ജീവന് പണയം വെച്ച് യുക്തിവാദ പ്രവര്‍ത്തനം; അധ്യാപകന്, ഇടതുപ്രവര്‍ത്തകന്‍; ഇപ്പോള്‍ 'വിവാദ വ്യവസായി'; വി എം രാധാകൃഷ്ണന്റെ അറിയപ്പെടാത്ത ജീവിതം
'വിവാദ വ്യവസായി' എന്ന പേരില്‍ നമ്മള് വര്‍ഷങ്ങളായി കേള്‍ക്കുന്ന പേരാണ്, സൂര്യ ഗ്രൂപ്പിന്റെ ചെയര്മാന് വി എം രാധാകൃഷ്ണന്റേത്. മലബാര്‍ സിമന്സുമായി ബന്ധപ്പെട്ട അഴിമതിക്കേസുകള്‍, ശശീന്ദ്രന് വധക്കേസിലെ പ്രതി, എന്നിങ്ങനെയെല്ലാമായി വളരെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ വ്യവസായി. കേള്‍ക്കുന്നതെല്ലാം, നെഗറ്റീവായ വാര്‍ത്തകള്‍ ആണെങ്കിലും, ഇതില്‍ എന്താണ് അദ്ദേഹത്തിന് പറയാനുള്ളത് എന്ന് ആരും അന്വേഷിച്ചിട്ടല്ല. ഇത് ആദ്യമായിട്ടാണ് രാധാകൃഷ്ണന് തനിക്കുനേരെ വന്ന ആരോപണങ്ങളോട് ഇത്രും ദീര്‍ഘമായി പ്രതികരിക്കുന്നത്. ഒരു മനുഷ്യന്റെ ഒരു വശം മാത്രമാണിത്. അധ്യാപകന്, യുക്തിവാദി, […]
- Share
- Tweet
- Telegram
- LinkedIniiiii
'വിവാദ വ്യവസായി' എന്ന പേരില്‍ നമ്മള് വര്‍ഷങ്ങളായി കേള്‍ക്കുന്ന പേരാണ്, സൂര്യ ഗ്രൂപ്പിന്റെ ചെയര്മാന് വി എം രാധാകൃഷ്ണന്റേത്. മലബാര്‍ സിമന്സുമായി ബന്ധപ്പെട്ട അഴിമതിക്കേസുകള്‍, ശശീന്ദ്രന് വധക്കേസിലെ പ്രതി, എന്നിങ്ങനെയെല്ലാമായി വളരെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ വ്യവസായി. കേള്‍ക്കുന്നതെല്ലാം, നെഗറ്റീവായ വാര്‍ത്തകള്‍ ആണെങ്കിലും, ഇതില്‍ എന്താണ് അദ്ദേഹത്തിന് പറയാനുള്ളത് എന്ന് ആരും അന്വേഷിച്ചിട്ടല്ല. ഇത് ആദ്യമായിട്ടാണ് രാധാകൃഷ്ണന് തനിക്കുനേരെ വന്ന ആരോപണങ്ങളോട് ഇത്രും ദീര്‍ഘമായി പ്രതികരിക്കുന്നത്.
ഒരു മനുഷ്യന്റെ ഒരു വശം മാത്രമാണിത്. അധ്യാപകന്, യുക്തിവാദി, ശാസ്ത്രപ്രചാരകന്, ഇടതുരാഷ്ട്രീയ പ്രവര്ത്തകന് എന്നിങ്ങനെ സമ്പന്നമായ ഒരു ഭൂതകാലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ യാതൊരു വിധത്തിലുള്ള ബിസിനസ് പാരമ്പര്യവുമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വി എം രാധാകൃഷ്ണന്റെത്, പടിപടിയായുള്ള വളര്‍ച്ചയായിരുന്നു. തന്റെ ജീവിതത്തെക്കുറിച്ചും, തനിക്കുനേരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും, മറുനാടന്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രാധാകൃഷ്ണന് മനസ്സുതുറക്കുന്നു.
ഇടതുപക്ഷ രാഷ്ട്രീയ പ്രവര്ത്തകന്
വി എം രാധാകൃഷ്ണന് പറയുന്നു. -'ഒരു വ്യാപാരിയോ, വ്യവസായിയോ ആയി മാറാനുള്ള കുടുംബ പശ്ചാത്തലം എനിക്കുണ്ടായിരുന്നില്ല. ഒരു പോസ്റ്റല്‍ ജീവനക്കാരന്റെ മകനായാണ് ജനനം. അമ്മക്കും പ്രത്യേകിച്ച് ജോലിയൊന്നുമില്ല. അച്ഛന്റെ വരുമാനത്തിന് അനുസരിച്ച് ജീവിച്ച് പോന്ന അഞ്ചുമക്കള്‍ അടങ്ങുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. അതിനകത്തുനിന്ന് വ്യാപാര- വ്യവസായ മേഖലയിലേക്ക് എത്തിപ്പെട്ടത് യാദൃശ്ചികമായിട്ടായിരുന്നു. കഷ്ടപ്പാടുകള്‍ക്ക് ഇടയില്‍നിന്ന് കുറേക്കൂടി മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കിയെടുക്കാന്‍ തെരഞ്ഞെടുത്ത മേഖലയായിരുന്നു അത്.
മലപ്പുറം ജില്ലയിലെ ചേങ്ങോട്ടുര് എന്ന സ്ഥലത്താണ് 1957 ഡിസംബറിലാണ് എന്റെ ജനനം. കണ്ണൂരില്‍ പോസ്റ്റ് മാസ്റ്റര്‍ ആയിരുന്നു പിതാവ്. വെക്കേഷനിലൊക്കെ ഞങ്ങള്‍ കണ്ണൂരില്‍ പോയി താമസിക്കും. നാട്ടില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം. എന്റെ അമ്മയുടെ മൂത്തസഹോദരിയും, അവരുടെ ഭര്‍ത്താവും അധ്യാപകരായ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം, 1972-ല്‍ മലപ്പുറം ഗവണ്മെന്റ കോളജില്‍ ചേര്‍ന്നു.
സ്കൂള്‍ വിദ്യാഭ്യാസ കാലം തൊട്ടേ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ, കെ എസ് എഫ് എന്ന കേരളാ സ്റ്റുഡന്‍സ് ഫെഡറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മലപ്പുറം ജില്ലയില്‍ തന്നെ സിപിഎമ്മിന് സ്വാധീനമുള്ള ഒരു വാര്‍ഡായിരുന്നു എന്റെ പ്രദേശം. എന്റെ മാതൃസഹോദരി ഭര്‍ത്താവ് അധ്യാപക യൂണിയന്റെ നേതാവായിരുന്നു. മറ്റൊരു ബന്ധൂവായ, പരേതനായ പി വി കൃഷ്ണന് നായര്‍, സിപിഎം അനുകൂല അധ്യാപക സംഘടനയുടെ ആദ്യ സംസ്ഥാന ട്രഷറര്‍ ആയിരുന്നു. അങ്ങനെ മൊത്തത്തില്‍ കുടുംബത്തില്‍ ഇടത് ആഭിമുഖ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് രാഷ്ട്രീയ വിദ്യാഭ്യാസമെന്നും കൂടാതെ തന്നെ, ഞാനും അതിലെത്തി.
മലപ്പുറം കോളജില്‍ എത്തിയപ്പോഴും പാര്‍ട്ടി ബന്ധം തുടര്‍ന്നു. സി ഭാസ്ക്കരന്‍, ദേവദാസ് പൊറ്റേക്കാട് എന്നിവരൊക്കെയാണ് അന്നത്തെ വിദ്യാര്‍ത്ഥി നേതാക്കള്‍. പിന്നീടാണ് കെഎസ്എഫ്, എസ്എഫ്ഐയായി മാറുന്നത്. വൈരുധ്യാതിഷ്ഠിത ഭൗതികവാദം പഠിച്ചിട്ടോ, കമ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചിട്ടോ ഒന്നുമല്ല ഞാന്‍, സംഘടനയില്എത്തിയത്. സംഘടനയില്‍ എത്തിയശേഷമാണ് പഠന ക്ലാസുകളിലൊക്കെ പങ്കെടുക്കുന്നത്. '- വി എം രാധാകൃഷ്ണന് പറയുന്നു.
കല്ലേറുകിട്ടിയ യുക്തിവാദിക്കാലം
അധ്യാപകന്, യുക്തിവാദി എന്ന നിലയിലൊക്കെ പ്രവര്‍ത്തിച്ച വ്യക്തിയാണ് രാധാകൃഷ്ണ്. അതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു.-'പഠനശേഷം കുറച്ചുകാലം ഞാന്‍ സ്കുള് അധ്യാപകനായിരുന്നു. മണ്ണഴി കോട്ടപ്പുറം സ്കുളില്‍ രണ്ടുവര്‍ഷം അധ്യാപകനായിരുന്നു. കെപിടിയു എന്ന ഇടത് അധ്യാപക സംഘടനയുടെ സംസ്ഥാന കൗണ്‍സിലിലും പ്രവര്‍ത്തിച്ചു. അക്കാലത്താണ് കേരള യുക്തിവാദി സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്. കേരള യുക്തിവാദി സംഘത്തിന് അന്ന് പവനന് പ്രസിഡന്റായിരുന്നു സമയമായിരുന്നു. യു കലാനാഥന് മാഷായിരുന്നു സെക്രട്ടറി. അതിന്റെ സംസ്ഥാന കൗണ്‍സിലില്‍ ഉണ്ടായിരുന്നു. അതിന്റെ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവിലും ഉണ്ടായിരുന്നു. മലപ്പുറം ജില്ലയില്‍ വളരെ കാര്യമായ പ്രവര്‍ത്തനം നടത്തി.
അക്കാലത്തൊക്കെ യുക്തിവാദി പ്രവര്‍ത്തനം നടത്തായാല് ജീവന് തന്നെ നഷ്ടപ്പെടുന്ന ഒരുകാലമായിരുന്നു. അങ്ങനെ വലിയ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ഞാനും, സുഹൃത്ത് ശിവശങ്കരനും, കേരളാ യുക്തിവാദി സംഘത്തിന്റെ, മീറ്റിങ്ങുകള്‍ നാട്ടില്‍ സംഘടിപ്പിച്ചത്. അക്കാലത്ത് പ്രമുഖ യുക്തിവാദി നേതാക്കളായ കല്ലന്‍കോടന്‍ കുഞ്ഞീന്‍ സാഹിബ്, അബ്ദുല്‍ അലി മാസ്റ്റര്‍, ബി പ്രേമാനന്ദ്, എം ബി കെ ചിറക്കല്‍, തുടങ്ങിയ അക്കാലത്തെ അറിയപ്പെടുന്ന യുക്തിവാദി സംഘം നേതാക്കളെയൊക്കെ ഞങ്ങള്‍ കൊണ്ടുവന്ന് പരിപാടികള്‍ നടത്തി. അതിന്റെ ഭാഗമായി ധാരാളം വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്.
ഒരു പൊതുയോഗത്തില്‍, കല്ലേറുണ്ടായി. എന്റെ ഒരു സുഹൃത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്, അവസാന നിമിഷം കല്ലേറിനെപ്പറ്റി സൂചന കിട്ടിയത്. കല്ലേറ് തുടങ്ങിയ സമയം തന്നെ ഞാന്‍ അബ്ദുല്‍ അലി മാഷിനെയും, ചിറക്കലിനെയും, കുഞ്ഞീന്‍ സാഹിബിനെയുമെല്ലാം, കൂടി മതിലുചാടി ഓടി രക്ഷപ്പെട്ടു. അക്കാലത്ത് നാട്ടിലെന്നും വൈദ്യുതിയില്ല. പെട്രോമാക്സിന്റെ വെളിച്ചത്തിലാണ്, പൊതുയോഗം നടന്നിരുന്നത്. ബി പ്രേമാനന്ദിന്റെ ദിവ്യാത്ഭുത അനാവരണപരിപാടിയും, അലിമാഷിന്റെ പ്രസംഗവും ഒക്കെയുണ്ടായിരുന്നു. അക്കാലത്ത് യുക്തിവാദി സംഘത്തിന്റെ നേതാക്കള്‍ പലരും ഭയപ്പാടോടെയാണ് മലപ്പുറം ജില്ലയില്‍ വന്നിരുന്നത്. അന്നൊക്കെ, ഹൈന്ദവ മതത്തെക്കുറിച്ച് പറയാം. പക്ഷേ ഇസ്ലാമിനെക്കുറിച്ച് പറഞ്ഞാല്‍ അബുജാഹിലിന്റെ അനുഭവമാണ് നമുക്കുണ്ടാവുക. ജീവിതം അവിടെ തീരുമായിരുന്നു.
പക്ഷേ എന്നെ സ്നേഹിക്കുന്ന നല്ലവരായ ചില വിശ്വാസികളുടെ ഇടപെടല്‍ കൊണ്ടാണ് അന്ന് ജീവന് നഷ്ടമാവാതെ രക്ഷപ്പെട്ടത്. അവര്‍ക്ക് പ്രത്യക്ഷമായി എന്നെ സഹായിക്കാന്‍ കഴിയില്ലെങ്കിലും, പ്രശ്നം ഉണ്ടാവുമെന്ന് കേള്‍ക്കുമ്പോള്‍ അവര്‍ രഹസ്യമായി വിവരം തന്നും, രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കിത്തന്നും അവര്‍ സഹായിക്കും. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ ജീവനോടെ ഇരിക്കുന്നത്"- രാധാകൃഷ്ണന് പറയുന്നു.
അധ്യാപനത്തില്‍നിന്ന് പ്രവാസത്തിലേക്ക്
'അധ്യാപനകാലത്താണ് എനിക്ക് ബിസിനസിലേക്ക് ഉള്വിളിയുണ്ടാക്കുന്നത്. അക്കാലത്തെ് ഗള്ഫ്കാര് നാട്ടില്വരുമ്പോളുള്ള ഗരിമയും, പളപ്പുമൊക്കെ ആരെയും ആകര്‍ഷിക്കുന്നതാണ്. അക്കാലത്ത് 385 രൂപയായിരുന്നു ഒരു അധ്യാപകന്റെ ശമ്പളം. 1982 ആണ് കാലം. പക്ഷേ അത്രയൊന്നും വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ ഗള്‍ഫില്‍പോയി മടങ്ങിവരുമ്പോള്‍ അസൂയ തോന്നുമായിരുന്നു. അവര്‍ വിമാനയാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതും, അടിച്ചുപൊളിക്കുന്നതുമൊക്കെ കാണാം. അപ്പോള്‍ എന്നെപോലെ ആ പ്രായത്തിലുള്ള എല്ലാവര്ക്കും ഗള്‍ഫിലേക്ക് പോവാന്‍ കൊതിയായിരുന്നു. അങ്ങനെയാണ് ഗള്‍ഫിലേക്ക് പോകുന്നത്. സുഹൃത്ത് എ എന്‍ ഹംസയുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ബന്ധു, എം പി മരക്കാറാണ് എന്നെ ഗള്‍ഫിലേക്ക് കൊണ്ടുപോകുന്നത്.
പിന്നീട് അങ്ങോട്ട് ഒരു രണ്ടര വര്‍ഷം പ്രവാസ ജീവിതമായിരുന്നു. 29 വയസ്സുളളപ്പോഴാണ് ഞാന്‍ ഗള്‍ഫിലേക്ക് പോവുന്നത്. അവിടെ ചെന്നപ്പോഴാണ് പ്രവാസലോകത്തിന്റെ യഥാര്‍ത്ഥ ബുദ്ധിമുട്ടുകള്‍ അറിഞ്ഞത്. നാം നാട്ടില്‍ ധാരാളിത്തം കാണിച്ചിരുന്ന, അല്ലെങ്കില്‍ നാട്ടില്‍ നാം അസൂയയതോടെ നോക്കിയിരുന്ന പലരും ദുബായ് പോര്‍ട്ടില്‍ അല്ലെങ്കില്‍ അറബികളുടെ വീടുകളില്‍, കടകളില്‍ ഇവിടെയൊക്കെ കഠിനമായി തൊഴില്‍ എടുത്തിട്ടാണ്, അവര്‍ നാട്ടിലേക്ക് സമ്പാദ്യവുമായി രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ എത്തുന്നത്. അവരുടെ യാതനകള്‍ അവിടെപ്പോയപ്പോഴാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഒരു നല്ല ജോലി കിട്ടുക എന്നത് ഗള്‍ഫിലും എളുപ്പമായിരുന്നില്ല. അക്കാലത്ത് ഒരു വിസ സമ്പാദിക്കുക എന്നതുപോലും വളരെ പ്രയാസകരമായിരുന്നു. അങ്ങനെ എനിക്ക് ഒരു കൊള്ളാവുന്ന ജോലി സമ്പാദിച്ച് തരാന്‍ കഴിയാതായതോടെയാണ്, എന്നെ കൂട്ടിക്കൊണ്ടുപോയ മരക്കാര്‍, ജോലി തന്നത്. അദ്ദേഹം അവിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിന് ഉടമായിരുന്നു. എനിക്ക് തൊഴില്‍ തരാന്‍ വേണ്ടി അദ്ദേഹം, സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഒരു ബ്രാഞ്ച് ആരംഭിക്കുകകയും, അതിന്റെ ചുമതലക്കാരനായി എന്നെ നിയോഗിക്കയുമാണ് ഉണ്ടായത്. ബിസിനസ് എന്താണെന്നതിന്റെ പ്രാഥമിക പാഠം, മരക്കാറിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
നല്ലൊരു കച്ചവടക്കാരനാന് എംബിഎ എടുക്കേണ്ട കാര്യമൊന്നുമില്ല. ഏതൊരു സാധാരണക്കാരനില്‍നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാന്‍ ഉണ്ടാവും. ഞങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് അറബികള്‍ സ്ത്രീകളും കുട്ടികളുമായാണ് വരിക. പിന്നെ അവിടെ ഒരു 'നരനായാട്ടാണ്'. കുട്ടികള്‍ സാധനങ്ങള്‍ താഴെ വലിച്ചിടുകയും, പലതരത്തിലുള്ള ഉപദ്രവങ്ങളും നാശനഷ്ടങ്ങളും, ഉണ്ടാക്കുകയും ചെയ്യും. അതിനോടൊക്കെ വളരെ സൗമ്യമായി സമീപിക്കാനാണ് മരക്കാര്‍ പറഞ്ഞത്. ഇവര്‍ എന്തൊക്കെ വലിച്ചിട്ടാലും അതിന്റെ തുക കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. എറ്റവും കൂടുതല്‍ ലാഭം കിട്ടുന്നത്, ടോയ്സില്‍ നിന്നാണ്. 200 ശതമാനംവരെയുണ്ട് ലാഭം. അതേസമയം നിത്യോപയോഗ സാധനങ്ങള്‍ക്ക് ലാഭം തുഛമാണ്. അതുകൊണ്ട് ശരാശരി നോക്കുമ്പോള്‍ ടോയ്സ് വലിയ ലാഭമാവും. അവര്‍ വലിച്ചെറിഞ്ഞ സാധനങ്ങള്‍ ഉപേക്ഷിച്ച് അറബിപോവില്ല. അവര്‍ അതിന് പണം നല്‍കും. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും വൈകാരികമായി പ്രതികരിക്കരുതെന്ന് മരയ്ക്കാര്‍ പറഞ്ഞു. അത് ഇന്നും എന്റെ മനസ്സിലുണ്ട്. ഇത്തരം ചെറിയ ട്രിക്കുകള്‍ മതി കച്ചവടം നന്നായി കൊണ്ടുനടക്കാന്‍".
നാട്ടില്‍ ബിസിനസ് തുടങ്ങുന്നു
പ്രവാസ ജീവിതം അവസാനിപ്പിച്ച്, നാട്ടിലെത്തിയതിനെ തുടര്‍ന്നുണ്ടായ അനുഭവങ്ങള്‍ വി എം രാധാകൃഷ്ണന് ഇങ്ങനെ പറയുന്നു. "കഷ്ടി രണ്ടര വര്‍ഷമായിരുന്നു എന്റെ പ്രവാസ ജീവിതം. രണ്ടു വര്‍ഷം ആയപ്പോഴേക്കും മനംമടപ്പ് തോന്നി. എം പി മരക്കാര്‍ വളരെ നാളായി നാട്ടില്‍ ഒരു വ്യവസായ സ്ഥാപനം തുടങ്ങാന്‍ ആഗ്രഹിച്ച് നില്ക്കുന്ന ആളായിരുന്നു. അതിന് വിശ്വസ്തനായ ഒരാളെ അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നു. എന്റെ ചരുങ്ങിയകാലത്തെ അദ്ദേഹവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍, അദ്ദേഹം ആ നിയോഗം എന്നില്‍ ഏല്പ്പിക്കയാണുണ്ടായത്. നിങ്ങള്‍ നാട്ടില്പോവുമ്പോള് നമുക്ക് ആരംഭിക്കാന്‍ പറ്റിയ ഒരു വ്യവസായ സംരഭം കണ്ടുപിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘനാള്‍ ഇവിടെ തുടരാന്‍ എനിക്കും ആഗ്രഹമില്ല, നാട്ടില്‍ വന്ന് സെറ്റില്‍ ആകണമെന്നുണ്ടെന്നും മരക്കാര്‍ പറഞ്ഞു.
അങ്ങനെയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വ്യവസായ മേഖലയിലേക്ക് തിരിയുന്നത്. അന്നൊക്കെ നമ്മുടെ നാട്ടില്‍ പ്ലാസ്റ്റിക്ക് വ്യവസായം ആരംഭിക്കുന്നതേയുള്ളു. 87-ലെ തുടക്കത്തിലാണ് ആ കാലം. അന്ന് പ്ലാസ്റ്റിക്ക് പ്രൊഡക്്റ്റുകള് ബാംഗ്ലൂരില്‍നിന്നും, മദ്രാസില്നിന്നുമൊക്കെയാണ് വന്നുകൊണ്ടിരുന്നത്. ബ്രഡ്ഡുകളുടെ പാക്കിങ്ങും മറ്റുമായി ബന്ധപ്പെട്ട് പേരിനൊരു സ്ഥാപനം, തിരുവന്തപുരത്ത് ഉണ്ടായിരുന്നു. അപ്പോള്‍ പ്ലാസ്റ്റിക്ക് ബാഗുകള്പോലെ ഒരു സംവിധാനം കേരളത്തില്‍ കൊണ്ടുവന്നാല്‍ നന്നായിരിക്കും എന്ന് തോന്നി. തുടര്‍ന്ന് ബോംബെയിലും മറ്റും യാത്ര ചെയ്ത് അതേക്കുറിച്ച് പഠിച്ചു. ഈ വിവരം ഞാന്‍ മരക്കാര്‍ക്ക് കൈമാറി. അങ്ങനെ അദ്ദേഹവും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ചേര്‍ന്നാണ് മുതലിറക്കി, ഒരു വ്യവസായ സ്ഥാപനം തുടങ്ങിയത്. അതിന്റെ നടത്തിപ്പിന്റെ പൂര്‍ണ്ണ ചുമതല എനിക്കായിരുന്നു.
ഹെട്ടക്ക് പ്ലാസ്റ്റിക്ക് ഇന്‍ഡസ്ട്രീസ് എന്നാണ് ഇതിന് പേരിട്ടത്. ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങിലാണ് ഞാന്‍ പി കെ കുഞ്ഞാലിക്കുട്ടിയെയൊക്കെ പരിചയപ്പെടുന്നതും അടുക്കുന്നതും. അദ്ദേഹത്തിന് എന്നെക്കുറിച്ചും എനിക്ക് തിരിച്ചും ഒരു മതിപ്പ് തോന്നാനുള്ള അവസരം അവിടെവെച്ചുണ്ടായി. അന്നത്തെ വ്യവസായ മന്ത്രിയായ കെ ആര് ഗൗരിയമ്മ, ആര്യാടന് മുഹമ്മദ്, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയ പ്രമുഖരായ ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്റെ നാടായ മണ്ണഴി കോട്ടപ്പുറം വളരെ ആഘോഷപൂര്‍വമാണ് ആ ഉദ്ഘാടന ചടങ്ങിനെയും ഫാക്ടറിയെയും വരവേറ്റത്. മലപ്പുറം ജില്ലയിലെ തന്നെ അത്തരത്തിലുള്ള ആദ്യത്തെ വ്യവസായ സ്ഥാപനം ആയിരുന്നു അത്. പിന്നീട് അത് നാലോ അഞ്ചോ യൂണിറ്റുകള്‍ ആയി മാറി നല്ല നിലക്ക് വളര്‍ന്നു. ഈ യുണിറ്റില്‍ ഞാന്‍ കുറച്ചുകാലമേ ഉണ്ടായിട്ടുള്ളു. അതിനുശേഷമാണ് സ്വന്തം നിലക്കുള്ള ചെറിയ ചെറിയ വ്യാപരങ്ങളിലുടെ എന്റെ ബിസിനസ് ജീവിതം ആരംഭിക്കുന്നത്."- രാധാകൃഷ്ണന് വ്യക്തമാക്കി.
…