെയാണ് താമസിക്കുന്നതെന്നും ആരും പരസ്പരം കൊല്ലുന്നില്ലെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.

2023 ഒക്ടോബര്‍ 7-ന് ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലും ഫലസ്തീനും തമ്മില്‍ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് ചെറിയ കാര്യമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഗാസയില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി നിരവധി പേര്‍ കൊല്ലപ്പെട്ട ഒരു ദിവസം ടസ്‌ക്കനിയിലെ ഒരു സ്‌ക്കൂള്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത് അവരെ ഇക്കാര്യം ഒട്ടും തന്നെ ബാധിച്ചിരുന്നില്ല എന്നാണ്. അവര്‍ പതിവ് പോലെ ക്ലാസില്‍ ഇരുന്ന് പഠനം നടത്തുകയും പുറത്തെ ഗ്രൗണ്ടില്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നു.

തങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നാണ് വരുന്നത് എന്ന് മനസിലാക്കിയ കുട്ടികള്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട പ്രിമിയര്‍ ലീഗിനേയും അതിലെ കളിക്കാരേയും കുറിച്ചാണ് സംസാരിക്കാന്‍ താല്‍പ്പര്യം കാട്ടിയത് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. പലപ്പോഴും ഇവിടെയുള്ളവര്‍ പുറത്തേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ വീടുകള്‍ പൂട്ടാറില്ലെന്നും ഇതിന് കാരണം അവരുടെ പരസ്പര വിശ്വാസം ആണെന്നും സന്ദര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടുത്തെ കൊച്ചുകുട്ടികള്‍ പോലും അമേരിക്കന്‍ ശൈലിയില്‍ മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നതായും അവര്‍ കണ്ടെത്തി. എന്നാല്‍ ഇതൊന്നും സഹിക്കാന്‍ ആകാത്തത് രണ്ട് കൂട്ടരിലേയും തീവ്രവാദികള്‍ക്ക് ആണെന്നതാണ് സത്യം. എ്ന്നാല്‍ അവര്‍ക്ക് ഇവിടെ അത്തരത്തില്‍ ഒരു കാര്യവും ചെയ്യാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.